ദേഹം മുഴുവൻ കുത്തിക്കേറുന്ന മുള്ളുമായി നടക്കുന്നവരാണ് മുള്ളൻ പന്നികൾ. കാണാൻ ചെറുതാണെങ്കിലും മിക്ക മൃഗങ്ങൾക്കും ഇവയെ പേടിയാണ്. എലികളുടേയും അണ്ണാന്മാരുടേയുമെല്ലാം കുടുംബത്തിൽപ്പെടുന്ന ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിയാം.

* എല്ലായിടത്തും കാണപ്പെടുന്നതിന് പകരം എപ്പോഴും ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ഇവയ്ക്ക് കാഴ്ച ശക്തി വളരെക്കുറവാണ്. പക്ഷേ അതിനെ മറി കടക്കാൻ മികച്ച ഘ്രാണ ശേഷി ഇവരെ സഹായിക്കാറുണ്ട്. എലികളുടെ വംശത്തിൽപ്പെട്ടവരായതിനാൽത്തന്നെ ഇവയുടെ മുൻനിരയിലെ പല്ലുകൾ വളർന്നുകൊണ്ടിരിക്കും. ഈ പല്ലുകൾ തേഞ്ഞുപോകാനായി കട്ടിയേറിയ വസ്തുക്കളിൽ കടിക്കുന്നത് ഇവരുടെ ശീലമാണ്.

* പൂർണ വളർച്ചയെത്തിയ മുള്ളൻ പന്നിക്ക് 50 സെന്റീ മീറ്റർ വരെ നീളവും 4.5 മുതൽ 13 കിലോഗ്രാം വരെ ഭാരവുമുണ്ടാകും. ഇവയുടെ പുറത്തുള്ള മുള്ളുകൾ യഥാർഥത്തിൽ രോമങ്ങൾ പരിണമിച്ചുണ്ടായതാണ്. പൂർണമായും സസ്യഭുക്കുകളായ ഇക്കൂട്ടർക്ക് മരത്തടികൾ കാർന്നു തിന്നാനാണ് ഏറെയിഷ്ടം. സാധാരണയായി മരങ്ങളിൽ താമസിക്കാറുള്ള ഇക്കൂട്ടർ അനുയോജ്യമായ മരം ലഭിക്കാത്ത സാഹചര്യങ്ങളിൽ ചെറു മാളങ്ങളിലും കഴിയാറുണ്ട്. പാറ, മരത്തടി, ഗുഹകൾ എന്നിവയാണ് ഇവ മാളമുണ്ടാക്കാൻ തിരഞ്ഞെടുക്കുക. സസ്തനികളുടെ ഗണത്തിൽപ്പെട്ട ജീവികളാണിവ.

* രാത്രികാലങ്ങളിൽ ഇരപിടിക്കാനിറങ്ങുന്ന കൂട്ടരാണിവർ. ഇവരുടെ ശരീരത്തിൽ പതിനായിരക്കണക്കിന് മുള്ളുകളാണുണ്ടാവുക. ഈ മുള്ളുകൾ പ്രധാനമായും ഇവയുടെ വാലുകളിലാണ് കാണപ്പെടുക. ഈ മുള്ളുകൾ ശത്രുവിന്റെ ശരീരത്തിലേക്ക് എറിയാനുള്ള കഴിവൊന്നും മുള്ളൻ പന്നികൾക്കില്ല. ശത്രു ഏകദേശം അടുത്തെത്തിയാൽ മാത്രമേ ഈ മുള്ളുകൾ അവരുടെ ശരീരത്തിലേക്ക് കൊണ്ടു കയറൂ. ഇങ്ങനെ നഷ്ടമാകുന്ന മുള്ളുകൾക്ക് പകരം മുള്ളുകൾ വളരും.

* പെൺ മുള്ളൻപന്നികൾ ഒന്നു മുതൽ നാലു കുട്ടികൾക്ക് വരെ ജന്മം നൽകാറുണ്ട്. ഈ കുട്ടി രണ്ടു മുതൽ നാലുമാസം പ്രായമാകുന്നത് വരെ അമ്മയ്ക്കൊപ്പമാകും താമസം. അഞ്ചു മുതൽ ഏഴു വർഷം വരെയാണ് ഇവയുടെ പരമാവധി ആയുസ്സ്. സംരക്ഷിത സാഹചര്യങ്ങളിൽ വളരുന്നവ കൂടുതൽക്കാലം ജീവിച്ചിരിക്കും.

Content Highlights: Facts about porcupine for kids