ഹിപ്പോപൊട്ടാമസ്സുകളെപ്പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടോ? ഒരു വലിയ വീപ്പ പോലെ വെള്ളത്തിന് മുകളിലൂടെ നീന്തിനടക്കുന്ന ജീവികളാണിവ. കൂടുതൽ സമയവും വെള്ളത്തിൽ ജീവിക്കാനിഷ്ടപ്പെടുന്ന ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിയാം.

* വലിയ തലയും ഉടലും വാലുമുള്ള ജീവികളാണ് ഹിപ്പോപൊട്ടാമസുകൾ. ശരീരത്തിന് മുകൾഭാഗത്ത് തവിട്ടു നിറവും താഴെ ഇളം പിങ്ക് നിറവുമാണ് ഇവയ്ക്കുള്ളത്. ചെറിയ കാലുകളും വലിയ വായും ഇവരുടെ സവിശേഷതകളാണ്. ആനകളും കണ്ടാമൃഗവും കഴിഞ്ഞാൽ കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവികളാണ് ഇവ. ഒരു ശരാശരി ആൺ ഹിപ്പോപൊട്ടാമസിന് 3.5 മീറ്റർ നീളവും 1.5 മീറ്റർ ഉയരവും 3,200 കിലോഗ്രാം ഭാരവുമുണ്ടായിരിക്കും.

* തലയുടെ മുകൾഭാഗത്തായി കണ്ണ്, മൂക്ക്, ചെവി എന്നീവയുള്ളതിനാൽ ശരീരം മുഴുവൻ വെള്ളത്തിനടിയിൽ ആണെങ്കിലും ഇവയ്ക്ക് കാണാനും കേൾക്കാനും ഗന്ധം തിരിച്ചറിയാനും സാധിക്കും. വിയർപ്പാണ് ഇവരുടെ മറ്റൊരു പ്രത്യേകത. ത്വക്കിലൂടെ പുറത്തുവരുന്ന വിയർപ്പിന് എണ്ണമയമാണുള്ളത്. മനുഷ്യരുടേതിൽ നിന്ന് വിഭിന്നമായി ഈ വിയർപ്പിന് ചുവന്ന നിറമാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ തനി ചോര. രാവിലെ മുഴുവൻ വെള്ളത്തിൽ കളിച്ച് രാത്രി ഭക്ഷണം കഴിക്കാനിറങ്ങുന്ന ശീലക്കാരാണിവർ. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവ. ഒരു കൂട്ടത്തിൽ കുറഞ്ഞത് പത്ത് അംഗങ്ങളെങ്കിലുമുണ്ടാകും. സസ്തനികളാണെങ്കിലും സാധാരണ സസ്തനികൾക്കുള്ള പോലെ ശരീരമാസകലം രോമങ്ങൾ ഇവർക്കില്ല.

* പൂർണമായും സസ്യഭുക്കുകളായ ജീവികളാണ് ഇവ. ഇഷ്ടപ്പെട്ട പുല്ലിനങ്ങളാണെങ്കിൽ ഒറ്റയിരുപ്പിന് 35 കിലോ വരെ അകത്താക്കും കക്ഷി. നന്നായി നീന്തലറിയുന്ന ഇവയ്ക്ക് വെള്ളത്തിനടിയിൽ അഞ്ച് മിനിറ്റുവരെ ശ്വാസം പിടിച്ച് നിൽക്കാനാകും. മുങ്ങുന്ന അവസരങ്ങളിൽ വെള്ളം ചെവിയിലും മൂക്കിലും കയറാതിരിക്കാൻ ദ്വാരങ്ങൾ അടയ്ക്കാനും ഇവർക്കാകും. പൊതുവെ വേഗത കുറഞ്ഞ ജീവികളായാണ് ഇവ അറിയപ്പെടുന്നതെങ്കിലും ചെറിയ ദൂരങ്ങൾ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ താണ്ടാൻ കഴിയുമിവർക്ക്.

* എട്ട് മാസം വരെയാണ് ഇവയുടെ ഗർഭകാലയളവ്. ഒറ്റപ്രസവത്തിൽ ഒരു കുട്ടിയാണ് സാധാരണ ഉണ്ടാവാറുള്ളത്. വെള്ളത്തിനടിയിൽവെച്ചാണ് ഇവ കുട്ടികൾക്ക് ജന്മം നൽകുന്നത്. 40 വർഷം വരെയാണ് ഹിപ്പോപൊട്ടാമസുകളുടെ ആയുസ്സ്. കാഴ്ചബംഗ്ലാവുൾപ്പെടെയുള്ള സംരക്ഷിത സ്ഥാനങ്ങളിൽ താമസിക്കുന്നവ 50 വയസ്സുവരെയൊക്കെ ജീവിക്കാറുണ്ട്. വളരെ വേഗം ആക്രമകാരികളാകാൻ സാധ്യതയുള്ള ജീവികളാണിവ.

Content Highlights: Facts about hippopotamus for kids