രിത്രാതീത കാലം മുതൽ മനുഷ്യർക്കൊപ്പം ജീവിക്കുന്ന ജീവികളാണ് കുതിരകൾ. ഗതാഗതമാർഗമായും പോരിലെ പടയാളിയായുമെല്ലാം ഉപയോഗിച്ചിരുന്ന ഇവരെക്കുറിച്ച് നമ്മുടെ ഇതിഹാസങ്ങളിപ്പോലും പ്രതിപാദിക്കുന്നുണ്ട്. സർക്കസ് കൂടാരങ്ങളിലും കാഴ്ചബംഗ്ലാവുകളിലുമെല്ലാം ഇന്നിപ്പോൾ സ്ഥിര സാന്നിദ്ധമാണ് ഇന്നിപ്പോളിവ. അറിയാം ഇവരുടെ ചില വിശേഷങ്ങൾ.

* സഞ്ചാരത്തിനും യുദ്ധത്തിനുമെല്ലാമായി 5000-ത്തോളം വർഷങ്ങൾക്ക് മുൻപ് തന്നെ മനുഷ്യർ കുതിരകളെ വളർത്തിയിരുന്നു. മണിക്കൂറിൽ 44 കിലോമീറ്റർ വേഗതയിൽ ഓടാൻ ഇവയ്ക്കാകും. ഈ പ്രത്യേകത കൊണ്ടാണ് പുരാതന കാലം മുതൽ ഇവയെ ഒരു വാഹനമെന്ന രീതിയിൽ ഉപയോഗിച്ച് പോന്നത്. ലോകത്ത് 300-ൽപ്പരം കുതിരയിനങ്ങളുണ്ടെന്നാണ് കണക്ക്. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ.

* ഇവർക്കാകെ 205 എല്ലുകളാണുള്ളത്. മനുഷ്യരെക്കാൾ ഒരെല്ല് കുറവ്. സസ്യഭുക്കുകളായ ഇവ ചെടികൾ, പയർ വർഗങ്ങൾ കിഴങ്ങുകൾ, പച്ചക്കറികൾ എന്നിവ അകത്താക്കും. ശരീരത്തെ അപേക്ഷിച്ച് ചെറിയ ആമാശയമായതിനാൽ ഇടയ്ക്കിടെ ഇവയ്ക്ക് വിശപ്പനുഭവപ്പെടും. ഒരു ദിവസം 19 മുതൽ 38 ലിറ്റർ വെള്ളം വരെ കുതിരകൾ കുടിക്കാറുണ്ട്. ഇവയ്ക്ക് ഭൂമിയിൽ ജീവിക്കുന്ന ഏതൊരു സസ്തനിയേക്കാളും വലിയ കണ്ണുകളാണുള്ളത്. തലയുടെ ഇരുവശത്തുമാണ് ഈ കണ്ണുകളുടെ സ്ഥാനം. അതിനാൽത്തന്നെ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ ഇവർക്ക് കാണാം.

* മികച്ച കാഴ്ച ശക്തിയും കേൾവി ശക്തിയുമെല്ലാം ഇവരുടെ പ്രത്യേകതകളാണ്. പല ദിശയിൽ നിന്നുള്ള ശബ്ദങ്ങൾ കേൾക്കാനായി അവിടേക്ക് കാത് കൂർപ്പിക്കാനും ഇവർക്ക് സാധിക്കും. ഒരു ദിവസം മൂന്നു മണിക്കൂർ വരെയേ ഇവർക്ക് ഉറക്കം ആവശ്യമുള്ളൂ. കിടന്നുറങ്ങണമെന്ന നിർബന്ധവുമില്ല. അതെന്താ അങ്ങനെയെന്നാണോ? നിന്നുകൊണ്ട് നല്ല ഉഷാറായി ഉറങ്ങാൻ പറ്റുന്ന കൂട്ടരാണിവർ. മറ്റുള്ള കുതിരകളുമായി മുഖഭാവങ്ങളിലൂടെ ആശയവിനിമയം നടത്താനും ഇവയ്ക്കാകും.

* നല്ല ബുദ്ധിയുള്ള മൃഗങ്ങളുടെ കൂട്ടത്തിൽപ്പെട്ട ജീവിയാണ് കുതിരകൾ. പുതിയ കാര്യങ്ങൾ പഠിക്കാൻ മനസ്സുള്ള ജീവികൾ കൂടിയാണിവ. ഭിന്നശേഷിക്കാരായവർക്ക് കുതിരസവാരി തെറാപ്പിയായി പോലും നടത്താറുണ്ട്. 320 മുതൽ 370 ദിവസം വരെയാണ് കുതിരകളുടെ ഗർഭകാലയളവ്. 18 മാസം പ്രായമാകുമ്പോഴേക്കും ഇവ പ്രത്യുൽപ്പാദനശേഷി കൈവരിക്കും. ജനിച്ച് മണിക്കൂറുകൾക്കുള്ളിത്തന്നെ ഓടാൻ സാധിക്കുന്ന മൃഗങ്ങളിലൊന്നാണ് കുതിരകൾ. 25 വയസ്സുവരെയാണ് ഇവയുടെ ആയുസ്സ്.

Content Highlights: Facts about horse for kids