മ്മുടെ ദേശീയ, സംസ്ഥാന പാതകളിൽ കാൽനടക്കാർക്ക് റോഡുകടക്കാനായി കറുപ്പും വെള്ളയും നിറമുള്ള സീബ്ര ക്രോസിങ്ങുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? ഈ സീബ്രയെന്ന് പറയുന്നത് ഒരു മൃഗമാണെന്നും കൂട്ടുകാർക്കറിയാമായിരിക്കും. ശരീരത്തിൽ നിറയെ കറുപ്പും വെളുപ്പും വരകളുള്ള ഇവയെ വരയൻ കുതിരകളെന്നാണ് മലയാളത്തിൽ വിളിക്കുന്നത്. ഇക്കൂട്ടരുടെ ചില വിശേഷങ്ങളറിഞ്ഞാലോ?

* ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള ജീവികളിലൊന്നായാണ് വരയൻ കുതിരകൾ അറിയപ്പെടുന്നത്. ലോകത്ത് പ്രധാനമായും മൂന്ന് വരയൻ കുതിര വർഗങ്ങളാണുള്ളത്. ഇവ മൂന്നും ആഫ്രിക്കൻ വൻകരയിലാണ് കാണപ്പെടുന്നത്. കുതിര, കഴുത എന്നിവയുടെ വർഗത്തിൽപ്പെട്ട ജീവിയാണിവ. നമ്മുടെ കൈവിരലടയാളം പോലെ ഓരോ കുതിരയുടെ പുറത്തുള്ള വര മറ്റൊന്നിൽ നിന്ന് വ്യത്യസ്തമായിരക്കും. ശരീരത്തിലെ ഈ വരകൾ പലപ്പോഴും ഇവയെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാറുണ്ട്. അതിന് പുറമേ ശരീരത്തിലടിക്കുന്ന സൂര്യതാപത്തിന്റെ 70 ശതമാനത്തിൽ നിന്നും രക്ഷനേടാൻ ഈ വരകൾ സഹായിക്കുന്നുണ്ട്.

* നല്ല കാഴ്ചശക്തിയും കേൾവി ശക്തിയുമുള്ള ജീവികളാണിവ. രാത്രികാഴ്ചയും ഇവയുടെ പ്രത്യേകതയാണ്. ഇതിനൊപ്പം നല്ല ഘ്രാണ ശക്തിയും രുചിയറിയാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. എപ്പോഴും കൂട്ടമായി കാണപ്പെടാറുള്ള ജീവികളാണിവ. പൂർണമായും സസ്യഭുക്കുകളായ ഇവ ദിവസത്തിന്റെ സിംഹഭാഗവും കാട്ടിലൂടെ മേഞ്ഞ് നടക്കാറാണുള്ളത്. ഭക്ഷണത്തിനും വെള്ളത്തിനുമായി എത്ര കിലോമീറ്റർ വേണമെങ്കിലും താണ്ടാൻ ഇവയക്ക് മടിയില്ല. കൂട്ടമായാകും ഈ യാത്രകളെല്ലാം. വേഗതയാണ് ഇവരുടെ മറ്റൊരു പ്രത്യേകത. മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിൽ ഓടാൻ ഇവർക്ക് സാധിക്കും.

* ചെവി നോക്കി ഇവയുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ സാധിക്കും. ചെവി നേരെയാണെങ്കിൽ അവർ ശാന്തരാണെന്നും മുന്നോട്ട് തള്ളി നിൽക്കുകയാണെങ്കിൽ ഒരൽപം പേടിച്ചിരിക്കുകയാണെന്നുമാണ് അർഥം. 300 കിലോഗ്രാം വരെ ഭാരവും 2 മീറ്റർ വരെ നീളവുമുണ്ടാകും ഇവയ്ക്ക്. പലപ്പോഴും ഇവയുടെ കൂട്ടത്തെ സിംഹം, പുള്ളിപ്പുലി, ചീറ്റപ്പുലി തുടങ്ങിയ ജീവികൾ വേട്ടയാടും. അപ്പോഴൊക്കെ വേഗതയിവർക്ക് തുണയാകാറുണ്ട്.

* ഒറ്റനോട്ടത്തിൽ കാണുന്നത്ര പാവമൊന്നുമല്ല ഇക്കൂട്ടർ. പെൺ കുതിരകളുമായി ഇണചേരാനായി മറ്റ് വരയൻ കുതിരകളെ ആക്രമിക്കാറുണ്ടിവ. നിന്ന നിൽപ്പിൽ ഉറങ്ങാൻ സാധിക്കുന്ന ജീവി കൂടിയാണ് വരയൻ കുതിരകൾ. ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന പല്ലുകൾക്ക് ഉടമകൾ കൂടിയാണിവർ. നിരന്തരം ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിനാൽ തേയുന്ന പല്ലുകളുടെ പ്രശ്നമില്ലാതാക്കാൻ പല്ലിന്റെ വളർച്ച സഹായിക്കും.

* എല്ലാ വരയൻ കുതിര കൂട്ടങ്ങളിലും നേതാവായി ഒരു ആൺകുതിരയുണ്ടാകും. പെൺകുതിരകളാണ് പുതിയ തലമുറയ്ക്ക് ജന്മം നൽകുന്നത്. പുതിയതായി ഉണ്ടാകുന്ന കുട്ടികൾ ആണാണെങ്കിൽ അവ ഒരു വയസ്സാകുമ്പോഴേക്കും ആൺ വരയൻ കുതിരകളുടെ കൂട്ടത്തിലേക്ക് പോകും. ജനിച്ചു വീഴുന്ന വരയൻ കുതിര കുട്ടികൾക്ക് മണിക്കൂറുകൾക്കകം ഓടാനും ചാടാനും സാധിക്കും. 12 മാസം വരെയാണ് ഇവയുടെ ഗർഭകാലയളവ്. ഒറ്റ പ്രസവത്തിൽ ഒരു കുട്ടിയാണുണ്ടാവുക. ഇവ ചിലപ്പോൾ കഴുതകളുമായും കുതിരകളുമായും ഇണചേരാറുണ്ട്. 25 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

Content Highlights: Facts about zebra for kids