ണിക്കൂറുകളോളം സമയമെടുത്ത് വല നെയ്യുന്ന പ്രകൃതിയിലെ നെയ്ത്തുകാരാണ് എട്ടുകാലികൾ. ഭക്ഷണമെന്ന അടിസ്ഥാന ആവശ്യത്തിന് വേണ്ടിയുള്ള ഈ വല നെയ്ത്ത് ശരിക്കുമൊരു വിസ്മയം തന്നെയാണ്. കണ്ടാൽ ആരുമൊന്നു പേടിച്ചു പോകുന്ന എട്ടുകാലികൾ പക്ഷേ അത്ര പ്രശ്നക്കാരല്ല. ഇവരെക്കുറിച്ച് ചില കാര്യങ്ങളറിയാം.

* ആർട്ടിക്, അന്റാർട്ടിക്ക തുടങ്ങിയ മഞ്ഞുമൂടിയ പ്രദേശങ്ങളിലൊഴികെ മറ്റെല്ലാ സ്ഥലത്തും എട്ടുകാലികളെക്കാണാം. ഇവ ചിലന്തികളെന്നും അറിയപ്പെടുന്നു. ലോകത്താകമാനം 40,000ത്തോളം എട്ടുകാലി വർഗങ്ങളുണ്ടെന്നാണ് കണക്ക്. ഇരപിടിക്കാനായി വല നെയ്യുന്ന ശീലം ഇവയ്ക്കുണ്ട്. ഈ വലയിൽ കുരുങ്ങുന്ന ചെറു ജീവികളെ അകത്താക്കിയാണ് ഇവ ജീവിക്കുന്നത്. എന്നാൽ എല്ലാ ചിലന്തികളും വല നെയ്തല്ല ഭക്ഷണം ഇരപിടിക്കുന്നത്. ചിലർ നേരിട്ട് ഇരയെ വേട്ടയാടിപ്പിടിക്കാറുണ്ട്. ചിലന്തികൾ ഉപേക്ഷിച്ച് പോകുന്ന വലകളാണ് പിന്നീട് മാറാലകളായി മാറുന്നത്. ഒരു വല നെയ്യാൻ 60 മിനിറ്റുവരെ എടുക്കും ചിലന്തികൾ. ഓരോ വർഗങ്ങളും ഉണ്ടാക്കുന്ന വലകളുടെ രൂപവും വ്യത്യസ്തമായിരിക്കും.

* പൊതുവേ അത്ര അപകടകാരികളല്ലെങ്കിലും ചിലയിനം ചിലന്തികൾ വിഷകാരികളാണ്. ഇവരിലെ ഏറ്റവും വലിയയിനമായ ടറാൻട്യുല എലികൾ, പല്ലികൾ, കിളികൾ എന്നിവയെ ഭക്ഷണമാക്കാറുണ്ട്. മിക്ക ചിലന്തികളും കരയിൽ ജീവിക്കുമ്പോൾ ചുരുക്കം ചിലത് ജീവിക്കുന്നത് വെള്ളത്തിലാണ്. ഇവയ്ക്ക് വെള്ളത്തിന് മുകളിലൂടെ സഞ്ചരിക്കാൻ സാധിക്കും. പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ വസ്തുക്കളിൽ ഒന്നാണ് ചിലന്തിവല! ഉദാഹരണത്തിന് ഒരേ വലിപ്പമുള്ള ചിലന്തിവലയും ഉരുക്ക് വലയും ഒന്നിച്ച് പൊട്ടിക്കാൻ ശ്രമിച്ചാൽ ആദ്യം പൊട്ടുക ഉരുക്കു വലയാകും. ഉരുക്കിനെക്കാൾ അഞ്ച് മടങ്ങ് ശക്തമാണ് ചിലന്തിവല.

* ചിലന്തികളുടെ വയറ്റിനുള്ളിലുള്ള ഒരു ദ്രാവകമുപയോഗിച്ചാണ് അവ വല നെയ്യുന്നത്. ചെറിയ വായായതിനാൽ ഈ വലയിൽ കുടുങ്ങുന്ന ജീവികളെ അപ്പാടെ കഴിക്കാൻ ചിലന്തികൾക്കാവില്ല. അതുകൊണ്ട് വായ്‌ക്കുള്ളിലെ ഒരു പ്രത്യേകതരം രാസവസ്തു ഉപയോഗിച്ച് ഇരയുടെ ശരീരഭാഗങ്ങൾ ദ്രാവക രൂപത്തിലാക്കിയ ശേഷം അത് വലിച്ച് കുടിക്കുകയാണ് ഇവരുടെ ശീലം. ചിലന്തികളുടെ മുൻകാലിലെ രോമങ്ങളാണ് അവയെ രുചിയറിയാൻ സഹായിക്കുന്നത്.

* മുട്ടയിട്ടാണ് ചിലന്തികൾ പുതിയ തലമുറയ്ക്ക് ജന്മം നൽകുന്നത്. ഈ മുട്ടകളുടെ സുരക്ഷിതത്വത്തിനായി അതിനെ പൊതിഞ്ഞൊരു ആവരണവും ഇവ നിർമിക്കാറുണ്ട്. 2-3 ആഴ്ചകൾക്കുള്ളിൽ ഈ മുട്ടകൾ വിരിയാറുണ്ട്. പൂർണ വളർച്ചയെത്തിയ ഒരു മനുഷ്യൻ ചിലന്തിയെക്കേൾ 2,50,000 മടങ്ങ് വലുതായിക്കും. എട്ടു കാലുകൾക്ക് പുറമേ എട്ട് കണ്ണുകളും ഇവയ്ക്കുണ്ട്. പക്ഷേ അതിൽ പകുതിക്കും കാഴ്ചയില്ല. ഒന്നു മുതൽ രണ്ട് വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. എന്നാൽ ചിലയിനം ചിലന്തികൾ 20 വർഷം വരെ ജീവിക്കാറുണ്ട്.

Content Highlights: Facts about spiders for kids