രീരത്തിലൊരു തോടുമായി വളരെ പതുക്കെ സഞ്ചരിക്കുന്ന ഒരു ജീവി. ആമയെപ്പറ്റിയാണോ പറയാൻ പോകുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ഒച്ചാണ് ഈ കഥയിലെ താരം. മുതുകത്തൊരു തോടുമായി പതുക്കെ ഇഴഞ്ഞു നീങ്ങുന്ന ഇവർ കുറഞ്ഞ വേഗതയുടെ പേരിൽ ഏറെ പഴികേട്ടിട്ടുള്ള കൂട്ടരാണ്. ഇവരെക്കുറിട്ട് ചില വിശേഷങ്ങളറിഞ്ഞാലോ?

* ഏകദേശം 60 കോടി വർഷങ്ങൾക്ക് മുൻപ് തന്നെ ഒച്ചുകൾ ഭൂമിയിൽ ജീവിച്ചിരുന്നെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമായും മൂന്നിനം ഒച്ചുകളാണ് ഭൂമിയിലുള്ളത്. കരയിലെ ഒച്ച്, കടൽ ഒച്ച്, പിന്നെ ശുദ്ധജലത്തിൽ വസിക്കുന്ന ഒച്ച്. ഇവ ജീവിക്കുന്ന ചുറ്റുപാട്, വർഗം എന്നിവയനുസരിച്ച് ശ്വസന വ്യവസ്ഥയിലും മാറ്റം വരും. ഉദാഹരണത്തിന് കരയിൽ ജീവിക്കുന്ന ഒച്ചുകൾക്ക് ശ്വാസകോശങ്ങളും കടലിൽ ജീവിക്കുന്നവയ്ക്ക് ശകുലങ്ങളുമാണുണ്ടാവുക. എന്നാൽ ചില ഒച്ചുകൾക്ക് ഇവ രണ്ടുമുണ്ടാകും.

* വലിയൊരു വിഭാഗം ഒച്ചുകളും സസ്യഭുക്കുകളാണ്. എന്നാൽ ഇവരിൽ ചില മിശ്രഭുക്കുകളും മാംസഭുക്കുകളുമുണ്ട്. ഒച്ചുകളിലെ ഭീമന്മാരിൽ ഒരാളായ ആഫ്രിക്കൻ ഒച്ചുകൾക്ക് 38 സെന്റീമീറ്റർ വരെ വലിപ്പവും ഒരു കിലോഗ്രാം വരെ ഭാരവുമുണ്ടായിരിക്കും. കടൽ ഒച്ചുകളിലെ ഏറ്റവും വലിപ്പമുള്ള സൈരിങ്സ് അരുവാനൂസിന്റെ തോടിന് മാത്രം 90 സെന്റീമീറ്റർ നീളവും ശരീരത്തിനാകെ 18 കിലോഗ്രാം വരെ ഭാരവുമുണ്ടായിരിക്കും.

* തല, പുറന്തോട്, വാൽ എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ഇവരുടെ ശരീരത്തിലുള്ളത്. ചിലയിനം ഒച്ചുകളുടെ ശരീരത്തെ സംരക്ഷിക്കാൻ പുറന്തോടുള്ളപ്പോൾ ചിലർക്ക് അതുണ്ടാവില്ല. എന്തെങ്കിലും വിധത്തിലുള്ള ശല്യങ്ങളുണ്ടായാൽ പൂർണമായും തോടിനുള്ളിലേക്ക് വലിയാൻ ഇവർക്കാകും. ഇവയുടെ തലയിൽ നാല് ടെൻഡക്കിളുകളുണ്ട്. തലയുടെ മുകൾ ഭാഗത്തുള്ള വലിയ രണ്ട് ടെൻഡക്കിളുകളിലാണ് ഇവരുടെ കണ്ണുകൾ സ്ഥിതി ചെയ്യുന്നത്. താഴെയുള്ള ടെൻഡക്കിളുകളുകൾ വഴിയാണ് അവർ ഗന്ധം, സ്പർശം എന്നിവയറിയുന്നത്. ഈ ടെൻഡക്കിളുകൾക്ക് തൊട്ടുതാഴെയായാണ് ഇവരുടെ വായ സ്ഥിതി ചെയ്യുന്നത്. ഇവർക്ക് പതിനായിരത്തിലധികം ചെറിയ പല്ലുകളുണ്ടായിരിക്കും. ഈ പല്ലുകൾ സ്ഥിതി ചെയ്യുന്നത് നാവിലാണ്. വാലിലെ പേശികളാണ് ഇവയെ സഞ്ചരിക്കാൻ സഹായിക്കുന്നത്.

* വളരെ മൃദുലമായതും നനവുള്ളതുമായ ശരീരമാണ്  ഒച്ചുകളുടേത്. ഇവയ്ക്ക് കേൾവിശക്തിയില്ല. ഗന്ധത്തിലൂടെയാണ് ഇവ ഭക്ഷണത്തിന്റെ സാന്നിധ്യമറിയുന്നത്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന ജീവികളാണ് ഒച്ചുകൾ. ഇവ സഞ്ചരിക്കുന്ന പാതയിൽ അടയാളങ്ങൾ ഉണ്ടാകാറുണ്ട്. ഭൂമിയിൽ എല്ലായിടത്തും ഇവയെക്കാണാം. മണിക്കൂറിൽ 45 മീറ്റർ ദൂരം മാത്രം സഞ്ചരിക്കാനാവുന്ന ഒച്ചുകൾ ഭൂമിയിലെ ഏറ്റവും വേഗതകുറഞ്ഞ ജീവികളാണ്.

* ഇലകൾ തിന്നു തീർക്കുന്നതിനാൽ ഇവയെ കീടങ്ങളാണ് പലരും കണക്കാക്കുന്നത്. എന്നാൽ ഫ്രാൻസിൽ ഇവയെ മനുഷ്യർ ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ചില ഒച്ചുകൾ മുട്ടയിട്ട് പുതുതലമുറയ്ക്ക് ജന്മം നൽകുമ്പോൾ ചിലർ പ്രസവിക്കുകയാണ് ചെയ്യുന്നത്. ഓരോ വിഭാഗത്തിനുമനുസരിച്ച് ഇവയുടെ ആയുസ്സിലും വ്യത്യാസം വരും. ചിലത് അഞ്ച് വർഷം വരെ മാത്രം ജീവിക്കുമ്പോൾ ചിലർക്ക് 25 വർഷം വരെയാണ് ആയുസ്സ്.

Content Highlights: Facts about snails for kids