രീരത്തിലൊരു സഞ്ചിയുമായി ചാടി നടക്കുന്ന കംഗാരുക്കളെ കൂട്ടുകാർ കണ്ടിട്ടുണ്ടോ? പ്രധാനമായും ഓസ്ട്രേലിയയിൽ കാണപ്പെടുന്ന സഞ്ചി വർഗത്തിലുള്ള ഈ ജീവിയെക്കുറിച്ച് ചില വിവരങ്ങളറിഞ്ഞാലോ?

* പ്രധാനമായും നാലിനം കംഗാരു വർഗങ്ങളാണ് ലോകത്തുള്ളത്. റെഡ് കംഗാരു, ഈസ്റ്റേൺ ഗ്രേ കംഗാരു, വെസ്റ്റേൺ ഗ്രേ കംഗാരു, ആന്റിലോപ്പൈൻ കംഗാരു എന്നിവയാണത്. റെഡ് കംഗാരുവാണ് ഈ കൂട്ടത്തിലെ വമ്പൻ. ചെറിയ മുൻകാലുകളും ബലമേറിയ പിൻകാലുകളുമാണ് ഇവരുടെ പ്രധാന പ്രത്യേകത. അതിന് പുറമേ വലിയ ചെവിയും ബലമുള്ള വാലും ഇവയ്ക്കുണ്ട്. പെൺ കംഗാരുക്കളുടെ വയറിന്റെ ഭാഗത്തായി ഒരു അറ/സഞ്ചിയുണ്ട്. ഈ സഞ്ചിയാണ് ഇവരെ മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.

* കൂട്ടമായി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഇവ കുറഞ്ഞത് 25 പേരെങ്കിലുമായാകും സഞ്ചരിക്കുക. പെൺ കംഗാരുക്കളും അവരുടെ കുട്ടികളുമാകും കൂട്ടത്തിലെ പ്രധാനികൾ. തങ്ങളുടെ സമീപത്ത് എന്തെങ്കിലും അപകടം മണത്താൽ കാലുകൊണ്ട് തറയിലിടിച്ച് കൂട്ടത്തിലുള്ളവർക്ക് സൂചന നൽകാനും ഇവ ശ്രദ്ധിക്കാറുണ്ട്. ആൺ കംഗാരുക്കൾ കൂട്ടത്തിലെ ഏത് പെൺ കംഗാരുവുമായും ഇണചേരും. ഇങ്ങനെ ഇണചേരാൻ ആൺ കംഗാരുക്കൾ തമ്മിൽ പോരാടാറുണ്ട്.

* വളരെ ശക്തിയേറിയ കാലുകളാണ് ഇവരുടെ പ്രധാന പ്രത്യേകത. ഈ കാലുകളുപയോഗിച്ച് വളരെ വേഗത്തിൽ ഓടാനും ചാടാനുമെല്ലാം ഇവയ്ക്കാകും. മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും ഒൻപത് മീറ്റർ ഉയരത്തിൽ ചാടാനും ഇവയ്ക്കാകും. ഇത് സ്വന്തം ഉയരത്തേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. എന്നാൽ ഇവയ്ക്ക് പിന്നോട്ട് നടക്കാനറിയില്ല. ഓടുന്നതിന് ചാടുന്നതിനും പുറമേ നന്നായി നീന്താനറിയുന്ന ജീവികൂടിയാണ് കംഗാരുക്കൾ.

* വയറിന് പുറത്തെ അറയിലാണ് കുട്ടികളെ സുരക്ഷിതമായി കംഗാരുക്കൾ കൊണ്ടുനടക്കുന്നത്. ജനിക്കുന്ന സമയത്ത് 2.5 സെന്റീമീറ്ററോളം വലിപ്പം മാത്രമേ കംഗാരുക്കുഞ്ഞുങ്ങൾക്കുണ്ടാവുകയുള്ളൂ. അതിനാൽ ഈ കുഞ്ഞുങ്ങളെ ശരീരത്തിലെ അറയിൽ സുരക്ഷിതമാക്കി വെച്ചാകും അമ്മ കംഗാരുവിന്റെ സഞ്ചാരമൊക്കെയും. നാലുമാസം പ്രായമാകുമ്പോഴേക്കും കുഞ്ഞുങ്ങൾക്ക് അറയ്ക്ക് പുറത്തേക്ക് കാണാൻ സാധിക്കുന്ന തരത്തിൽ വളർന്നു തുടങ്ങും. പത്ത് മാസമാകുമ്പോഴേക്കും അവ ആ അറ വിട്ട് പുറത്തിറങ്ങും. മോശം കാലാവസ്ഥയാണെങ്കിൽ പ്രസവം വൈകിപ്പിക്കാനും ഇവയ്ക്കാകും.

* ദൂരയാത്രകൾ നടത്താത്ത ഇവ ചിലപ്പോഴൊക്കെ മോശപ്പെട്ട കാലാവസ്ഥയെ മറികടക്കാൻ ദീർഘദൂരം സഞ്ചരിക്കാറുമുണ്ട്. ഒരു വർഷം മൂന്നു കംഗാരു കുഞ്ഞുങ്ങളെ വരെ വളർത്താൻ പെൺ കംഗാരുകൾക്കാവും. സസ്യഭുക്കുകളായ ഇവ ചെടികളെയാണ് പ്രധാനമായും ഭക്ഷണമാക്കാറുള്ളത്. ആറു വർഷം വരെയാണ് ഇവയുടെ ആയുസ്സ്. സംരക്ഷിത സാഹചര്യങ്ങളിൽ വളരുന്നവ 20 വർഷം വരെ ജീവിക്കാറുണ്ട്.

Content Highlights: Facts about kangaroos for kids