വെള്ളത്തിലും കരയിലും ജീവിക്കുന്ന ജീവികളാണ് തവളകളെന്ന് കൂട്ടുകാർക്കറിയാമല്ലോ? നമ്മുടെ നാട്ടിൻ പുറത്തു കാണുന്ന സാധാരണ തവളകൾ മുതൽ വേറെവിടെയും കാണാത്ത അപൂർവയിനം തവളകൾ വരെ ഈ ലോകത്തുണ്ട്. ഇവരെക്കുറിച്ച് ചില വിശേഷങ്ങളറിഞ്ഞാലോ?

* ധ്രുവ പ്രദേശങ്ങളിലൊഴികെ ലോകത്തിന്റെ മറ്റെല്ലാം ഭാഗങ്ങളിലും തവളകളെ കാണാം. ലോകത്തിലാകമാനം 4,700-ലധികം തവള വർഗങ്ങളുണ്ടെന്നാണ് കണക്ക്. വ്യത്യസ്ത നിറത്തിലുള്ളവരാണ് ഇവയിൽ പലതും. ഗോലിയാത്താണ് ലോകത്തിലെ ഏറ്റവും വലിയ തവള.

* കരയിലും വെള്ളത്തിലും ജീവിക്കുന്നവരാണെങ്കിലും ഇവ മുട്ടയിടുന്നത് വെള്ളത്തിലാണ്. ഈ മുട്ട വിരിഞ്ഞുണ്ടാകുന്ന തവളക്കുഞ്ഞുങ്ങൾ വാൽമാക്രികളെന്നാണ് അറിയപ്പെടുന്നത്. നീണ്ട വാലുകളുള്ള ഇവ കാഴ്ചയിൽ മീനുകളെപ്പോലിരിക്കും. ഇവ ശ്വസിക്കുന്നത് ശകലങ്ങളിലൂടെയാണ്. ഈ വാൽമാക്രികളാണ് ക്രമേണ വളർന്ന് തവളകളായി മാറുന്നത്. ഈ പ്രക്രിയ രൂപാന്തരത്വമെന്നാണ് അറിയപ്പെടുന്നത്. വളരുന്നതിനനുസരിച്ച് ഇവയുടെ ശരീരത്തിൽ ശ്വാസകോശം രൂപപ്പെട്ട് വരും. ത്വക്കിലൂടെയും മൂക്കിലൂടെയുമെല്ലാം ശ്വാസോച്ഛാസം നടത്താൻ ഇവർക്ക് കഴിയും.

* ജലാശയങ്ങൾക്കടുത്താകും എപ്പോഴും തവളകളുടെ വാസസ്ഥലം. ശരീരത്തിൽ ജലാംശം നിലനിർത്താനാണിത്. ഇവർ നേരിട്ട് വെള്ളം കുടിക്കാറില്ല. ഇവരുടെ ശരീരത്തിലെ ചെറു സുഷിരങ്ങൾ വെള്ളത്തെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. വലിയ കണ്ണുകളും വെള്ളത്തിൽ നീന്താൻ സഹായിക്കുന്ന തരം കാലുകളുമാണ് ഇവരുടെ പ്രത്യേകത. ആഴ്ചയിലൊരിക്കൽ ശരീരത്തിലെ തൊലിയുരിയുന്ന ശീലമുണ്ട് ഇവയ്ക്ക്.

* നാവുപയോഗിച്ചാണ് തവളകൾ ഇരപിടിക്കുന്നത്. നാവിലെ പശപോലെയുള്ള പ്രതലത്തിൽ ഒട്ടിപ്പിടിക്കുന്ന ഇരകളെ അകത്താക്കുകയാണ് ഇവരുടെ രീതി. മികച്ച കാഴ്ച ശക്തിയുള്ള ഇവയ്ക്ക് 360 ഡിഗ്രിയിലുള്ള എല്ലാം കാണാൻ സാധിക്കും. ഉറങ്ങുമ്പോൾ പോലും കണ്ണ് അടയ്ക്കുന്ന ശീലമില്ല ഇവയ്ക്ക്. തലയുടെ ഇരുഭാഗത്തും വൃത്താകൃതിയിലുള്ള വലിയ ചെവികളാണ് ഇവരുടേത്. കഠിനമായ കാലാവസ്ഥയിൽ നിന്ന് രക്ഷനേടാനായി സുഷുപ്തിയിലേക്ക് പോകുന്ന ശീലമുണ്ട് തവളകൾക്ക്. ഇത് ചിലപ്പോൾ മാസങ്ങൾ വരെ നീണ്ടേക്കാം.

* മാംസഭുക്കുകളായ ഇവ ചെറുപ്രാണികളെയാണ് ഭക്ഷിക്കുന്നത്. ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഇവരെ ജൈവകീടനാശിനികളെന്നും വിളിക്കാറുണ്ട്. നാലു മുതൽ 15 വർഷം വരെയാണ് മിക്ക തവളകളുടേയും ആയുസ്സ്. 40 വർഷം വരെ ജീവിച്ച തവളകളുമുണ്ട്.

Content Highlights: facts about frogs for kids