വീടിന് പുറത്തിറങ്ങി നോക്കിയാൽ കാണുന്ന നീലാകാശത്തിനപ്പുറം എന്തെല്ലാം കാഴ്ചകളുണ്ടാവുമെന്ന് കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ? മഴയും വെയിലും സൂര്യനും ചന്ദ്രനുമെല്ലാം മിന്നിമറയുന്ന ഈ ആകാശം, നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യന് ഒരൽഭുതമായിരുന്നു. കാലങ്ങളുടെ പരീക്ഷണ നിരീക്ഷണങ്ങൾക്കവസാനം ഭൂമിക്കപ്പുറത്തെ ആ ബഹിരാകാശത്തേക്ക് മനുഷ്യൻ കാലെടുത്ത് വെച്ചു. ഇന്നിപ്പോൾ മനുഷ്യനെ ബഹിരാകാശത്തേക്ക് വിനോദയാത്ര കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ വരെ നാസയും, ഇസ്റോയുമടക്കമുള്ള ബഹിരാകാശ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ഈ ബഹിരാകാശത്തെപ്പറ്റി ചില വിവരങ്ങളറിയാം...

*ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം (മീഡിയം) ആവശ്യമാണെന്ന് കൂട്ടുകാർ പഠിച്ചിട്ടുണ്ടല്ലോ. അത്തരമൊരു അന്തരീക്ഷം ബഹിരാകാശത്തില്ല. അതിനാൽത്തന്നെ അവിടം പൂർണമായും നിശബ്ദമാണ്.

*കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ബഹിരാകാശത്ത് ആകെ എത്ര നക്ഷത്രങ്ങളുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്താൻ പറ്റില്ല. ഇത് കോടിക്കണക്കിനുണ്ടാവമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

*സൂര്യനും എട്ട് ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ക്ഷുദ്രഗ്രഹങ്ങളുമെല്ലാം ഉൾപ്പെടുന്നതാണ് സൗരയുഥം. 460 കോടി വർഷങ്ങൾക്ക് മുൻപാണിത് രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഈ സൗരയുഥം സ്ഥിതി ചെയ്യുന്ന ആകാശഗംഗയാണ് (ഗാലക്സി) ക്ഷീരപഥം (മിൽക്കി വേ).

*ഭൂമിയേക്കാൾ 30,000 മടങ്ങ് വലിപ്പമുള്ളതാണ് സൂര്യൻ. യഥാർഥത്തിൽ ചുട്ടുപൊള്ളുന്ന നക്ഷത്രമാണ് സൂര്യൻ.

* ഗ്രഹങ്ങളുടെ നിർവചനങ്ങൾ പൂർണമായി പാലിക്കാൻ കഴിയാതിരുന്നതോടെ പ്ലൂട്ടോയെ 2006-ൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇപ്പോഴത് കുള്ളൻ ഗ്രഹമെന്നാണ് അറിയപ്പെടുന്നത്.

*സൗരയുഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമാണ് ശുക്രൻ (വീനസ്). ഏകദേശം 450 ഡിഗ്രി സെഷ്യസാണ് ബുധന്റെ ഉപരിതല താപനില.

* ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രൻ. ഈ ചന്ദ്രനിൽ പതിയുന്ന കാൽപ്പാടുകൾ 100 വർഷത്തോളം നിലനിൽക്കും. കാൽപ്പാടുകൾ മായിച്ച് കളയാൻ ഭൂമിയുടേതിന് സമാനമായി കാറ്റോ വെള്ളമോ ഒന്നും ചന്ദ്രനിലില്ല.

* 1957-ൽ സോവിയേറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക്-1 ആണ് ആദ്യമായി ബഹിരാകാശത്തെത്തുന്ന മനുഷ്യ നിർമിക വസ്തു.

* സൗരയുഥത്തിൽ ഉപഗ്രഹമില്ലാത്തവയാണ് ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ളത് വ്യാഴത്തിനാണ് (ജൂപ്പിറ്റർ).

ഇതിനുമെല്ലാമപ്പുറം ഒട്ടേറെ വിശേഷങ്ങളുണ്ട് ബഹിരാകാശങ്ങളെക്കുറിച്ച്. എത്ര കണ്ടെത്തിക്കഴിഞ്ഞെന്ന് അവകാശപ്പെട്ടാലും വീണ്ടും പുത്തൻ പ്രതിഭാസങ്ങൾ സംഭവിക്കുന്നിടമാണിത്.

Content Highlights: Facts About Space for kids, Sun, Earth