രന്ന മുഖവും ഉണ്ടക്കണ്ണുമുള്ള മൂങ്ങാക്കുട്ടന്മാരെ കൂട്ടുകാര്‍ക്കറിയുമോ?  പകലുറക്കക്കാരെന്നും രാത്രി സഞ്ചാരിയെന്നുമെല്ലാം പേരുകേട്ട ഇവരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും കാണാം. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുന്നുണ്ടെങ്കിലും ഇവര്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ ചില്ലറക്കാരല്ല. 

ലോകത്താകെ 200-ല്‍പ്പരം ഇനം മൂങ്ങകളാണുള്ളത്. കാട്ടിലും മേട്ടിലും മരുഭൂമിയിലും തുടങ്ങി അങ്ങ് അന്റാര്‍ട്ടിക്കയില്‍ വരെ ഇക്കൂട്ടരെ നമുക്ക് കാണാം. മറ്റു പക്ഷികളൊക്കെ സ്വന്തമായി കൂടുണ്ടാക്കി കുടുംബമായി ജീവിക്കുന്നുണ്ടെങ്കിലും നമ്മുടെ മൂങ്ങകള്‍ക്ക് ആ സമ്പ്രദായത്തോട് വലിയ താല്‍പ്പര്യമില്ല. ഏതെങ്കിലും മരപ്പൊത്തോ കിളിക്കൂടുകളോ ഒഴിഞ്ഞ് കിടക്കുന്നുണ്ടെങ്കില്‍ അവിടം സ്വന്തം വാസസ്ഥലമാക്കും ആശാന്‍. 

തലതിരിഞ്ഞവന്‍/വള്‍ എന്ന പേര് ഏറ്റവുമധികം ചേരുന്ന പക്ഷി കൂടിയാണ് മൂങ്ങ. തമാശയല്ല, ഇവര്‍ക്ക് സ്വന്തം തല 250 ഡിഗ്രി വരെ തിരിക്കാന്‍ കഴിയും. കാണാന്‍ നല്ല വലിയ ഉണ്ടക്കണ്ണുകളുണ്ടെങ്കിലും അടുത്തുള്ള വസ്തുക്കളൊന്നും കാണാന്‍ മൂങ്ങയ്ക്ക് കഴിയില്ല. എന്നാല്‍ ദൂരൈയുള്ളവയെ വളരെ വേഗത്തില്‍ കണ്ടുപിടിക്കാനും സാധിക്കും. നാലു വര്‍ഷം വരെയാണ് സാധാരണ മൂങ്ങകളുടെ ജീവിത കാലയളവ്. 

രാത്രിയിലാണ് ഇവര്‍ പുറത്തിറങ്ങുക. രാത്രയിലെ ഈയൊരു ഒറ്റപ്പറക്കത്തിലൂടെ തങ്ങള്‍ക്ക് വേണ്ടുന്ന ഭക്ഷണങ്ങളെല്ലാം ഇവ ശേഖരിക്കും. മത്സ്യം, അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയാണ് പ്രധാനമായും ഇവയുടെ ഭക്ഷണം. സ്വതവേ വെള്ളം കുടിക്കാന്‍ മടിയന്മാരാണ് മൂങ്ങകള്‍. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് അവരുടെ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുന്നത് കൊണ്ടാണിത്. മൂങ്ങകള്‍ വെള്ളം കുടിക്കുന്നില്ലെന്ന് കരുതി കൂട്ടുകാര്‍ അങ്ങനെയൊന്നും ചെയ്യല്ലേ... കൃത്യ സമയത്ത് നല്ല ഭക്ഷണവും വെള്ളവുമൊക്കെ ശീലമാക്കി ആരോഗ്യത്തോടെ ഇരിക്കണം കേട്ടോ...

Content Highlights: facts abouts Owls, birds