ന്ന് അന്തർദേശീയ കടുവദിനം. വന്യജീവി ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജീവിയാണ് ഇന്ത്യയുടെ ദേശീയമൃഗം കൂടിയായ കടുവകൾ. ഒറ്റയാനായി കാട്ടിൽ വിഹരിക്കാനിഷ്ടപ്പെടുന്ന കടുവകളെക്കുറിച്ച് ചില വിവരങ്ങളറിയാം.

* പൂച്ചവർഗത്തിൽപ്പെട്ട ഏറ്റവും വലിയ ജീവിയാണ് കടുവകൾ. 3.3 മീറ്റർ നീളവും 300 കിലോഗ്രാം വരെ ഭാരവുമുണ്ടാകും ഓരോ കടുവകൾക്കും. പൊതുവേ ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആൺ-പെൺ കടുവകൾ ഇണചേരാൻ വേണ്ടിമാത്രമാണ് കണ്ടുമുട്ടുന്നത്. സുമാത്രൻ, സൈബീരിയൻ, ബംഗാൾ, മലയൻ, ഇൻഡോ ചൈനീസ്, സൗത്ത് ചൈന കടുവ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കടുവ വർഗങ്ങൾ. ഇവയ്ക്ക് പുറമേയുണ്ടായിരുന്ന കാസ്പിയൻ, ബാലി, ജവാൻ തുടങ്ങിയ കടുവ വർഗങ്ങൾക്ക് വംശനാശം സംഭവിച്ചു.

* രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് വേട്ടയാടാൻ താൽപ്പര്യപ്പെടുന്നവരാണ് കടുവകൾ. രണ്ടു വയസുവരെ മാത്രമാണ് ഇവ അമ്മമാർക്കൊപ്പം താമസിക്കുന്നത്. 100-112 ദിവസം വരെയാണ് കടുവകളുടെ ഗർഭകാലയളവ്. ഒറ്റ പ്രസവത്തിൽ 2-3 കടുവക്കുട്ടികൾ ജനിക്കും. ജനിക്കുന്ന സമയത്ത് ഇവയ്ക്ക് കാഴ്ചയുണ്ടാകില്ല. കടുവകൾക്കുള്ളിലെ അപൂർവ വിഭാഗമായ വെള്ളക്കടുവകളുടെ ആ നിറത്തിന് കാരണം ശരീരത്തിലെ ഒരു പ്രത്യേകത ജീനാണ്. 10,000-ൽ ഒരു കടുവയ്ക്ക് മാത്രമാകും അത്തരമൊരു ജീനുണ്ടാവുക.

* കായികമായി ഏറെ സവിശേഷതകളുള്ള ജീവികൂടിയാണിവ. വളരെ വേഗതയിൽ ഓടാൻ സാധിക്കുന്ന മൃഗമാണ് കടുവകൾ. മണിക്കൂറിൽ 65 കിലോമീറ്റർ വേഗയിൽ വരെ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. ഇതിന് പുറമേ മികച്ച നീന്തൽക്കാർ കൂടിയാണ് ഇവ. ഒറ്റത്തവണ ആറു കിലോമീറ്റർ ദൂരം വരെ നീന്താൻ കഴിയുന്നതിന് പുറമേ അഞ്ച് മീറ്റർ ദൂരത്തേക്ക് വരെ ഒറ്റക്കുതിപ്പിൽ ചാടാനും ഇവർക്കാകും. ഓരോ കടുവകളുടേയും ശരീരത്തിലെ വരകൾ കാഴ്ചയിൽ ഒരേ പോലെ തോന്നുമെങ്കിലും വ്യത്യസ്തമായിരിക്കും. ഒരു കടുവയ്ക്ക് കുറഞ്ഞത് 100 വരകളെങ്കിലുമുണ്ടാകും.

* പൂർണമായും മാംസഭോജികളാണ് കടുവകൾ. മാൻ, പന്നി, കാട്ടുപോത്ത് തുടങ്ങിയ ജീവികളാണ് ഇവയുടെ ഇഷ്ടഭക്ഷണം. വളരെവേഗം പെറ്റുപെരുകുന്ന സസ്യഭുക്കുകളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജീവികളാണിവ.ഒറ്റയിരുപ്പിൽ 21 കിലോഗ്രാം മാസം വരെ തിന്നുതീർക്കാൻ ഇവയ്ക്കാകും. ഇവയുടെ ശബ്ദം മൂന്നുകിലോമീറ്റർ ദൂരത്തിൽ വരെ മുഴങ്ങിക്കേൾക്കാം. ലക്ഷണക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ലോകത്ത് കടുവകൾ ജീവിച്ചിരുന്നെന്നാണ് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത്. 15 വർഷം വരെയാണ് കടുവകളുടെ ശരാശരി ആയുസ്സ്. കാഴ്ചബംഗ്ലാവ് പോലെയുള്ള സംരക്ഷിത സാഹചര്യങ്ങളിൽ വളരുന്നവ 20 വയസ്സുവരെ ജീവിച്ചിരിക്കാറുണ്ട്.

* സിംഹങ്ങളുമായി കടുവകൾ ഇണചേരുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കരയിനം ജീവികളാണ് ടൈഗണും ലൈഗേർസും. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, ഉത്തര കൊറിയ, ദക്ഷണ കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടേയും ദേശീയ മൃഗമാണ് കടുവകൾ.

Content Highlights: Facts about tigers for kids, International Tiger day