ണ്ടക്കണ്ണുകൊണ്ട് ഒറ്റ നോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിലേക്ക് ചാടിക്കയറുന്ന അണ്ണാറക്കണ്ണന്മാർ. ഇവർ കൂട്ടുകാരെ കുറച്ചൊന്നുമല്ലല്ലോ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകുക. ഒന്നു തൊടാനായി അടുത്തേക്ക് പോകുമ്പേഴേക്കും വാലും കുലുക്കി വേഗത്തിൽപ്പായുന്ന ഈ സൂത്രക്കാരൻ കാഴ്ചയിൽ ചെറുതാണെങ്കിലും ഒരുപാട് കഴിവുള്ളവനാണ്. ഈ അണ്ണാറക്കണ്ണന്മാരെക്കുറിച്ച് ചില വിശേഷങ്ങൾ അറിഞ്ഞാലോ?

* ലോകത്താകമാനം 200-ഓളം വ്യത്യസ്ത അണ്ണാൻ വർഗങ്ങളുണ്ട്. നിറയെ രോമങ്ങളുള്ള വാലും ഉണ്ടക്കണ്ണും കുഞ്ഞു ശരീരവുമാണ് ഇവയുടെ പ്രധാന പ്രത്യേകത. പഴവർഗങ്ങൾ, വിത്തുകൾ, പരിപ്പുകൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണമെങ്കിലും മാംസവും ഇവ കഴിക്കാറുണ്ട്. അതിനാലിവ മിശ്രഭോജികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുന്നത്.

* നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരാറുള്ള മുതുകത്തു വരകളുള്ള അണ്ണാന്മാർക്ക് (ചിപ്പ്മങ്ങ്) കവിളിലെ അറകളിൽ ഭക്ഷണം സംഭരിച്ച് വെക്കാൻ സാധിക്കും. ആവശ്യമുള്ളപ്പോൾ അത് ഉപയോഗിക്കുകയും ഇവ ചെയ്യും. കൂടാതെ ക്ഷാമകാലത്തേക്ക് ഭക്ഷണം ശേഖരിച്ച് വെക്കുന്ന ശീലവും ഇവയ്ക്കുണ്ട്.

* മറ്റു ജീവികളിൽ നിന്ന് ഭക്ഷണം ഒളിച്ചു വെക്കുന്നതിനായി അവ കുഴിച്ചിടുന്ന ശീലം ഇവയ്ക്കുണ്ട്. മണം പിടിക്കാൻ നല്ല കഴിവുള്ളതിനാൽത്തന്നെ കുഴിച്ചിട്ട വിത്തുകളിലെ 80 ശതമാനവും ഇവ കണ്ടെത്താറുണ്ട്. അണ്ണാന്റെ ശരീരത്തിന്റെ ആകെ നീളത്തിന്റെ 10 മടങ്ങ് ദൂരൈ വരെ ചാടാൻ അണ്ണാനാകും. മാത്രമല്ല കാൽപ്പാദം 180 ഡിഗ്രിവരെ തിരിക്കാനും സാധിക്കും. ഈ പ്രത്യേകതയാണ് വേഗത്തിൽ മരം കയറാൻ അണ്ണാനെ സഹായിക്കുന്നത്.

* പ്രധാനമായും മൂന്നുതരം അണ്ണാന്മാരാണുള്ളത്. അടുത്തവർ താമസിക്കുന്നത് മരത്തിലാണ്. പറക്കുന്ന അണ്ണാനും മരത്തിൽത്തന്നെയാണ് താമസം. സാധാരണ പക്ഷികളെപ്പോലെ ഇവയ്ക്ക് അന്തരീക്ഷത്തിലൂടെ പറക്കാൻ സാധിക്കില്ല. മറിച്ച് മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് തെന്നിനീങ്ങാൻ സാധിക്കും. 30 മീറ്റർ ഉയരത്തിൽ നിന്നുവരെ വീണാലും ഇവയ്ക്ക് ഒന്നും സംഭവിക്കില്ല.

* ഓരോ വർഗത്തിനും അനുസരിച്ച് ഇവയുടെ നിറത്തിലും വലിപ്പത്തിലും വ്യത്യാസം വരും. സസ്തനികളാണിവ. എലികൾ ഉൾപ്പെടുന്ന റോഡന്റ് എന്ന ഓർഡറിൽപ്പെട്ട ജീവിയായതിനാൽ ഇവയുടെ മുന്നിലെ പല്ലുകളും ജീവിതാവസാനം വരെ വളരും. ജീവിതാവസാനം വരെ വളരുന്നതാണ് ഇവയുടെ പല്ലുകൾ. വലിയ കണ്ണുകൾ ഉള്ളതിനാൽ ആക്രമിക്കാൻ വരുന്ന ജീവികളെയും പോകുന്ന വഴികളും വേഗത്തിൽ കാണാൻ കഴിയും.

* 33-46 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം. ഒറ്റപ്രസവത്തിൽ രണ്ട് മുതൽ എട്ട് കുട്ടികൾ വരെയുണ്ടാകാം. രോമങ്ങളില്ലാതെ ജനിക്കുന്ന ഇവയ്ക്ക് കാഴ്ച ശക്തിയും ഉണ്ടായിരിക്കില്ല. ക്രമേണ ഇത് രണ്ടും ഉണ്ടാകും. 6-12 വർഷം വരെയാണ് കാട്ടിൽ വളരുന്ന അണ്ണാന്റെ ആയുസ്. വളർത്തുന്ന അണ്ണാനാണെങ്കിൽ 20 വർഷം വരെ ജീവിക്കാം. അന്റാർട്ടിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലലൊഴികെ ലോകത്ത് മറ്റെല്ലായിടത്തും അണ്ണാന്മാരെ കാണാം.

Content Highlights: Facts About Squirrels for kids