പ്ലാവിലയും പഴത്തൊലിയും തിന്ന് വീടായ വീടെല്ലാം കയറിയിറങ്ങിയ 'പാത്തുമ്മയുടെ ആടി'നെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ? ബഷീറെന്ന കഥാകാരന്റെ വാക്കുകളിലൂടെ നമ്മളറിഞ്ഞ, മനുഷ്യരോട് വേഗം അടുക്കുന്ന, അവർക്കായി പാലും മാംസവുമെല്ലാം തരുന്ന ആടുകളെപ്പറ്റി ചില വിശേഷങ്ങളറിയാം.

* ലോകത്താകമാനം 210-ഓളം ആടു വർഗങ്ങളുണ്ടെന്നാണ് കണക്ക്. രോമത്തിനായും മാംസത്തിനായും പാലിനായുമെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ആടുകളെ വളർത്തിയിരുന്നു. വിറ്റാൻമിൻ എ, കാൽസ്യം തുടങ്ങിയ ധാതു-ലവണങ്ങൾ പശുവിൻ പാലിനെക്കാൾ കൂടുതൽ അടങ്ങിയിരിക്കുന്നത് ആട്ടിൻപാലിലാണ്. ഒരു ദിവസം മൂന്നു ലിറ്റർ പാലു വരെ ലഭിക്കും. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മാംസങ്ങളിലൊന്നും ആടിന്റേത് തന്നെയാണ്.

* ജീവിക്കുന്ന ചുറ്റുപാടുകളോട് വളരെ വേഗം ഇണങ്ങിച്ചേരാൻ കഴിയുന്ന ജീവികളാണ് ആടുകൾ. അതിനാൽത്തന്നെ വിവിധ ഭൂപ്രകൃതികളിൽ വ്യത്യസ്തമായ കാലവസ്ഥകളിൽ ആടുകൾക്ക് ജീവിക്കാനാകും. പൂർണമായും സസ്യഭുക്കുകളാണ് ഇവ. കഴിക്കുന്ന ഭക്ഷണം പൂർണമായി ചവച്ചിറക്കാതെ വിഴുങ്ങിയ ശേഷം സമയം കിട്ടുമ്പോൾ അത് വീണ്ടും വായിലെത്തിച്ച് ചവച്ചരച്ച് കഴിക്കുന്ന ശീലം ആടുകൾക്കുണ്ട്. ഇത് അയവിറക്കൽ എന്നറിയപ്പെടുന്നു. മഴ നനയാൻ തീരെ ഇഷ്ടപ്പെടാത്ത ജീവികളാണ് ഇവർ. അതിനാൽത്തന്നെ മഴ പെയ്താൽ ഏതെങ്കിലും മേൽക്കൂരയ്ക്ക് കീഴിൽ അഭയം പ്രാപിക്കാനാകും ഇവർക്ക് താൽപ്പര്യം.

* 70-120 സെന്റിമീറ്റർ നീളവും 45-54 കിലോഗ്രാം വരെ ഭാരവുമാണ് സാധാരണ ആടുകൾക്കുണ്ടാവുക. ഓരോ വർഗത്തിനുമനുസരിച്ച് ഇതിൽ മാറ്റമുണ്ടാകും. കൂട്ടമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇവരിലെ മുട്ടനാടുകൾ പലപ്പോഴും പോരിന് മുതിരാറുണ്ട്. അഞ്ചടി ഉയരത്തിലേക്ക് വരെ ചാടാൻ ആടുകൾക്കാകും. ശരീരത്തിലെ രോമവും താടിയും കൊമ്പുകളുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്.

* 150 ദിവസം വരെയാണ് ആടുകളുടെ ഗർഭകാലയളവ്. ഒറ്റപ്രസവത്തിൽ 2-3 ആട്ടിൻകുട്ടികൾ വരെ ഉണ്ടാകാറുണ്ട്. ആരോഗ്യമുള്ള ആട്ടിൻകുട്ടികൾക്ക് ജനിച്ച് മണിക്കൂറുകൾക്കകം തന്നെ സ്വന്തം കാലിൽ നിൽക്കാനാകും. 8-12 വയസ്സുവരെയാണ് ആടുകളുടെ ശരാശരി ആയുസ്സ്. എന്നാൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ആടുകൾ 15 വയസ്സുവരെ ജീവിക്കാറുണ്ട്.

Content Highlights: Facts about goat for kids