തെ, നമ്മുടെ ലഡാക്കിന് അങ്ങനെയുമൊരുപേരുണ്ട്... അമ്പിളിത്തുണ്ട് അഥവാ ബ്രോക്കൺ മൂൺ. ഭൂമിയിലെ ഏറ്റവും ഉയർന്ന ജനവാസസ്ഥലമാണിത്. വടക്കേയറ്റത്ത് 59,343 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമാണിപ്പോൾ. 2019 ഓഗസ്റ്റ് അഞ്ചുവരെ ഇത് ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഒഴിവാക്കി ജമ്മുകശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായത് 2019 ഒക്ടോബർ 31-നാണ്.

അല്പം ചരിത്രം

കേവലം രണ്ടുലക്ഷത്തിനുതാഴെ ജനസംഖ്യയുള്ള ലഡാക്ക്, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. 1947-ൽ ഭാരതത്തിനും പാകിസ്താനും സ്വാത്രന്ത്ര്യം ലഭിക്കുന്നതിനു മുമ്പായി അവിഭക്ത ലഡാക്ക് മുഴുവനും ജമ്മുകശ്മീർ ഭരിച്ചിരുന്ന മഹാരാജാ ഹരിസിങ് എന്ന ഡ്രോഗ ഭരണാധിപന്റെ കീഴിലായിരുന്നു. 1846-ൽ ഇംഗ്ലീഷ്-സിഖ് യുദ്ധാനന്തരം, മഹാരാജാ ഗുലാബ് സിങ് ബ്രിട്ടീഷുകാരിൽ നിന്ന് കശ്മീർ വിലയ്ക്കുവാങ്ങിയതിനെത്തുടർന്നാണ് ലഡാക്ക് കശ്മീരിന്റെ ഭാഗമായത്.

* 1947-48-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ നിർദേശാനുസരണം, ലഡാക്കിന്റെ ഉത്തരപശ്ചിമ ഭാഗത്തുണ്ടായിരുന്ന ഗിൽഗിത്ത്, ഹൻസാ, സകാർദു, ബാൾട്ടിസ്താൻ എന്നീ പ്രദേശങ്ങളും കശ്മീരിന്റെ കുറച്ചു ഭാഗങ്ങളും പാകിസ്താന്റെ അധീനതയിലായി.

* 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ ലഡാക്കിന്റെ വടക്കുകിഴക്കു ഭാഗത്തുണ്ടായിരുന്നതും ടിബറ്റിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്നതുമായ രക്തസാജിൻ എന്ന പീഠഭൂമിയും ചൈന കൈവശപ്പെടുത്തി.

* 1963-ൽ ഗിൽജിത്ത് ബാൾട്ടിസ്താനിലെ കുറച്ചു സ്ഥലം, പാകിസ്താൻ ചൈനയ്ക്ക് കൈമാറി.

* 1979-ൽ ഭരണസൗകര്യാർഥം, ഒറ്റ ജില്ലയായിരുന്ന ലഡാക്കിനെ കാർഗിൽ, ലേ എന്നീ രണ്ടു ജില്ലകളാക്കി. ഈ പട്ടണങ്ങൾ ജില്ലാഭരണ കേന്ദ്രങ്ങളുമാണ്.

ഭൂപ്രകൃതി

പർവതങ്ങൾനിറഞ്ഞ ഇവിടത്തെ കാലാവസ്ഥ വരണ്ടതാണ്. വടക്കു പടിഞ്ഞാറും തെക്കുകിഴക്കും ഹിമാലയവും തൊട്ട് വടക്ക് കാരക്കോരവും ഒരു അതിർത്തി പോലെ സ്ഥിതിചെയ്യുന്നു. ഷായോക്ക്, നുബ്ര നദികൾക്കിടയിലുള്ള സാസാർ ആണ് ലഡാക്കിലെ ഏറ്റവും ഉയരം കൂടിയ പർവതം. 7023 മീറ്ററാണ് (23,340 അടി) ഇതിന്റെ ഉയരം. പ്രതിവർഷം 76 മില്ലിമീറ്റർ. മാത്രമാണ് ഇവിടെ മഴ ലഭിക്കുന്നത്. ഭൂമിശാസ്ത്രപരമായി തരം തിരിച്ചിരിക്കുന്ന ദ്രാസ്, സുരു, സൻസ്കാർ, ഇൻഡസ്, നുബ്ര എന്നീ അഞ്ച് ഭൂവിഭാഗങ്ങളും ഊഷരപ്രദേശങ്ങളാണ്.

