മയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയത്തിന്റെ കഥ കൂട്ടുകാർക്കെല്ലാം അറിയാമല്ലോ? സ്വതവേ വേഗക്കാരനായ മുയലിനെ മടികൂടാതെയുള്ള തന്റെ പരിശ്രമം കൊണ്ട് തോൽപ്പിച്ച ആമയെക്കുറിച്ച് കുറച്ച് കാര്യങ്ങളറിഞ്ഞാലോ?

* കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ജീവികളാണ് ആമകൾ. അന്റാർട്ടിക്കയിലെ ധ്രുവ പ്രദേശങ്ങളൊഴികെ ലോകത്തിന്റെ ഏതു ദിക്കിലും നമുക്ക് ആമകളെക്കാണാം. ഏതു കാലാവസ്ഥയോടും പൊരുത്തപ്പെടാനാകുന്ന ആമകളുടെ കഴിവാണ് ഇതിന് സഹായിക്കുന്നത്.

* കടലാമകളും കരയാമകളുമുണ്ട്. കരയാമകൾക്ക് നീന്താനുള്ള കഴിവുണ്ടായിരിക്കില്ല. എങ്കിലും വെള്ളത്തിലിറങ്ങിയാൽ ഏറെനേരം ശ്വാസം പിടിച്ചുവെക്കാൻ ഇവയ്ക്ക് സാധിക്കും. പൂർണമായും സസ്യഭുക്കുകളായിരിക്കും ഇക്കൂട്ടർ. ഇവയുടെ പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും. എന്നാൽ കടലാമകളുടെ പുറംതോടിന് അത്ര കട്ടിയുണ്ടായിരിക്കില്ല. കൂടാതെ ഇവയ്ക്ക് കരയിലും വെള്ളത്തിലും സഞ്ചരിക്കാൻ സാധിക്കും. അതിനനുയോജ്യമായ കാലുകളാണ് അവയ്ക്കുള്ളത്. 60 അസ്ഥികൾ ചേർന്നാണ് ആമകളുടെ പുറന്തോട് നിർമിച്ചിരിക്കുന്നത്. തല, കാൽ, വാൽ തുടങ്ങിയ അവയവങ്ങളെല്ലാം ഈ തോടിനുള്ളിലാക്കാൻ ആമകൾക്കാകും.

* കട്ടിയുള്ള പുറംതോടിനെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒരുതരം ആവരണവുമുണ്ട്. ഈ ആവരണത്തിന് പുറത്തുള്ള വളയങ്ങളുടെ എണ്ണം കൊണ്ട് ആമകളുടെ പ്രായം മനസ്സിലാക്കാം. നല്ല ചൂടുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആമകളാണെങ്കിൽ അവയുടെ പുറന്തോടിന് ഇളം നിറമാകുമുണ്ടാവുക. ചൂടു കുറഞ്ഞ പ്രദേശങ്ങളിൽ നിന്നുള്ള ആമകളുടെ തോടിന് കറുപ്പ്, കാപ്പിപ്പൊടി പോലെയുള്ള കടും നിറങ്ങളും. ശ്വാസകോശത്തിലെ മുഴുവൻ വായുവും പുറത്തു കളഞ്ഞിട്ടാകും ഇവ തോടിനുള്ളലേക്ക് തല വലിക്കുന്നത്. ചെറു സ്പർശം പോലും തിരിച്ചറിയാൻ ഇവയുടെ തോടുകൾക്കാകും.

* തൊണ്ടയുപയോഗിച്ച് എത്ര രൂക്ഷമായ ഗന്ധവും തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ ഇവയ്ക്ക് പല്ലില്ല. വായ്ക്കുള്ളിലെ കട്ടിയേറിയ ഭാഗമുപയോഗിച്ചാണ് ഇവ ഭക്ഷണം കഴിക്കുന്നത്. മറ്റു ജീവജാലങ്ങൾക്കുള്ള പോലെയുള്ള ചെവി ആമയ്ക്കില്ല. തലയുടെ ഇരുവശത്തുമുള്ള ചെറുദ്വാരങ്ങളാണ് ഇവയുടെ ചെവി. കടും നിറങ്ങൾ പലപ്പോഴും ആമകളെ അലോസരപ്പെടുത്താറുണ്ട്.

* തറയിൽ നിന്ന് ചൂടു വലിച്ചെടുക്കാൻ ആമകളുടെ കാലുകൾക്കാകും. കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ശരീരത്തിനാവശ്യമായ പദാർഥങ്ങൾ വേർതിരിച്ചെടുക്കാനും ഇവയ്ക്ക് കഴിയും. മാലിന്യങ്ങളിൽ നിന്നുപോലും വെള്ളം വലിച്ചെടുക്കാൻ കഴിയുന്നവരാണ് ആമകൾ. പ്രത്യേക വലിപ്പത്തിലെത്തിയ ശേഷം മാത്രമേ ആമകൾ ആണാണോ പെണ്ണാണോയെന്ന് കണ്ടെത്താനാകൂ. എങ്കിലും പുറന്തോടിന്റേയും വാലിന്റേയും പ്രത്യേകതകൾ വെച്ചും ഇത് കണ്ടെത്താം. പെണ്ണാമകൾക്ക് ആൺ ആമകളെക്കാൾ വലിപ്പമുണ്ടായിരിക്കും. ആൺ ആമകളില്ലെങ്കിലും പെണ്ണാമകൾക്ക് മുട്ടയിടാൻ സാധിക്കും. ഒറ്റത്തവണ 30 മുട്ടകൾ വരെയിടാൻ ഇവയ്ക്ക് കഴിയും. 90-250 വയസ്സുവരെയാണ് ആമകളുടെ ശരാശരി ആയുസ്.

Content Highlights: Facts About Tortoise, Turtle for kids