പിങ്ക് നിറവും വലിയ മൂക്കുമുള്ള പന്നികളെ ടിവിയിലും ചിത്രങ്ങളിലുമെല്ലാം കൂട്ടുകാർ കണ്ടിട്ടുണ്ടാവുമല്ലോ? നല്ല അനുസരണയോടെ ഫാമുകളിൽ വളരുന്ന ഇക്കൂട്ടർ മാത്രമല്ല പന്നിവർഗത്തിലുള്ളത്. അതാരൊക്കെയെന്നും അവരുടെ വിശേഷങ്ങളെന്തെന്നും അറിഞ്ഞാലോ?

* വളരെ ബുദ്ധിയുള്ള ജീവികളായാണ് പന്നികൾ കണക്കാക്കപ്പെടുന്നത്. ലോകത്താകമാനം 200 കോടിയിലധികം പന്നികളുണ്ടെന്നാണ് കണക്ക്. മാംസത്തിന് വേണ്ടിയാണ് പ്രധാനമായും ഇവയെ വളർത്തുന്നത്. വളർത്തു പന്നികളില്‍ത്തന്നെ വ്യത്യസ്തയിനങ്ങളുണ്ട്. നിറവും വലിപ്പവും നോക്കി ഇവയെ തിരിച്ചറിയാനാകും. ഇത്തരത്തിൽ വളർത്തുന്ന പന്നിയെക്കൂടാതെ കാട്ടുപന്നികളുമുണ്ട്. ഇവ വളർത്തുപന്നികളെ അപേക്ഷിച്ച് അക്രമകാരികളാണ്.

* വളർത്തു പന്നികൾ കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. കൂട്ടമായി കളിച്ചും ആശയവിനിമയം നടത്തിയുമൊക്കെയാണ് അവ ജീവിക്കുന്നത്. മനുഷ്യരെപ്പോലെ സ്വപ്നം കാണാനുള്ള കഴിവ് ഇവർക്കുമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മികച്ച ഘ്രാണശേഷിയുള്ള ജീവികൾ കൂടിയാണ് പന്നികൾ. ഘ്രാണശേഷിക്ക് പുറമേ ദിശയറിയാനുള്ള ഇവരുടെ കഴിവും അപാരമാണ്. കൂട്ടം തെറ്റി എത്ര ദൂരത്തേക്ക് പോയാലും തിരിച്ച് സ്വന്തം സ്ഥലത്തേക്കെത്താൻ ഇവയ്ക്കാകും. ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ ശ്വാസകോശമാണ് ഇവയുടേത്.

* ശരീരം തണുക്കാൻ വെള്ളത്തിലോ ചെളിയിലോ കിടക്കുന്ന ശീലമുണ്ട് ഇവയ്ക്ക്. പക്ഷേ എപ്പോഴും ശരീരം വൃത്തിയായിരിക്കണമെന്ന നിർബന്ധമുള്ളതിനാൽ ചെളിപിടിച്ച ശരീരവുമായി ഇവ കൂട്ടിലേക്ക് കടക്കാറില്ല. ഇവരുടെ ശരീരം വിയർക്കാറില്ല. ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും പന്നികളെക്കാണാം. പൂർണ വളർച്ചയെത്തിയ പന്നികൾക്ക് 140 മുതൽ 300 കിലോഗ്രാം വരെ ഭാരമുണ്ടാകും. മനുഷ്യരെപ്പോലെ മിശ്രഭുക്കുകളായ ഇവ സസ്യാഹാരവും മാംസ്യവും കഴിക്കും.

* പന്നിക്കുട്ടികൾക്ക് രണ്ടാഴ്ച പ്രായമാകുമ്പോഴേക്കും അവരുടെ അമ്മമാരുടെ ശബ്ദം മനസ്സിലാക്കാൻ സാധിക്കും. ഈ പ്രായത്തിൽ അവർക്ക് സ്വന്തം പേര് പോലും തിരിച്ചറിയാനുള്ള കഴിവുണ്ടാകും. അത്യാവശ്യം വേഗതയൊക്കെയുള്ള മൃഗമാണ് പന്നികൾ. മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ വരെ ഇവ സഞ്ചരിക്കും. പലപ്പോഴും പലതരം രോഗങ്ങളുടെ വാഹകരാകാറുണ്ട് പന്നികൾ.

* ആവാസ വ്യവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്ന ജീവികളാണിവ. മനുഷ്യഹൃദയത്തോട് ഏറെ സാമ്യമുള്ള ഹൃദയമാണ് പന്നികളുടേതും. അതിനാൽത്തന്നെ മനുഷ്യരിലെ ചികിൽസയ്ക്കായി ഇവയുടെ ഹൃദയം ഉപയോഗപ്പെടുത്താറുണ്ട്. 115-120 ദിവസം വരെയാണ് പന്നികളുടെ ഗർഭകാലയളവ്. ഒരു പ്രസവത്തിൽ നാല് പന്നിക്കുട്ടികൾ വരെയുണ്ടാകും. എട്ടു വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

Content Highlights: Facts about pigs for kids