കൊല്ലം : കാറിന്റെ ബോണറ്റിനുള്ളിൽ രണ്ടുദിവസം കുടുങ്ങിക്കിടന്ന ഒരുമാസം പ്രായമുള്ള നായ്ക്കുട്ടിയെ കടപ്പാക്കട അഗ്നിശമനസേന രക്ഷപ്പെടുത്തി.

മുണ്ടയ്ക്കൽ സ്വദേശിയുടെ കാറിലാണ് രണ്ടുദിവസം മുൻപ് നായ്ക്കുട്ടി കുടുങ്ങിയത്. വീട്ടുകാർ രണ്ടുദിവസമായി കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നെങ്കിലും എവിടെനിന്നാണെന്ന് കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് കരച്ചിൽ കാറിനുള്ളിൽനിന്നുതന്നെയെന്നുറപ്പിച്ചത്. ഉടൻ തന്നെ ഇവർ കാറുമായി കടപ്പാക്കട അഗ്നിരക്ഷാനിലയത്തിലെത്തി.

ബോണറ്റ് തുറന്ന് ബാറ്ററി ഊരിമാറ്റിയപ്പോൾ എൻജിനടുത്ത് എ.സി.യോട് ചേർന്നാണ് കൂസലില്ലാതെയിരിക്കുന്ന നായ്ക്കുട്ടിയെ കണ്ടത്.

രണ്ടുദിവസം ഓടിയ കാറിന്റെ ബോണറ്റിനുള്ളിൽ എൻജിനോട് ചേർന്നിരുന്നിട്ടും കാര്യമായ പരിക്കൊന്നും പറ്റിയില്ല. അരമണിക്കൂർ പണിപ്പെട്ട് ഒൻപതുമണിയോടെയാണ് അഗ്നിശമന സേനാംഗങ്ങൾ നായ്ക്കുട്ടിയെ പുറത്തെടുത്തത്.

ചൊവ്വാഴ്ച രാവിലെ മുണ്ടയ്ക്കലിൽ മതിൽ ചാടിക്കടക്കുന്നതിനിടെ കമ്പിയിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങിക്കിടന്ന തെരുവുനായയെയും കടപ്പാക്കട അഗ്നിശമനസേന രക്ഷപ്പെടുത്തിയിരുന്നു. അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സഹാ യത്തോടെ മയക്കിയതിനുശേഷമാണ് നായയുടെ കാൽ വേർപെടുത്തിയത്.

Content Highlights: Fire force rescued a Puppy from a car bonnet