ദ്യം ക്രിസ്ത്യൻ ദേവാലയം, പിന്നെ മുസ്ലിം പള്ളി, പിന്നീട് മ്യൂസിയം... അതിനുശേഷം ഇപ്പോൾ വീണ്ടും മുസ്ലിം ആരാധനാലയം...ലോകാദ്ഭുതമായ ഹഗിയ സോഫിയ എന്ന ചരിത്രനിർമിതിയെക്കുറിച്ചറിയാം.

ഹഗിയ സോഫിയയെന്നാൽ ഗ്രീക്ക് ഭാഷയിൽ വിശുദ്ധ ജ്ഞാനത്തിന്റെ ഗേഹം (ചർച്ച് ഓഫ് ദി ഹോളി വിസ്ഡം) എന്നർഥം. ലോകത്തിലെ വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളിൽ ഒന്നാണിത്. തുർക്കിയിലെ വാസ്തുവിദ്യാ വിസ്മയമാണ് ഈ നിർമിതി. ഈസ്താംബൂളിന്റെ തലയെടുപ്പ്. പല മതങ്ങളുടെയും ആരാധനാലയമായിരുന്ന ഇടം. വ്യത്യസ്തതകൾ ഏറെയാണ് ഹഗിയ സോഫിയയ്ക്ക്.

അല്പം ചരിത്രം

എ.ഡി. 565-ൽ ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന ജസ്റ്റീനിയൻ ഒന്നാമനാണ് ഓർത്തഡോക്സ് ക്രിസ്തീയ ദേവാലയമായി ഹഗിയ സോഫിയ നിർമിച്ചത്. ബൈസന്റൈൻ സാമ്രാജ്യതലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഈസ്താംബൂൾ) ആയിരുന്നു നിർമാണം.

ഗണിതശാസ്ത്രജ്ഞനായ അന്തേമിയസും ഭൗതികശാസ്ത്രജ്ഞനായ ഐസിഡോർ ദി എൽഡറുമാണ് കെട്ടിടം രൂപകല്പന ചെയ്തത്. പതിനായിരത്തിലേറെ തൊഴിലാളികൾ രാപകലില്ലാതെ പണിയെടുത്ത് എ.ഡി. 537-ലാണ് ഹഗിയ സോഫിയയുടെ നിർമാണം പൂർത്തിയാക്കിയത്. മൊസൈക്കുകൊണ്ടുള്ള കൊത്തുപണികളും ക്രിസ്തീയരൂപങ്ങളും നിറഞ്ഞതാണ് ഹഗിയ സോഫിയയുടെ ചുമരുകളും അകത്തളവും. ഈജിപ്തിൽനിന്നും ഇറ്റലിയിൽനിന്നുമാണ് നിർമാണത്തിനുള്ള മാർബിൾ എത്തിച്ചത്.

പിന്നീട് ഇടയ്ക്കിടെയുണ്ടായ ഭൂകമ്പങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും കെട്ടിടത്തിന് കേടുപാടുകളുണ്ടായെങ്കിലും ഒട്ടേറെത്തവണ പുതുക്കിപ്പണിതു. 13-ാം നൂറ്റാണ്ടിൽ നാലാം കുരിശുയുദ്ധപ്പോരാളികൾ ഹഗിയ സോഫിയ പിടിച്ചെടുത്ത് റോമൻ കത്തീഡ്രലാക്കി മാറ്റിയെങ്കിലും ബൈസന്റൈൻ സാമ്രാജ്യം നിർമിതി തിരിച്ചുപിടിക്കുകയും ഓർത്തഡോക്സ് ദേവാലയമാക്കി നിലനിർത്തുകയും ചെയ്തു.

മുസ്ലിം ആരാധനാലയമാവുന്നു

1453-ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ മെഹമെദ് രണ്ടാമൻ ബൈസന്റൈൻ കീഴടക്കി കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തു. ഹഗിയ സോഫിയയുടെ പ്രവേശനകവാടം തകർക്കപ്പെട്ടു. ഹഗിയയെ മുസ്ലിം പള്ളിയാക്കി സംരക്ഷിക്കാനും പ്രാർഥന നടത്താനും സുൽത്താൻ മെഹമെദ് ഉത്തരവിട്ടു. നാല് മിനാരങ്ങൾ കെട്ടിടത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. പള്ളിയുടെ ചുമരുകളിലുണ്ടായിരുന്ന ക്രിസ്തീയ രൂപങ്ങളിൽ പലതും തകർക്കുകയോ മറയ്ക്കപ്പെടുകയോ ചെയ്തു. മുകളിൽ അറബിക് ചിത്രങ്ങൾ എഴുതിച്ചേർക്കപ്പെട്ടു. 1934 വരെ ഹഗിയ സോഫിയ മുസ്ലിം പള്ളിയായി തുടർന്നു.

അതാതുർക്കിന്റെ വരവും മ്യൂസിയവും

ഒന്നാം ലോകയുദ്ധത്തോടെ 1923-ൽ ഓട്ടോമൻ സാമ്രാജ്യം തകർന്നു. തുർക്കിയിൽ മുസ്തഫ കെമാൽ അതാതുർക്ക് (ആധുനിക തുർക്കിയുടെ പിതാവ്) അധികാരത്തിലെത്തി. രാജ്യത്തൊട്ടാകെ നടത്തിയ മതനിരപേക്ഷ നീക്കങ്ങളുടെ ഭാഗമായി തർക്കമന്ദിരമായിത്തുടർന്ന ഹഗിയ സോഫിയയെ 1930-ൽ അടച്ചിട്ടു. 1934-ൽ അതാതുർക്ക് ഹഗിയയെ മ്യൂസിയമായി പ്രഖ്യാപിക്കുകയും എല്ലാ ജനങ്ങൾക്കും പ്രവേശനം അനുവദിക്കുകയും ചെയ്തു.

മ്യൂസിയമാക്കി മാറ്റിയ ലോകത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായി മാറി ഇതോടെ ഹഗിയ. 1985-ൽ തുർക്കിയിലെ മറ്റ് ചരിത്രസ്മാരങ്ങൾക്കൊപ്പം ഹഗിയ സോഫിയയെയും യുനെസ്കോ ലോക പൈതൃകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഓരോ വർഷവും 37 ലക്ഷത്തിലേറെ സന്ദർശകർ ഹഗിയ സോഫിയയിലെത്തിയിരുന്നു.

വീണ്ടും മോസ്ക്

ഹഗിയ സോഫിയയെ വീണ്ടും മുസ്ലിം ആരാധനാലയമാക്കി മാറ്റാൻ ജൂലായ് ആദ്യവാരം തുർക്കി കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനെതിരേ ലോകത്തിന്റെ പലകോണിൽനിന്നും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ടെങ്കിലും എല്ലാ മതക്കാർക്കും സന്ദർശനം അനുവദിക്കുമെന്നും ഹഗിയ സോഫിയയുടെ മതേതര മുഖത്തിന് മാറ്റമുണ്ടാകില്ലെന്നും ഉറപ്പുനൽകിയിരിക്കുകയാണ് തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉർദുഗാൻ.

തയ്യാറാക്കിയത്: കൃഷ്ണപ്രിയ ടി. ജോണി

Content Highlights: Facts About hagia sophia for kids, Vidya