കേരളത്തിൽ എത്തുന്ന ദേശാടകരായ കടൽക്കാക്കകളിൽ അഴകാർന്ന പക്ഷിയാണ് വലിയ കടൽക്കാക്ക (Pallas's Gull). കടൽത്തീരങ്ങളും അഴിമുഖങ്ങളുമാണ് ഇഷ്ടപ്പെട്ട ആവാസങ്ങൾ. എങ്കിലും വലിയ പുഴകളിലും ഉൾനാടൻ ജലാശയങ്ങളിലും ഇതിനെ കാണാറുണ്ട്.

* സഞ്ചാരരീതി: ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കും. ചില കൂട്ടങ്ങളിൽ നൂറു കണക്കിന് പക്ഷികളെ കാണാം. ചെറിയ കടൽക്കാക്ക, തവിട്ടു തലയൻ കടൽക്കാക്ക, സൂചിക്കൊക്കൻ കടൽക്കാക്ക, കടൽ ആളകൾ മുതലായ പക്ഷികൾ ഒപ്പം കൂടാറുണ്ട്. സെപ്റ്റംബർ മുതൽ ഏപ്രിൽവരെ കേരളത്തിൽ തങ്ങും.

* ഇഷ്ടരാജ്യങ്ങൾ: ഇന്ത്യയെ കൂടാതെ പാകിസ്താൻ, ശ്രീലങ്ക, ബഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും ഇതു വിരുന്നു വരാറുണ്ട്. 1980-ൽ കസാഖ്സ്താനിൽവെച്ച് കാലിൽ വളയമിട്ടു വിട്ട ഒരു പക്ഷിയെ 1981-ൽ മുംബൈയിൽ കണ്ടെത്തിയിരുന്നു. അതേപോലെ റഷ്യയിൽ വെച്ച് 1981-ൽ വളയമിട്ടു വിട്ട ഒരു പക്ഷി 1982-ൽ ഗുജറാത്തിൽ എത്തിയതായി സ്ഥിരീകരിച്ചിരുന്നു.

* ആഹാരം: മത്സ്യങ്ങളാണ് മുഖ്യാഹാരം. ചെറുസസ്തനികളെയും ചെമ്മീനുകളെയും മറ്റു കടൽ ജീവികളെയും ഭക്ഷിക്കാറുണ്ട്. പറക്കുന്ന പ്രാണികളെ വായുവിൽ വെച്ചുതന്നെ പിടിച്ചുതിന്നാൻ സമർഥനാണ്. മറ്റു പക്ഷികൾ പിടിച്ച ഇരയെ അവയുടെ കൊക്കിൽനിന്നു തട്ടിപ്പറിച്ചെടുക്കുന്ന ശീലമുണ്ട്.

* പീറ്റർ പല്ലാസ്: ജർമനിയിൽ ജീവിച്ചിരുന്ന പ്രശസ്ത ജന്തുശാസ്ത്രജഞനായ പീറ്റർ പല്ലാസിന്റെ ഓർമയ്ക്കായാണ് ഈ പക്ഷിക്ക് ഇംഗ്ലീഷിൽ പല്ലാസ് കടൽക്കാക്ക എന്ന പേര് നൽകിയത്. മീൻ പരുന്ത് എന്നാണ് ഇതിന്റെ ശാസ്ത്രനാമത്തിന്റെ അർഥം.

* കൂടുകൂട്ടൽ: മധ്യ ഏഷ്യൻ രാജ്യങ്ങളിലും ഏഷ്യയുടെ പടിഞ്ഞാറു ഭാഗങ്ങളിലുമാണ് ഏഷ്യയിൽ കാണുന്ന പക്ഷികൾ കൂടുകൂട്ടുന്നത്. കൂട്ടമായിട്ടാണ് കൂടുനിർമാണം. ജൂൺ, ജൂലായ് മാസങ്ങളിലാണ് മുഖ്യ പ്രജനന കാലം. പുല്ല് കൂനയായി വെച്ചാണ് കൂടുനിർമാണം. ഒരു കൂട്ടിൽ രണ്ടോ മൂന്നോ മുട്ടയിടും. മുട്ടയ്ക്ക് ഇളംനീല നിറമോ ഇളംപച്ച നിറമോ ഇളം മഞ്ഞ നിറമോ ആയിരിക്കും. മുട്ടയുടെ പുറത്ത് തവിട്ടുനിറത്തിലോ ഇരുണ്ട നിറത്തിലോ ഉള്ള പാടുകളും പുള്ളികളും കാണാം. ആണും പെണ്ണും അടയിരിക്കാറുണ്ട്.

* തിരിച്ചറിയാം: കണ്ണിന്റെ മീതെയും കീഴെയും കാണുന്ന ഓരോ ചന്ദ്രക്കല നോക്കി ഈ പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയാം. ദേഹത്തിനു മിക്കവാറും വെളുത്ത നിറമാണ്. ചിറകുകൾക്ക് ഇളം ചാരനിറവും. എന്നാൽ, പ്രജനന കാലത്ത് ഇതിന്റെ ശിരസ്സിന്റെയും കഴുത്തിന്റെയും നിറം ഇരുണ്ടതായി മാറും.

Content Highlights: Facts bout Pallas's Gull for kids