യിരക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന പക്ഷികളാണ് പ്രാവുകൾ. സമാധാനത്തിന്റെ സന്ദേശവാഹകരായി അറിയപ്പെടുന്ന, നമ്മുടെ സ്കൂൾ വരാന്തകളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന പ്രാവുകളെക്കുറിച്ച് ചില കാര്യങ്ങളറിയാം.

* ലോകത്താകമാനം 300-പ്പരം പ്രാവ് വർഗങ്ങളുണ്ടെന്നാണ് കണക്ക്. ധ്രുവ പ്രദേശങ്ങളിലും സഹാറയുൾപ്പെടെയുള്ള മരുഭൂമികളിലും ഇവയെ കാണാൻ സാധിക്കില്ല. ഓരോ വർഗത്തിനുമനുസരിച്ച് പ്രാവുകളുടെ വലിപ്പത്തിൽ വ്യത്യാസമുണ്ടാകും. തിളങ്ങുന്ന ചാര നിറമുള്ള പ്രാവുകളാണ് നമ്മുടെ പ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടാറുള്ളതെങ്കിലും അവയ്ക്ക് പുറമേ തൂവെള്ള നിറമുള്ള പ്രാവുകളുമുണ്ട്. ഒരു പ്രാവിന് കുറഞ്ഞത് ആയിരം തൂവലുകളുണ്ടാകും. 1.8 കിലോമീറ്റർ ഉയരത്തിൽ വരെ ഇവയ്ക്ക് പറക്കാനാകും.

* പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും ബുദ്ധിയുള്ളവരിലൊരാളാണ് പ്രാവുകൾ. കണ്ണാടിയിൽ നോക്കി സ്വന്തം പ്രതിബിംബം തിരിച്ചറിയാനും സൂര്യനെ നോക്കി ദിക്ക് കണ്ടെത്താനും ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളെല്ലാം തിരിച്ചറിയാനുമൊക്ക സാധിക്കുന്ന ഇക്കൂട്ടർ മനുഷ്യരുമായി വളരെ വേഗം അടുക്കും. 20-30 പക്ഷികളടങ്ങുന്ന കൂട്ടമായാണ് ഇവ സഞ്ചരിക്കാറുള്ളത്. നല്ല കാഴ്ചശക്തിയുള്ള ഇവർക്ക് 42 കിലോമീറ്റർ ദൂരൈ വരെയുള്ള വസ്തുക്കൾ കാണാൻ സാധിക്കും. കാഴ്ചയ്ക്ക് പുറമേ മികച്ച കേൾവി ശക്തിയും ഇവരുടെ പ്രത്യേകതയാണ്. മനുഷ്യന് കേൾക്കാൻ സാധിക്കുന്നതിനേക്കാൾ ആവൃത്തി കുറഞ്ഞ ശബ്ദങ്ങൾ ഇവയ്ക്ക് കേൾക്കാം.

* മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് പറക്കാനാകും. ഇവരുടെ ഈ വേഗത കാരണം ലോകമഹായുദ്ധകാലത്ത് ഇവരെ സന്ദേശ വാഹകരായി ഉപയോഗിച്ചിരുന്നു. ഇന്നും ഇവയെ ഉപയോഗിച്ച് പല മൽസരങ്ങളും നടത്താറുണ്ട്. പൂർണമായും സസ്യഭുക്കുകളാണിവർ. ധാന്യങ്ങൾ, വിത്തുകൾ, പഴങ്ങൾ, ചെടികൾ എന്നിവയാണ് പ്രധാന ഭക്ഷണം.

* ജീവിതകാലം മുഴുവൻ ഒരു ഇണയോടൊപ്പമാണിവ കഴിയുക. ഒറ്റത്തവണ രണ്ട് മുട്ടയാണ് ഒരു പെൺപ്രാവിടുക. ഈ മുട്ട 18 ദിവസങ്ങൾക്കുള്ളിൽ വിരിയും. ആൺ-പെൺ പ്രാവുകൾ ഒരുപോലെ കുട്ടികളെ നോക്കി വളർത്താറുണ്ട്. കുട്ടികൾക്ക് കുടിക്കാനായി രണ്ടുകൂട്ടരുടേയും ശരീരത്തിൽ ധാന്യപ്പാൽ (Crop milk) ഉൽപ്പാദിപ്പിക്കപ്പെടും. 30 വർഷം വരെയാണ് ഇവയുടെ ആയുസ്സ്.

Content Highlights: Facts about pigeons for kids