തൊലിക്കട്ടിയുടെ പേരിൽ പ്രസിദ്ധരായ ജീവികളാണ് കാണ്ടാമൃഗങ്ങൾ. ഒറ്റനോട്ടത്തിൽ പടച്ചട്ടയണിഞ്ഞ പോരാളിപ്പോലെ തോന്നിക്കുന്ന ഇവ പക്ഷേ അത്ര ഭീകരരൊന്നുമല്ല. അറിയാം ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങൾ.

* കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ജീവിയാണ് കാണ്ടാമൃഗം. ലോകത്താകെ അഞ്ച് കാണ്ടാമൃഗ വർഗങ്ങളാണുള്ളത്. ബ്ലാക്ക്, വൈറ്റ്, സുമാത്രൻ, ജാവൻ, ഇന്ത്യൻ എന്നിവയാണത്. ഇവ ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിലാണ് കാണപ്പെടുന്നത്. ഇവയ്ക്കെല്ലാം 2000 കിലോഗ്രാമിന് മുകളിൽ ഭാരവും 1.8 മീറ്റർ വരെ നീളവുമുണ്ടാകും. ശരീരത്തെ അപേക്ഷിച്ച് ചെറിയ തലച്ചോറാണ് ഇവയ്ക്കുള്ളതെങ്കിലും സാമാന്യം ബുദ്ധിയുള്ള ജീവികളാണിവ. വൈറ്റ് റൈനോ വിഭാഗത്തിൽപ്പെട്ട കാണ്ടാമൃഗങ്ങൾക്ക് 3500 കിലോഗ്രാം വരെ ഭാരമുണ്ടാകും.

* കട്ടിയേറിയ തൊലിയാണ് ഇവയുടെ പ്രധാന പ്രത്യേകത. തൊലിക്ക് കട്ടിയുണ്ടെങ്കിലും സൂര്യപ്രകാശവും ചെറുപ്രാണികളുടെ കടിയുമെല്ലാം ഇവരെ അലോസരപ്പെടുത്താറുണ്ട്. ഇതൊഴിവാക്കാൻ എപ്പോഴും ചെളിയിൽ കിടക്കുകയാണ് ഇവയുടെ പതിവ്. അതുവഴി ശരീര താപനില നിയന്ത്രിച്ച് നിർത്താനും ഇവയ്ക്ക് സാധിക്കുന്നു. ഇന്ത്യൻ കാണ്ടാമൃഗത്തിനൊഴികെ ബാക്കിയെല്ലാ വർഗത്തിനും രണ്ടു കൊമ്പുകളാണുള്ളത്. ഈ കൊമ്പാരംഭിക്കുന്നത് മൂക്കിന്റെ ഭാഗത്തുനിന്നായതിനാലാണ് ഇവയ്ക്ക് 'റൈനോസിറസ്' എന്ന പേര് ലഭിച്ചത്. സാധാരണ മൃഗങ്ങളുടേത് പോലെയുള്ള കൊമ്പല്ല കാണ്ടാമൃഗങ്ങളുടേത്. നമ്മുടെ മുടിയും നഖവുമെല്ലാം നിർമിച്ചിട്ടുള്ള കെരാറ്റിനെന്ന വസ്തുകൊണ്ടാണ് ഇവയുടെ കൊമ്പ് നിർമിച്ചിട്ടുള്ളത്. ഇത് ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും.

* ഇത്രയും വലിപ്പവും ശക്തിയുമുള്ള ജീവികളാണെങ്കിലും ഇവ ഭക്ഷണത്തിനായി മറ്റ് ജീവികളെ ആക്രമിക്കാറില്ല. സസ്യഭുക്കുകളായ ഇവ പ്രധാനമായും ഭക്ഷിക്കുന്നത് ചെടികളാണ്. കാഴ്ചശക്തി വളരെ കുറവുള്ള ജീവിയാണ് കാണ്ടാമൃഗങ്ങൾ. എന്നാലിവയ്ക്ക് മികച്ച ഘ്രാണശക്തിയുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ഓടാൻ കാണ്ടാമൃഗത്തിനാകും. പെൺ കാണ്ടാമൃഗങ്ങളാണ് പുതിയ തലമുറയ്ക്ക് ജന്മം നൽകുന്നത്. ഓരോ വിഭാഗത്തിനുമനുസരിച്ച് ഗർഭകാലയളവിൽ മാറ്റം വരും. 35 മുതൽ 50 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

* ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. എങ്കിലും ചിലപ്പോഴൊക്കെ ഇവ കൂട്ടമായി നടക്കാറുണ്ട്. കൊമ്പിന് വേണ്ടിയും തൊലിക്ക് വേണ്ടിയുമെല്ലാം വലിയ രീതിയിൽ ഇവ വേട്ടയാടപ്പെടുന്നുണ്ടെന്നതാണ് വാസ്തവം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഞ്ച് ലക്ഷത്തോളം ഉണ്ടായിരുന്ന കാണ്ടാമൃഗങ്ങളുടെ സ്ഥാനത്ത് ഇപ്പോഴുള്ളത് 29,000-ത്തോളം എണ്ണം മാത്രമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Facts about rhinoceros for kids