* ലോകത്താകമാനം 300 തരം നീരാളി വർഗങ്ങളുണ്ടെന്നാണ് കണക്ക്. ഉഷ്ണ മേഖലയിലെ സമുദ്രങ്ങളിലാണ് ഇവയെ കൂടുതലായും കാണാൻ സാധിക്കുക. രണ്ടു കണ്ണും ഉരുണ്ട തലയുമുള്ള ജീവികളാണിവ. തലയ്ക്ക് തൊട്ടുതാഴെയായി കാണപ്പെടുന്ന എട്ട് കൈകളാണ് ഇവരുടെ പ്രധാന പ്രത്യേകത. ഈ കൈകളുടെ അഗ്രഭാഗത്ത് ട്യൂബുപോലെയൊരു സംവിധാനമുണ്ട്. അസ്ഥികളില്ലാത്ത ജീവികളായതിനാൽ എവിടെയും അനായാസേന കയറിപ്പറ്റാൻ ഇവയ്ക്കാകും. മൂന്നു ഹൃദയമുള്ള ജീവികൾ കൂടിയാണിവ. ഇവരുടെ രക്തത്തിന് ഇളം നീല നിറമാണുള്ളത്. മിക്ക നീരാളികളും സമുദ്രത്തിന്റെ അടിത്തട്ടിത്തന്നെ ജീവിക്കാനിഷ്ടപ്പെടുന്നവരാണ്. എന്നാൽ ചിലർ ജലപ്പരപ്പിന് മുകളിലൂടെയും സഞ്ചരിക്കാറുണ്ട്. ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ.

* മാംസഭുക്കായ ഇവ ഞണ്ട്, കൊഞ്ച് തുടങ്ങിയ കട്ടിയേറിയ തോടുള്ള ജീവികളെയും മത്സ്യങ്ങളേയുമെല്ലാം ഭക്ഷണമാക്കാറുണ്ട്. വായയുടെ അടുത്തായുള്ള പ്രത്യേക സംവിധാനമുപയോഗിച്ചാണ് ഇവ കട്ടിയേറിയ തോടുള്ള ജീവികളെ അകത്താക്കുന്നത്. നട്ടെല്ലില്ലാത്ത മറ്റ് ജീവികളെ അപേക്ഷിച്ച് ബുദ്ധിയുള്ളവരായാണ് ഇവ കണക്കാക്കപ്പെടുന്നത്. ശരീരത്തിലെ പ്രത്യേക കോശങ്ങളുപയോഗിച്ച് പുറത്തുവിടുന്ന നിറങ്ങൾ വഴി ശത്രുക്കളിൽ നിന്ന് രക്ഷ നേടാനും മറ്റ് നീരാളികളുമായി ആശയവിനിമയം നടത്താനുമെല്ലാം ഇവർക്ക് സാധിക്കുന്നു. അതുകൂടാതെ ശരീരത്തിന്റെ നിറം മാറ്റാനുള്ള കഴിവും ഇവയ്ക്കുണ്ട്.

* ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ പല്ലികൾ വാൽ മുറിക്കുന്നത് പോലെ കൈകൾ മുറിക്കാൻ ഇവർക്കാകും. ഇങ്ങനെ മുറിച്ച് കളയുന്ന ഭാഗം വീണ്ടും വളരും. ഇവരുടെ ഉമിനീരിൽ വിഷാംശമുണ്ട്. അതായത്, ഒരു കടികിട്ടിയാൽ മരണം വരെ സംഭവിക്കാം. നല്ല കാഴ്ച ശക്തിയും സ്പർശമറിയാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ഓരോ വർഗത്തിനുമനുസരിച്ച് ഇവരുടെ നിറത്തിലും വലിപ്പത്തിലും ആയുസ്സിലും വ്യത്യാസം വരും. ഇവരുടെ കുടുംബത്തിൽപ്പെട്ട ജീവിയാണ് കണവകൾ.

* ഒറ്റത്തവണ പതിനായിരക്കണക്കിന് മുട്ടയിടാൻ ഇവർക്ക് കഴിയുമെങ്കിലും അവയിൽ വളരെ കുറച്ചെണ്ണം മാത്രമേ വിരിയാറുള്ളൂ. ഇതിന് ഒരു മാസം വരെ സമയമെടുക്കും. ഈ കാലഘട്ടത്തിൽ പെൺ നീരാളി മുട്ടകൾക്ക് കാവലിരിക്കും. ഭക്ഷണം കഴിക്കാതെയുള്ള ഈ ഇരിപ്പു കാരണം മുട്ട വിരിയുമ്പോഴേക്ക് അവ ചത്തു പോകും. ഇണ ചേർന്നു കഴിഞ്ഞ് മാസങ്ങളോളം മാത്രമേ ആൺ നീരാളിയും ജീവിച്ചിരിക്കാറുള്ളൂ. ആറു മുതൽ 18 മാസം വരെയാണ് ഇവയുടെ ആയുസ്സ്.

Content Highlights: facts about Octopus for kids