മരങ്ങൾ ഇല്ലാത്ത ഭൂമി
കാലാവസ്ഥയുടെയും മണ്ണിന്റെയും പ്രത്യേകതകൾ കാരണം ലഡാക്കിൽ മരങ്ങൾ ഇല്ലെന്നുതന്നെ പറയാം. പാചകാവശ്യത്തിനുള്ള വിറകും മറ്റും കശ്മീരിൽനിന്നാണ് കൊണ്ടുവരുന്നത്. ചെമ്മരിയാടുകളെയും കാളകളെയും ഇവിടത്തെ പർവതസാനുക്കളിൽ കാണാറുണ്ട്. ഐബെക്സ്, മാർഖോർ എന്നീ ഇനങ്ങളിലുള്ള രണ്ട് ആട്ടിൻ വർഗങ്ങളാണിവിടെയുള്ളത്. ചെമ്മരിയാടുകളിൽ ബർഹൽ അധവാ നീല ചെമ്മരിയാട്, ഷാപു, അർഗലി എന്നിവയും ഉൾപ്പെടും. ചാങ്-താങ് പീഠഭൂമിയിൽ ടിബറ്റൻ കൃഷ്ണമൃഗങ്ങളെയും കുറിയ ഇനം മാനുകളെയും കാണാറുണ്ട്. ഇന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന യാക്കുകളെയും ഉദ്ദേശം 4270 മീറ്റർ (14400 അടി) ഉയരമുള്ള പ്രദേശങ്ങളിൽ കാണാം.

സ്വർണം വിതച്ച ഭൂമി
ധാതുസമ്പത്തിലും ലഡാക്ക് ഒട്ടും പിന്നില്ല. എന്നാൽ, ഗതാഗതത്തിന്റെ അഭാവം കാരണം അവയുടെ നല്ലൊരുപങ്കും ഖനനം ചെയ്തെടുക്കാറില്ല. ക്രോമൈറ്റ്, ചുണ്ണാമ്പുകല്ല്, സ്വർണം, പ്ലാറ്റിനം, മനീഷ്യം, ജിപ്സം, ഗന്ധകം, ഇരുമ്പ്, മൈക്ക, ചെമ്പ് എന്നിവയാണ് ഇവയിൽ മുഖ്യം.

മറ്റൊരു ടിബറ്റ്

ടിബറ്റുകാരുടെയും ദർദുകളുടെയും പിൻഗാമികളാണ് ലഡാക്കുകാർ. ജനങ്ങളിൽ ഭൂരിഭാഗവും ബുദ്ധമതക്കാരോ മുസ്ലിങ്ങളോ ആണ്. ലേ യിൽ കുറച്ചു ക്രിസ്താനികളുമുണ്ട്. ലഡാക്കിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ബുദ്ധമതക്കാർക്കും തെക്കും പടിഞ്ഞാറും മുസ്ലിങ്ങൾക്കുമാണ് പ്രാമുഖ്യം. പത്താം നൂറ്റാണ്ടോടുകൂടി ദർദിസ്ഥാനിൽ നിന്നാണ് ലഡാക്കിൽ ബുദ്ധമതം പ്രചരിച്ചത്.

ലാമായിസം എന്നറിയപ്പെടുന്ന ടിബറ്റിലെ ബുദ്ധമതത്തിൽ ആണ് ലഡാക്കുകാർ വിശ്വസിക്കുന്നത്. അതിനാൽ ടിബറ്റുകാരുടെ ആത്മീയ ഗുരുവായ ദലൈലാമയുടെ അനുയായികളുമാണിവർ. ബഹുഭർത്തൃത്വം വളരെ കാലമായി ഇവരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. ലാമകൾ എന്നറിയപ്പെടുന്ന ബുദ്ധസന്ന്യാസികൾ മതപരമായ കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കുന്നു. ഓരോ കുടുംബത്തിൽനിന്നും ഇളയ ഒരു കുട്ടിയെ ഗോംപാ എന്നറിയപ്പെടുന്ന സന്ന്യാസിമഠത്തിലേക്ക് അയക്കണമെന്നുള്ള ആചാരവും ഇവിടത്തെ ബുദ്ധമതക്കാർക്കിടയിൽ നിലവിലുണ്ട്. ഈ കുട്ടി ഭാവിയിൽ ബുദ്ധസന്ന്യാസിയായിത്തീരും.
പതിന്നാലാം നൂറ്റാണ്ടോടുകൂടി അമിർ സയ്യിദ് അൽ ഹംദാനി എന്ന പണ്ഡിതന്റെ ശ്രമഫലമായാണ് ഇസ്ലാം മതം ലഡാക്കിൽ പ്രചരിച്ചു തുടങ്ങിയത്. മുസ്ലിങ്ങളിൽ ഭൂരിപക്ഷവും ഷിയാ വിഭാഗക്കാരാണ്. ബഹുഭാര്യത്വവും ഇവരിൽ ചിലരുടെ ഇടയിൽ നിലനിൽക്കുന്നു.
കേസർ സാഗ

ടിബറ്റൻ ഭാഷയുമായി സാമ്യമുള്ള ലഡാക്കിയാണ് ഇവരുടെ ഭാഷ. ദേവനാഗരിയാണ് ലിപി. രണ്ട് ന്യൂനപക്ഷ, നാടോടിവർഗക്കാർ- ദ്രാസിലുള്ള ബ്രോക്പാസും ഡാ-ഹാനുവിലുള്ള ഡക്ക്പാസും. ടിബറ്റൻ ഭാഷയ്ക്ക് പുറമേ ദാർദ് ഭാഷയും ഇവുടെ ഉപയോഗിക്കുന്നു. കേസർ സാഗയാണ് ലഡാക്കികളുടെ മതഗ്രന്ഥം. പ്രാദേശിക വകഭേദങ്ങളുള്ള ഇതിലെ മുഖ്യ പ്രതിപാദ്യം ലോകസൃഷ്ടിയെ സംബന്ധിച്ചുള്ള വിവരണമാണ്.

