ലോകത്തിലെ ഏറ്റവും വലിയ പൂവേതാണെന്ന് ആരോടു ചോദിച്ചാലും റഫ്ളേഷ്യയെന്ന ഉത്തരം നമുക്ക് കിട്ടും. അഞ്ചിതളുള്ള ഈ ഭീമൻ പൂവിനെക്കുറിച്ച് ചില വിവരങ്ങളറിയാം.

* ഏഷ്യൻ രാജ്യങ്ങളായ ജാവ, ബോർണിയോ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യൻ ദ്വീപുകൾ എന്നിവടങ്ങളിലാണ് പ്രധാനമായും റഫ്ളേഷ്യകൾ കാണപ്പെടുന്നത്. ചുവപ്പിൽ വെള്ളപ്പുള്ളികളുള്ള പൂവാണിത്. ഏറ്റവും വലിപ്പമുള്ള പൂവായതിനാൽ നല്ല സുഗന്ധമുണ്ടാകുമെന്ന് കരുതിയെങ്കിൽ തെറ്റി. അസഹനീയമായ ഗന്ധമുള്ള ഇവ പല രാജ്യങ്ങളിലും ശവംനാറിയെന്ന പേരിൽ അറിയപ്പെടുന്നുണ്ട്. അഞ്ചുകിലോ തേൻവരെ ഈ പൂവിനുള്ളിലുണ്ടാകും.

* സാധാരണ ഒരു ചെടിക്കുള്ള പോലെ വേരുകളോ കാണ്ഡമോ ഇലകളോ ഒന്നും ഈ പൂവിനില്ല. ഏകദേശം ഒരു മീറ്ററോളം ഉയരവും വ്യാസവും 12 കിലോഗ്രാം ഭാരവും ഈ പൂവുകൾക്കുണ്ടാവും. ഇവ ശരിക്കുമൊരു പരാദ സസ്യമാണ്. അതായത് മറ്റൊരു ചെടിയെ/വൃക്ഷത്തെ ആശ്രയിച്ച് ജീവിക്കുന്ന കൂട്ടർ. ഇത്രയും വലിയ പൂവ് വിരിഞ്ഞുകഴിഞ്ഞാൽ എത്രനാൾ ആയുസുണ്ടാകുമെന്നോ? വെറും ഒരാഴ്ച.

* ഈ പൂവിന്റെ ഉള്ളിലെ ഈ വിത്ത് മുളച്ച് അടുത്ത പൂവാകാൻ കുറഞ്ഞത് ഒൻപത് മാസമെങ്കിലും സമയമെടുക്കും. ലോകത്താകമാനം 28-ൽപ്പരം റഫ്ളേഷ്യ വിഭാഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. അതിൽ എല്ലാ വിഭാഗവും കണ്ടെത്താൻ ഇതുവരെയായിട്ടില്ല. ലതറിനോട് സമാനമായ കട്ടിയുള്ള ദളങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

* 1818-ൽ ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ സർ. തോമസ് സ്റ്റാഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ.ജോസഫ് ആർനോൾഡിനോയാണ് ഈ പൂവ് ആദ്യമായി കണ്ടെത്തിയത്. ഇതിനുമുൻപും പലരും ഈ പൂവ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഈ പൂവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തിയത് ഇവരാണ്.

Content Highlights: facts about rafflesia for kids