ണ്ടതും കാണാത്തതുമായ എത്രയെത്ര ജീവജാലങ്ങളാണ് നമുക്ക് ചുറ്റും! അക്കൂട്ടത്തിലെ ഒരു വിചിത്രജന്മമാണ് സാത്താനിക് ലീഫ്- റ്റെയിൽഡ് ഗെക്കോ (Satanic leaf-tailed gecko). ആദ്യകാഴ്ചയിൽ ഒരു ഇലയ്ക്ക് കൈയും കണ്ണും തലയും വെച്ചതാണെന്നേ തോന്നൂ. അനങ്ങിത്തുടങ്ങുമ്പോഴാണ് മനസിലാകുക അതൊരു ജീവിയാണെന്ന്.

ഉണങ്ങിയ ഇല പോലെയാണ് ഈ ജീവിയുടെ ചർമ്മവും രൂപവും. ഗെക്കോകളിൽ പല ഇനങ്ങളുണ്ട്. അവയ്ക്കെല്ലാം പലനിറങ്ങളാണ്. തവിട്ട് നിറത്തിലും ചിലപ്പോൾ ചുവപ്പ് നിറത്തിലുമാണ് ഇവ കാണപ്പെടുന്നത്. വാൽ കണ്ടാൽ ശരിക്കും ഒരു ഇലയാണെന്നേ തോന്നൂ. ഇവയുടേത് വലിയ കണ്ണുകളാണെങ്കിലും കൺപോളകളില്ല. പൊടിയും മറ്റ് അവശിഷ്ടങ്ങളും കണ്ണിൽപെടാതിരിക്കാൻ ഇടയ്ക്കിടെ കണ്ണുകൾ നക്കുന്നു.

പല്ലിവർഗത്തിൽപെടുന്ന ഇലവാലൻ ജീവികൾ പ്രധാനമായും കാണപ്പെടുന്നത് മഡഗാസ്കർ കാടുകളിലാണ്. മരങ്ങളിൽ മാത്രമാണ് ഇവ വസിക്കുന്നത്. രാത്രിയിലാണ് ഇവ വേട്ടയാടാനിറങ്ങുന്നത്. കൂടുതലും ചെറിയ പ്രാണികളെയാണ് ഇവ ഭക്ഷണമാക്കുന്നത്. ചെറിയ എലികളെയും ഉരഗങ്ങളെയും ചിലപ്പോൾ ഭക്ഷണമാക്കുന്നു. വിശ്രമിക്കുന്ന സമയങ്ങളിലാണ് ഇവ ഇലപോലെ കാണപ്പെടുന്നത്. അങ്ങനെയെല്ലാമാണെങ്കിലും ഇവയെ കാട്ടിൽ കാണുക വളരെ അപൂർവമായാണ്.

കഴുകൻ, പാമ്പുകൾ തുടങ്ങിയ വേട്ടക്കാരിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇലയുടെ രൂപവും നിറവും സൃഷ്ടിച്ച് മറഞ്ഞിരിക്കുന്നത്. ശരീരം പരന്നതാക്കാനും ചുവന്ന വായ കാണിക്കാൻ താടിയെല്ലുകൾ വിശാലമായി തുറക്കാനും ഇവയ്ക്ക് കഴിയും. ഗെക്കോയുടെ പൊതുവായ പേര് വന്നത് ലാറ്റിൻ പദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേക രൂപമായതിനാൽ 'സാങ്കൽപികം' (Imaginary) എന്ന വാക്കിൽ നിന്നാണ് അവയ്ക്ക് ഇങ്ങനെയൊരു പേര് കിട്ടിയത്. ഇവയെ വളർത്തുജീവിയായും പരിഗണിക്കാറുണ്ട്.

Content highlights :facts about rare creature leaf tailed or satanic leaf tailes gecko