മണ്ണിനെ സ്നേഹിക്കുന്നവർ

കൃഷിയാണ് ഭൂരിഭാഗം ലഡാക്കുകാരുടെയും ഉപജീവനമാർഗം. ജലദൗർലഭ്യതയും വളക്കൂറില്ലാത്ത മണ്ണും കാരണം, വർഷത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇവർ കൃഷി ചെയ്യാറുള്ളൂ. പ്രത്യേകിച്ച് ലേ ജില്ലയിൽ. കാർഗിലിന്റെ ചില ഭാഗങ്ങളിൽ രണ്ടുതവണ കൃഷിയിറക്കാറുണ്ട്. ബാർലിയുടെ ഒരു വകഭേദമായ ഗ്രിം ആണ് പ്രധാനവിള. കടുക്, തിന, പയർ, തുവര, നിലക്കട ഇത്യാദിയും പച്ചക്കറികളിൽ കാബേജ്, കോളിഫ്ളവർ, കാരറ്റ്, മധുരമുള്ളങ്കി എന്നിവയും പഴവർഗങ്ങളിൽ ആപ്രിക്കോട്ട്, ആപ്പിൾ, മുന്തിരി, മൾബറി മുതലായവയും ഇവിടെ കൃഷിചെയ്യുന്നു. യാക്കുകളെയും ചാങ്-താങ് എന്നയിനം ആടുകളെയും വളർത്തലാണ് ലഡാക്കുകാരുടെ ഇതര വരുമാനമാർഗങ്ങൾ. ഭാരം വഹിക്കാനാണ് യാക്കിനെ മുഖ്യമായും ഉപയോഗിക്കുന്നത്. ചാങ്-താങ് പ്രദേശത്തെ നാടോടി ആട്ടിടയന്മാർ, പ്രസിദ്ധമായ പാഷ്മിനാ കമ്പിളിക്കായി ആടിന്റെ രോമം ഉപയോഗിക്കുന്നു.

ജലദൗർലഭ്യം കൃഷിയെയും അതുവഴി ലഡാക്കിന്റെ പുരോഗതിയെയും സാരമായി ബാധിച്ചിരുന്നു. ലഡാക്കിലെ കൃഷി മെച്ചപ്പെടുത്തുന്നതിലേക്കായി ജനക്ഷേമകരമായ പല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നു. ഓർ ബതാങ് കനാലാണ് അതിൽ പ്രധാനി. വാഖാ നദിയിലെ ജലം, കാർഗിൽ പട്ടണത്തിനു സമീപമുള്ള വിസ്തൃതമായ പീഠഭൂമിയിലെ ജലസേചനത്തിന് ഉപയുക്തമാക്കുന്നു. അതുപോലെ, മാർതെസ്ലാങ് പദ്ധതിയും ഇൻഡസ് നദിയുടെ ഇടതുകരയിലുള്ള കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. രാത്രികാലങ്ങളിൽ ലേ പട്ടണത്തെയും പ്രാന്തപ്രദേശങ്ങളെയും പ്രകാശഭരിതമാക്കാൻ സ്റ്റാക്ന, സൂരു ജലവൈദ്യുതപദ്ധതികൾ ഉതകുന്നു.

ഐസ് സ്തൂപങ്ങൾ

കൊടുംതണുപ്പ് അനുഭവപ്പെടുന്ന ഇവിടെ ശൈത്യകാലം കഴിയുമ്പോൾ മഞ്ഞുരുകും. അതു കൃഷിക്ക് ഉപയോഗിക്കുന്നതിൽ വിജയിച്ചിരിക്കുകയാണ് ലഡാക്കുകാരനായ മെക്കാനിക്കൽ എഞ്ചിനീയർ സോനം വാങ്ചുക്ക്. അതിന് അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് ഐസ് സ്തൂപങ്ങൾ. ശൈത്യകാലം കഴിയുമ്പോൾ ഐസ് ഉരുകുകയും ജലം കൃഷിക്കായി ഉപയോഗിക്കുകയും ചെയ്യാം.

തയ്യാറാക്കിയത്: ജെ.ശ്രീധര നായ്ക്കൻ

Content Highlights: Facts about Ladakh, Kids, Vidya