പാട്ടുകാരെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ കാതിനരികിലൂടെ മൂളിപ്പാട്ടും പാടിയെത്തുന്ന കൊതുകുകളോട് ആർക്കും ഈ ഇഷ്ടമുണ്ടാകില്ല. പാട്ടുംപാടി വന്ന് മനുഷ്യ ശരീരത്തിലേക്ക് രോഗാണുക്കളെ കടത്തിവിടുന്ന ഇവരുടെ സ്വഭാവം തന്നെയാണ് അതിന് കാരണം. ഇക്കൂട്ടരെക്കുറിച്ച് ചില വിവരങ്ങളറിയാം.

* ലോകത്താകമാനം 3,000-ത്തോളം കൊതുകു വർഗങ്ങളുണ്ടെന്നാണ് കണക്ക്. പെൺ കൊതുകുകൾ മാത്രമാണ് ചോരകുടിക്കാറുള്ളത്. മൂർച്ചയേറിയ നാവുപയോഗിച്ചാണ് അവരിത് ചെയ്യുന്നത്. ഈ നാവിൽ രണ്ട് ട്യൂബുകളാണുള്ളത്. കൊതുകിന്റെ ഒറ്റക്കുത്തിൽ ഈ രണ്ട് ട്യൂബുകളും മനുഷ്യ ശരീരത്തിലേക്കെത്തും. ഒന്നുപയോഗിച്ച് രക്തം വലിച്ചെടുക്കുമ്പോൾ, മറ്റൊന്ന് ഈ രക്തം കട്ടപിടിക്കാതിരിക്കാനുള്ള പദാർഥം ശരീരത്തിലേക്ക് കുത്തിവെക്കുന്നു. മുട്ടകളുടെ വളർച്ചയ്ക്ക് വേണ്ടിയാണ് രക്തം വലിച്ചെടുക്കുന്നത്. അവരുടെ ആകെ ശരീരഭാരത്തിന്റെ മൂന്നുമടങ്ങ് രക്തം കുടിക്കാൻ ഇവയ്ക്കാകും. പൂന്തേനാണ് ഭക്ഷണത്തിനായി ആൺ-പെൺ കൊതുകുകൾ ഉപയോഗിക്കുന്നത്.

* ഇവയ്ക്ക് ശരീര താപനില, ശരീരത്തിന്റെ ഗന്ധം എന്നിവ തിരിച്ചറിയാനുള്ള കഴിവുണ്ട്. ഈ കഴിവ് മൂലമാണ് നമ്മൾ എവിടെപ്പോയാലും കൊതുകുകൾ കൂടെയെത്തുന്നത്. മനുഷ്യരക്തം മാത്രമല്ല, പശു, ആട്, കുതിര തുടങ്ങിയ ജീവികളുടെ രക്തവും കൊതുകുകൾ കുടിക്കും. കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിട്ടാണ് കൊതുകുകൾ വളരുന്നത്. എന്നാൽ എല്ലാ കൊതുകുകളും വെള്ളത്തിലല്ല മുട്ടയിടുന്നത്. ചിലത് ജലാശയങ്ങൾക്കു സമീപമോ ചതുപ്പ് പ്രദേശങ്ങളിലോ ആകും മുട്ടയിടുക. ഒറ്റത്തവണ 200 മുട്ടകൾവരെ ഒരു കൊതുകിടും. മൂന്നു ദിവസം വരെയാണ് മുട്ടകൾ വളരാനെടുക്കുന്ന സമയം. ഈ മുട്ടകൾ ക്രമേണ വളർന്ന കൂത്താടികളായും കൊതുകുകളായും മാറും.

* ഒരു സെക്കൻഡിൽ 450-600 തവണ വരെ കൊതുകുകളുടെ ചിറകുകൾ ചലിക്കാറുണ്ട്. ഈ ചിറകടിയാണ് ഇവരുടെ മൂളിപ്പാട്ടിന് പിന്നിലെ കാരണം. തുടർച്ചയായി നാലു മണിക്കൂർ വരെ പറക്കാൻ ഇവയ്ക്കാകും (മണിക്കൂറിൽ 1-2 കിലോമീറ്റർ വേഗതയിൽ). ഗപ്പി പോലെയുള്ള മീനുകൾ കൊതുകുകളെ ഭക്ഷിക്കാറുണ്ട്. പെൺ കൊതുകുകൾ രണ്ടാഴ്ച വരെ ജീവിക്കുമ്പോൾ ആൺ കൊതുകുകൾക്ക് ആയുസ്സ് ഒരാഴ്ച വരെ മാത്രമാണ്. മലേറിയ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളാണ് പ്രധാനമായും കൊതുകു പരത്തുന്ന രോഗങ്ങൾ. അന്റാർട്ടിക്കയൊഴികെ മറ്റെല്ലായിടത്തും കൊതുകുകളുണ്ട്. കൊതുകു പരത്തുന്ന രോഗങ്ങൾ മൂലം ഓരോ വർഷവും ഏഴ് ലക്ഷത്തോളം ആൾക്കാർ മരിക്കുന്നതായാണ് കണക്ക്.

Content Highlights: Facts about mosquitoes for kids