പുള്ളിക്കുപ്പായവുമിട്ട് നീളൻ കഴുത്തും നീട്ടി നിൽക്കുന്ന ജിറാഫുകളെ ടി.വിയിലും കാഴ്ച ബംഗ്ലാവിലുമെല്ലാം കൂട്ടുകാർ കണ്ടിട്ടുണ്ടാകുമല്ലോ? ഇവയെക്കുറിച്ച് ചില കാര്യങ്ങളറിഞ്ഞാലോ?
* ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ജീവിയാണ് ജിറാഫുകൾ. 5.5 മീറ്ററാണ് ഇവയുടെ ഉയരം. കാലുകൾക്ക് മാത്രം ആറടി ഉയരമുണ്ടാകും. ഈ പ്രത്യേകത കൊണ്ടുതന്നെ മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ (ദൂരം കൂടുതലെങ്കിൽ. ചെറിയ ദൂരം മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കും) ഓടാൻ ഇവയ്ക്ക് കഴിയും. ഇവയുടെ വാലുകൾക്ക് 2.4 മീറ്റർ വരെ നീളമുണ്ടാകും.
* സസ്യഭുക്കുകളാണ് ജിറാഫുകൾ. ഒരു ദിവസം 45 കിലോഗ്രാം ഇലകൾ വരെ ഇവയക്ക് കഴിക്കാനാകും. ഇത്രയധികം ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും വെള്ളം കുടിക്കുന്ന കാര്യത്തിൽ ഇവർക്ക് വലിയ മടിയാണുള്ളത്. കഴിക്കുന്ന സസ്യങ്ങളിൽ നിന്ന് ഇവരുടെ ശരീരത്തിനാവശ്യമായ വെള്ളം ലഭിക്കുമെന്നതിനാലാണിത്. ഈ പ്രത്യേകത കൊണ്ടുതന്നെ ചൂടേറിയ പ്രദേശങ്ങളിൽ ഇവയ്ക്ക് അനായാസം ജീവിക്കാനാകും. ഈ മടിക്ക് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഉയരമുള്ള കഴുത്തായതിനാൽത്തന്നെ വെള്ളം കുടിക്കാൻ മുൻകാലുകൾ രണ്ടും നന്നായി അകത്തി വെക്കണം. അതൊരൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്!
*കഴുത്തിന് നല്ല നീളമുള്ളതിനാൽ ഉയരത്തിലുള്ള മരങ്ങളിൽ നിന്ന് ഇലകൾ ഭക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും. 53 സെന്റിമീറ്റർ വരെ നീളമുള്ള നാക്കും ഇലകൾ പറിച്ച് കഴിക്കാൻ ഇവയെ സഹായിക്കും. കഴുത്തിന്റെയും നാവിന്റേയും ഈ പ്രത്യേകതയ്ക്കൊപ്പം മികച്ച കാഴ്ച ശക്തിയും ജിറാഫുകളുടെ പ്രത്യേകതയാണ്. അതിനാൽ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ വേഗം കണ്ടെത്താൻ ഇവയ്ക്കാകും. കരയിൽ ജീവിക്കുന്ന മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഹൃദയമാണ് ജിറാഫുകൾക്കുള്ളത്. 11 കിലോഗ്രാം വരെയാണ് അതിന്റെ ഭാരം.
* കൂട്ടമായി സഞ്ചരിക്കുന്ന ജീവികളാണിവ. ജനിക്കുമ്പോൾത്തന്നെ ഇവയ്ക്ക് 1.5 മീറ്റർ ഉയരമുണ്ടാകും. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവ ഓടിച്ചാടി നടക്കാൻ തുടങ്ങും. ജീവിതത്തിന്റെ ഭൂരിഭാഗവും 'നിന്ന നിൽപ്' തുടരുന്ന ജീവിയാണ് ജിറാഫുകൾ. വേണമെങ്കിൽ ഒറ്റ നിൽപ്പിൽ ഉറങ്ങാൻ പോലും ഇക്കൂട്ടർക്ക് പറ്റും. ഉറക്കമെന്ന് പറഞ്ഞാൽ മണിക്കൂറുകളുടെ ദൈർഘ്യമൊന്നുമില്ല കേട്ടോ... കൂടിപ്പോയാൽ 30 മിനിറ്റുവരെ മാത്രം. 25 വയസ്സുവരെയാണ് കാട്ടിൽ ജീവിക്കുന്ന ജിറാഫുകളുടെ ആയുസ്സ്. കാഴ്ചബംഗ്ലാവുകളിലും മറ്റുമുള്ളവ 40 വർഷം വരെ ജീവിക്കാറുണ്ട്.
Content Highlights: Facts about Giraffe for Kids