മൃഗങ്ങളിലെ ഇത്തിരിക്കുഞ്ഞന്മാരാണ് മുയലുകൾ. പലനിറത്തിൽ വലിപ്പത്തിൽ കാണപ്പെടുന്ന ഇവരുടെ പല്ലുകൾക്ക് അണ്ണാറക്കണ്ണൻ, എലി എന്നിവയുമായി ചില സാദൃശ്യങ്ങളുണ്ട്. ഇവരെക്കുറിച്ച് ചില രസകരമായ കാര്യങ്ങളറിയാം.

* ലോകത്താകമാനം 45-ലധികം മുയർ വർഗങ്ങളുണ്ടെന്നാണ് കണക്ക്. കാട്ടിലും നാട്ടിലും ഒരുപോലെ വളരുന്ന ഇക്കൂട്ടർ കാണാൻ നല്ല സൗന്ദര്യമുള്ളവരാണ്. കൂട്ടമായി ജീവിക്കാനിഷ്ടപ്പെടുന്ന ജീവികളാണിവ. മണ്ണിനടിയിൽ ചെറുമാളങ്ങളുണ്ടാക്കി അവിടെ താമസിക്കുന്നതാണ് ഇവരുടെ രീതി. ജനിക്കുമ്പോൾ മുതൽ മരിക്കുന്നത് വരെ ഇവരുടെ പല്ലുകൾ വളർന്നുകൊണ്ടിരിക്കും. ആകെ 28 പല്ലുകളാണിവയ്ക്കുള്ളത്. പുല്ലും പച്ചക്കറികളുമെല്ലാം ചവച്ചരച്ചു കഴിക്കുമ്പോഴുണ്ടാകുന്ന പല്ലുകളുടെ തേയ്മാനം മറികടക്കാൻ ഇത് ഒരു പരിധിവരെ സഹായിക്കും.

* തലയുടെ ഇരുവശത്തുമാണ് ഇവരുടെ കണ്ണുകൾ അതിനാൽത്തന്നെ തനിക്ക് ചുറ്റും നടക്കുന്ന എല്ലാം ഇവയ്ക്ക് കാണാൻ സാധിക്കും. അതുകൊണ്ട് ശത്രുക്കളിൽ നിന്ന് വേഗം ഓടി രക്ഷപെടാൻ ഇവർക്കാകുന്നുണ്ട്. നല്ല കായികക്ഷമതയുള്ള ജീവികൂടിയാണ് മുയലുകൾ. ഒറ്റച്ചാട്ടത്തിൽ 90 സെന്റീമീറ്റർ ദൂരത്തേക്ക് വരെ ചാടാൻ ഇവർക്കാകും. ഇവരുടെ ചെവിക്ക് 10 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇത് 180 ഡിഗ്രി വരെ തിരിക്കാനും ഇവർക്കാകും. സന്തോഷത്തോടെയിരിക്കുമ്പോൾ വളരെ ഊർജസ്വലരായിരിക്കും മുയലുകൾ. നല്ല ഓർമശക്തിയുള്ള മൃഗം കൂടിയാണിവ. ഒരു ദിവസം എട്ടു മണിക്കൂർ വരെ ഇവ ഉറങ്ങും.

* വളരെ വേഗം പ്രത്യുൽപ്പാദനം നടത്തുന്ന ജീവികൂടിയാണ് മുയലുകൾ. മൂന്നുമാസം പ്രായമാകുമ്പോഴേക്കും മുയലുകൾ ഇണചേർന്നു തുടങ്ങും. 28 മുതൽ 31 ദിവസം വരെയാണ് ഇവയുടെ ഗർഭകാലയളവ്. ഒറ്റ പ്രസവത്തിൽ 10മുയൽക്കുട്ടികൾ വരെയുണ്ടാകും. ജനിക്കുന്ന സമയത്ത് ഇവയ്ക്ക് കാഴ്ചയുണ്ടാകില്ല. ശരീരത്ത് രോമങ്ങളൊന്നും കാണില്ല. മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഇവർക്ക് സാധിക്കും.

* വീട്ടിൽ വളർത്തുന്ന മുയലുകൾക്ക് കാട്ടിലെ മുയലുകളുമായി ഇണചേരാനാകില്ല. പൂർണമായും സസ്യഭുക്കുകളായ ഇവ പച്ചക്കറികൾ, ഇലകൾ, പഴങ്ങൾ എന്നിവയാണ് കഴിക്കുന്നത്. നന്നായി വെള്ളം കുടിക്കുന്ന ജീവികൂടിയാണിവ. ഇവരുടെ കാൽപ്പാദം മാത്രമേ വിയർക്കുകയുള്ളൂ. കുറുക്കൻ, ചെന്നായ എന്നിവയാണ് മുയലുകളുടെ പ്രധാന ശത്രുക്കൾ. പത്തു വർഷം വരെയാണ് ഇവരുടെ ആയുസ്സ്.

Content Highlights: Facts about rabbits for kids