ല സൂത്രങ്ങളും പ്രയോഗിച്ച് സ്വന്തം വയറുനിറയ്ക്കാനുള്ള വഴി കണ്ടെത്തുന്ന കുറുക്കന്മാരെക്കുറിച്ച് പല കഥകളിലും കൂട്ടുകാർ വായിച്ചിട്ടുണ്ടാകും. പൂച്ചകളുടെ സ്വഭാവത്തോട് ഏറെ അടുത്തുനിൽക്കുന്ന, എന്നാൽ നായവർഗത്തിൽപ്പെട്ട ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിഞ്ഞാലോ?

* ഗ്രേഫോക്സ്, റെഡ് ഫോക്സ്, ആർട്ടിക് ഫോക്സ് തുടങ്ങി 20-ലധികം വിഭാഗം കുറുക്കന്മാരുണ്ടെന്നാണ് കണക്ക്. നായ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗങ്ങളാണിവർ. പൂച്ചകളെകളെക്കാൾ ഒരൽപം കൂടി വലിപ്പമേ ഇവയ്ക്കുണ്ടാകൂ. രോമം നിറഞ്ഞ വാലും ത്രികോണാകൃതിയിലുള്ള ചെവിയുമെല്ലാം ഇവരുടെ പ്രധാന പ്രത്യേകതകളാണ്.

*പൂച്ചകളോട് ഏറെ സാദൃശ്യമുള്ള ഇവയുടെ കൃഷ്ണമണിയിൽ അവരുടേതിന് സമാനമായി നീളത്തിലൊരു കറുത്തഭാഗമുണ്ടാകും. പൂച്ചകളെപ്പോലെ നഖം ഉള്ളിലേക്ക് പിൻവലിക്കാനും നന്നായി മരംകയറാനും സാധിക്കുന്ന ഇവ പതുങ്ങിയിരുന്ന് ഇരപിടിക്കുന്ന കൂട്ടത്തിലാണ്. അങ്ങനെ പിടിക്കുന്ന ഇരയ്ക്കൊപ്പം ഒരൽപം സാറ്റുകളിയൊക്കെ നടത്തിയതിന് ശേഷമാകും അതിനെ അകത്താക്കുക.

* സ്വന്തം വാസസ്ഥലത്തിന്റെ അതിർത്തികളിൽ മൂത്രമൊഴിച്ച് അവിടം അടയാളപ്പെടുത്തുന്ന ശീലവും ഇവർക്കുണ്ട്. പ്രധാനമായും രാത്രിയിൽ ഇര നേടിയിറങ്ങുന്ന കൂട്ടരാണിവർ. പൊതുവേ മാംസാഹാരിയായ ഇവർ എലികൾ, മുയലുകൾ, പക്ഷികൾ എന്നിവയെയാണ് ഭക്ഷണമാക്കുന്നത്. എങ്കിലും ചിലപ്പോഴൊക്കെ ഗതികെട്ട് സസ്യങ്ങളേയും കഴിക്കാറുണ്ടിവ. കൂട്ടിൽ നിന്ന് കോഴികളെ അടിച്ചുമാറ്റി ശാപ്പിടാനും മിടുക്കരാണിവർ.

* ഡിസംബർ-ഫെബ്രുവരി മാസത്തിനിടെയാണ് ഇവ പ്രജനനം നടത്തുന്നത്. ഒറ്റ പ്രസവത്തിൽ നാലു മുതൽ അഞ്ചു കുഞ്ഞുങ്ങൾക്ക് വരെ ഇവ ജന്മം നൽകാറുണ്ട്. ജനിക്കുന്ന സമയം ശരീരത്തിൽ രോമങ്ങളില്ലാത്ത ഇവയ്ക്ക് കാഴ്ചയുമില്ലായിരിക്കും. ആദ്യ രണ്ടാഴ്ചകളിൽ കൂടിന് പുറത്തുപോലും ഇറങ്ങാതെ അമ്മമാരായിരിക്കും കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. നാല് ആഴ്ചയാകുമ്പോഴേക്കും കുട്ടികൾ കൂടിന് പുറത്തേക്കിറങ്ങിത്തുടങ്ങും. ആറു മുതൽ 12 മാസമാകുമ്പോഴേക്കും ഇവ സ്വന്തമായി ജീവിതമാരംഭിക്കും. രണ്ടു മുതൽ അഞ്ചു വർഷം വരെയാണ് ഇവരുടെ ശരാശരി ആയുസ്സ്. എന്നാൽ സംരക്ഷിത സാഹചര്യങ്ങളിൽ വളരുന്ന കുറുക്കന്മാർ 14 വർഷം വരെ ജീവിക്കാറുണ്ട്.

* ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണിവർ. മികച്ച കേൾവി ശക്തിയുള്ള ഇവയ്ക്ക് ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദങ്ങൾ കേൾക്കാനാകും. ചില പ്രത്യേക ശബ്ദങ്ങളുപയോഗിച്ചാണ് ഇവ പരസ്പരം ആശയവിനിമയം നടത്തുന്നത്. മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധിക്കുന്ന ഇക്കൂട്ടർ വേഗതയിലും മുൻപന്തിയിലാണ്. മികച്ച വേട്ടക്കാരാണെങ്കിലും പലപ്പോഴും ഇവരും വേട്ടയാടപ്പെടാറുണ്ട്. ചെന്നായകൾ, പരുന്തുകൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ശത്രുക്കൾ.

Content Highlights: Facts about foxes for kids