ചിറകുണ്ടെങ്കിലും പറക്കാനാകാത്ത പക്ഷികളുടെ കൂട്ടത്തിൽപ്പെട്ടവരാണ് കിവികൾ. ന്യൂസിലൻഡിന്റെ ദേശീയ പക്ഷിയായ ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിഞ്ഞാലോ?

* ചെറിയ ചിറകും നീളമുള്ള കൊക്കുമുള്ള പക്ഷികളാണ് കിവികൾ. പറക്കാൻ സാധിക്കാത്ത പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ പക്ഷിയും കിവിയാണ്. പ്രധാനമായും അഞ്ചുതരം കിവി വർഗങ്ങളാണ് ലോകത്തുള്ളത്. ബ്രൗൺ കിവി, ഗ്രേറ്റ് സ്പോട്ടട് കിവ്, ലിറ്റിൽ സ്പോട്ടട് കിവി, റോവി, ടോക്കോയേക്ക എന്നിവയാണത്.

* വളരെ ചെറിയ ചിറകായതിനാലാണ് ഇവയ്ക്ക് പറക്കാൻ സാധിക്കാത്തത്. അതിനാൽത്തന്നെ വളരെ വേഗം വേട്ടയാടപ്പെടുന്ന പക്ഷി കൂടിയാണിവ. ഇരയെ പെട്ടെന്ന് കണ്ടെത്താൻ കഴിയുന്ന പക്ഷയാണ് കിവികൾ. കൊക്കിന്റെ അറ്റത്തുള്ള ചെറു ദ്വാരങ്ങളാണ് അവരെ ഇതിന് സഹായിക്കുന്നത്. രോമങ്ങൾ പോലെയുള്ള തൂവലുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ചെറുമാളങ്ങളിലും വിറകു കഷ്ണങ്ങൾക്കിടയിലുമെല്ലാമാണ് ഇവ താമസിക്കുന്നത്.

* ഏകദേശം ഒരു കോഴിയുടെയത്ര വലിപ്പമേ ഉള്ളെങ്കിലും ഇവയിടുന്ന മുട്ടയ്ക്ക് നല്ല വലിപ്പമുണ്ടാകും. സ്വന്തം ശരീരത്തിന്റെ ആറിലൊരു ഭാഗം വലിപ്പമുണ്ടാകും ഈ മുട്ടകൾക്ക്. ആൺ-പെൺ കിവികൾ മുട്ടയ്ക്ക് അടയിരിക്കും. ഈ മുട്ട വിരിയാൻ 11 ആഴ്ച വരെ സമയമെടുക്കും. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ സ്വന്തമായി ഭക്ഷണം കണ്ടെത്താൻ പ്രാപ്തരായിരിക്കും. ജീവതാവസാനം വരെ ഒരൊറ്റ ഇണയ്ക്കൊപ്പം കഴിയുന്ന ജീവികളാണിവർ.

* രാത്രികാലങ്ങളിൽ ഇരതേടിയിറങ്ങുന്ന കൂട്ടത്തിലാണ് ഇവ. മിശ്രഭുക്കുകളായ ഇവ വിത്തുകൾ, പഴങ്ങൾ എന്നിവയ്ക്കൊപ്പം ചെറു പ്രാണികളേയും അകത്താക്കും. നന്നായി വെള്ളം കുടിക്കുന്ന ഇവ വെള്ളത്തിൽ കൊക്ക് മുക്കി തല പിന്നോട്ടാക്കിയാണ് ദാഹം ശമിപ്പിക്കുന്നത്. ചെറിയ കണ്ണാണ് ഇവയുടേയത്. അതുകൊണ്ട് തന്നെ ഇവരുടെ വീക്ഷണ പരിധിയും ചെറുതാണ്. കാഴ്ചയെക്കാൾ മറ്റ് ഇന്ദ്രിയങ്ങളെ ആശ്രയിച്ചാണ് ഇവരുടെ പ്രവർത്തനങ്ങളൊക്കെയും.

* രണ്ടു വയസ്സ് പ്രായമെത്തുമ്പോഴേക്കും ഇവ പൂർണ വളർച്ചയെത്തും. 20 വർഷം വരെ ജീവിച്ചിരിക്കുന്ന പക്ഷികളാണിവ. സംരക്ഷിത സാഹചര്യങ്ങളിൽ ജീവിക്കുന്നവ 30 വയസ്സുവരെ ജീവിക്കാറുണ്ട്.

Content Highlights: Facts about kiwi bird for kids