ലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തിൽ കൂട്ടുകാർക്ക് ഏറ്റവും പരിചയമുള്ള പേരാകും ഗപ്പിയുടേത്. പല നിറത്തിൽ ചെറുവാലാട്ടി വെള്ളത്തിൽ നീന്തിക്കളിക്കുന്ന ഗപ്പിയെ ശരിക്കും ആരാണ് ഇഷ്ടപ്പെടാത്തത്? അവരെക്കുറിച്ച് ചില വിശേഷങ്ങൾ അറിഞ്ഞാലോ?

* ഏത് കാലാവസ്ഥയോടും വേഗത്തിൽ താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന കൂട്ടരാണ് ഗപ്പികൾ. തെക്കേ അമേരിക്കയിലാണ് ഇവ ഉൽഭവിച്ചതെങ്കിലും ഇന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഇവയെക്കാണാം. അതിന് കാരണവും ഇവരുടെ ഈ സ്വഭാവമാണ്. പല നിറത്തിലുള്ള ഗപ്പികളുണ്ട്. ഈ പ്രത്യേകത കൊണ്ട് തന്നെ ഇവ റെയിൻബോ ഫിഷെന്ന് അറിയപ്പെടാറുണ്ട്. ആൺ ഗപ്പികളാണ് ശരിക്കും കാഴ്ചയിൽ കളർഫുൾ.

* കാഴ്ചയിൽ വളരെ ചെറിയ മീനുകളായ ഇവയ്ക്ക് രണ്ടിഞ്ചോളമേ വലിപ്പമുണ്ടാകൂ. പെൺ ഗപ്പികൾക്കാണ് ആൺ ഗപ്പികളേക്കാൾ വലിപ്പക്കൂടുതൽ. ഭക്ഷണമൊന്നും കഴിക്കാതെ ഒരാഴ്ചവരെ ജീവിക്കാൻ ഗപ്പികൾക്ക് കഴിയും. ഉഷ്ണ മിതോഷ്ണ മേഖലകളിലെ ജലാശയങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. പൊതുവേ ശാന്തശീലരായാണ് ഇവ അറിയപ്പെടുന്നത്.

* മിശ്രഭുക്കുകളായ ഇവ വെള്ളത്തിലുള്ള എന്തിനേയും ഭക്ഷണമാക്കും. ചെറു ചെടികളിൽ തുടങ്ങി ചെറു വിരകൾ, ഷഡ്പദങ്ങൾ, ആൽഗകൾ, ലാവകൾ എന്നിവ വരെ ഇവക്കിരയാകാറുണ്ട്. കൊതുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ പലയിടത്തും വെള്ളത്തിൽ ഗപ്പികളെ വളർത്താറുണ്ട്. വെള്ളത്തിലെ കൊതുകിന്റെ മുട്ടകളെയെല്ലാം അകത്താക്കുന്ന ഇക്കൂട്ടരെ ഉപയോഗിച്ച് പലയിടത്തും കൊതുകുജന്യ രോഗങ്ങളെ തുരത്താറുണ്ട്.

* ബ്രിട്ടീഷ് നാച്വറലിസ്റ്റും സുവോളജിസ്റ്റുമായ റോബർട്ട് ജോൺ ലെച്ച്മിർ ഗപ്പിയുടെ പേരാണ് ഈ മത്സ്യത്തിന് നൽകിയിരിക്കുന്നത്. 1866-ൽ ട്രിനിഡാൽ വെച്ച് കണ്ടെത്തിയ ഈ മത്സ്യത്തിന് അദ്ദേഹം ''പോസിലിയ റെറ്റികുലേറ്റ''യെന്ന ശാസ്ത്രനാമം നൽകി. പിന്നീട് അദ്ദേഹത്തിന്റെ സ്മരണാർഥം ഈ മത്സ്യത്തിന് ഗപ്പിയെന്ന പേര് നൽകി.

* മറ്റ് മത്സ്യങ്ങൾ മുട്ടയിടുമ്പോൾ അവരിൽ നിന്ന് വ്യത്യസ്തമായി, കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരാണ് ഗപ്പികൾ. ഇണചേർന്നതിന് 30 ദിവസങ്ങൾക്ക് ശേഷം 20 മുതൽ 60 കുഞ്ഞുങ്ങൾക്ക് വരെ ഇവ ജന്മം നൽകും. ചിലർ 100 കുഞ്ഞുങ്ങളെ വരെ പ്രസവിക്കാറുണ്ട്. ഒന്നു മുതൽ മൂന്നു വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്.

Content Highlights: Facts about guppy for kids