ല്ല കളർഫുള്ളായ തൂവലുകളും തലയിൽ ത്രികോണത്തിലുള്ള ചെറു കിരീടവും കുഞ്ഞിക്കൊക്കുമൊക്കെയായി നമ്മുടെ മരങ്ങളിൽ വന്നിരിക്കുന്ന മരംകൊത്തികളെ കൂട്ടുകാർക്കറിയാമല്ലോ? വളരെയേറെ പ്രത്യേകതകളുള്ള ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിഞ്ഞാലോ?

* ധാരാളം മരങ്ങളുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും മരംകൊത്തികളെ കാണാറുള്ളത്. മരത്തടിയിൽ കൊക്കുകൊണ്ട് കൊത്തി ചെറുപൊത്തുകളുണ്ടാക്കുന്നതിനാലാണ് ഇവർക്കീ പേര് വീണത്. മരത്തടിക്കുള്ളിലെ ചെറു പ്രാണികളേയും ജീവികളേയുമെല്ലാം അകത്താക്കാനാണ് ഇവയിങ്ങനെ മരംകൊത്തുന്നത്. ഇവയിലേറെപ്പേരും കൂടുണ്ടാക്കുന്നത് മരത്തടിയിലാണ്.

* ലോകത്താകമാനം 200-ൽപ്പരം മരംകൊത്തി വർഗങ്ങളുണ്ടെന്നാണ് കണക്ക്. ഇംപീരിയൽ വുഡ്പെക്കർ, ഐവറി-ബിൽഡ് വുഡ്പെക്കർ എന്നിവയാണ് ഇക്കൂട്ടത്തിലെ ഭീമന്മാർ പക്ഷേ അവയ്ക്ക് വംശനാശം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. വെളുപ്പും കറുപ്പും ഇടകലർന്ന തൂവലുകളാണ് ഇവയുടേത്. തലയുടെ ഭാഗത്തും ചിറകുകളിലും ചുവപ്പും മഞ്ഞ നിറവും കാണപ്പെടാറുണ്ട്. 8 മുതൽ 56 സെന്റീമീറ്റർ വരെ വലിപ്പമേ സാധാരണ ഇവയ്ക്കുണ്ടാകാറുള്ളൂ.

* ഇവയുടെ കാലുകളിലെ രണ്ടു വിരലുകൾ മുന്നിലേക്കും രണ്ടെണ്ണം പിന്നിലേക്കുമാണിരിക്കുന്നത്. മരത്തടിയിൽ അനായാസേന പിടിച്ചിരിക്കാൻ ഈ പ്രത്യേകത അവരെ സഹായിക്കുന്നുണ്ട്. അതിന് പുറമേ ഇവയുടെ ശരീരത്തിന്റെ അഗ്രഭാഗത്തെ കട്ടിയേറിയ തൂവലുകൾ ദീർഘനേരം ഒരേ നിലയിൽ നിൽക്കാൻ ഇവരെ സഹായിക്കുന്നു. നീളം കുറവാണെങ്കിലും നല്ല കട്ടിയേറിയ മൂർച്ചയുള്ള കൊക്കാണ് ഇവരുടേത്. അതുപയോഗിച്ച് മരത്തടി കൊത്തി അതിനുള്ളിലെ പ്രാണികളെ നല്ല നീളവും പശപശപ്പുമുള്ള നാവുപയോഗിച്ച് എളുപ്പത്തിൽ അകത്താക്കാനും ഇവർക്ക് സാധിക്കുന്നു.

* ഏറെനേരം കട്ടിയേറിയ മരത്തടിയിൽ കൊത്തുമ്പോൾ തലച്ചോറിന് ക്ഷതമേൽക്കില്ലേയെന്ന ടെൻഷനൊന്നും ഇവർക്കില്ല. കാരണമെന്താണന്നല്ലേ? ക്ഷതമേൽക്കാത്ത രീതിയിലാണ് ഇവരുടെ തലച്ചോർ നിർമിച്ചിട്ടുള്ളത് തന്നെ. തലയെ അപേക്ഷിച്ച് വളരെ ചെറിയ തലച്ചോറാണ് ഇവയുടേത്. അതിനെ സംരക്ഷിക്കുന്ന തലയോട്ടിക്കുള്ളിൽ അതിയായ പ്രഹരങ്ങളെ വലിച്ചെടുക്കാനായി സ്പോഞ്ച് രൂപത്തിലുള്ളൊരു ഘടനയുണ്ട്. കൂടാതെ തലച്ചോറിനെ നിർദ്ദിഷ്ട സ്ഥാനത്ത് ഉറപ്പിച്ച് നിർത്താൻ ഹയോയിഡ് അസ്ഥികളുമുണ്ട്. പോരാത്തതിന് ഇവയുടെ താഴത്തെ കൊക്കിനാണ് മുകളിലത്തെ കൊക്കിനെക്കാൾ നീളം. അപ്പോൾ ശക്തിയായി കൊത്തുമ്പോഴുള്ള ആഘാതം തലയിലേക്ക് എത്തില്ല.

* മിശ്രഭുക്കുകളായ ഇവ ചെറുപ്രാണികളേയും പഴങ്ങളും വിത്തുകളുമെല്ലാം അകത്താക്കും. കൂട്ടമായി ജീവിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ജീവികളാണിവ. ഒരു സെക്കൻഡിൽ 20 തവണ വരെ മരംകൊത്താൻ ഇവർക്ക് സാധിക്കും. ഒരിക്കൽ ഇണചേർന്നു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അവർക്കൊപ്പമാകും ഇവ ജീവിക്കുക. രണ്ടുമുതൽ അഞ്ച് മുട്ടകള്‍ വരെ ഒരു പെൺപക്ഷിയിടും. ഇത് വിരിയാൻ 11 മുതൽ 14 ദിവസം വരെയെടുക്കും. നാലു മുതൽ 12 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.

Content Highlights: Facts about woodpecker for kids