ച്ചകളെന്നു കേൾക്കുമ്പോൾത്തന്നെ ഒരിടത്തും അടങ്ങിയിരിക്കാതെ പാറി നടക്കുന്ന കുഞ്ഞൻ ജീവിയുടെ രൂപമാകും നമ്മുടെയൊക്കെ മനസ്സിലേക്ക് വരുക. പ്രാണികളുടെ കൂട്ടത്തിലെ ഇത്തിരികുഞ്ഞനായ ഈച്ചകളെക്കുറിച്ച് ചില രസിപ്പിക്കുന്ന വിവരങ്ങളറിയാം.

* ലോകത്താകമാനം ഒരു ലക്ഷത്തോളം ഈച്ചവർഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. പ്രാണികളുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പറക്കുന്ന പ്രാണികൾക്ക് സാധാരണ നാല് ചിറകുകളുള്ളപ്പോൾ ഈച്ചകൾക്കുള്ളത് രണ്ടെണ്ണമാണ്. ചിറകിന്റെ എണ്ണം കുറവാണെങ്കിലും പറക്കുന്ന കാര്യത്തിൽ ഇവർ മിടുക്കന്മാരാണ്. മുന്നിലേക്കും ഇരു വശങ്ങളിലേക്കും മാത്രമല്ല, പിന്നിലേക്കും അനായാസേന ഇവയ്ക്ക് പറക്കാനാകും. ശരീരഭാരം കുറവായതും ഈ പറക്കലുകളെ സഹായിക്കുന്നുണ്ട്.

* ഒരിക്കലെങ്കിലും ഈച്ചയെ ഒന്നു അടിച്ചുകൊല്ലാൻ നോക്കിയിട്ടുണ്ടോ? നമ്മുടെ കൈ അടുത്തെത്തുന്നതിന് മുൻപ് തന്നെ ആശാൻ സ്ഥലം കാലിയാക്കും. ഇതെങ്ങനെ സാധിക്കുന്നുവെന്നറിയാമോ? ഇവയുടെ കണ്ണുകളുടെ പ്രത്യേകതയാണിത്. പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ രണ്ടു കണ്ണുകൾക്ക് 360 ഡിഗ്രി കാഴ്ച നൽകാനാകും. അതായത് മുന്നിലും പിന്നിലും മാത്രമല്ല, തനിക്ക് ചുറ്റും നടക്കുന്ന എന്തും ഇവർക്ക് കാണാം. ഈ വലിയ രണ്ടു കണ്ണുകൾക്കൊപ്പം ചെറിയ മൂന്നു കണ്ണുകളും ഇവയ്ക്കുണ്ട്.

* പല തരം ഈച്ച വർഗങ്ങളുടെ ഭക്ഷണ രീതികളും വ്യത്യസ്തമാണ്. ചിലതിന് മനുഷ്യർ കഴിക്കുന്ന ഭക്ഷണങ്ങളോടാണ് താൽപ്പര്യമെങ്കിൽ മറ്റു ചിലതിന് രക്തത്തോടും വിസർജ്യത്തോടുമാകും താൽപ്പര്യം. എവിടെ ഭക്ഷണമുണ്ടോ ആ പ്രദേശത്തെത്തന്നെ ചുറ്റിപ്പറ്റി കഴിയാനാണ് ഇവയ്ക്കിഷ്ടം. കാലുകളിൽ ഒട്ടിപ്പിടിക്കുന്ന ഒരുതരം പദാർഥം ഉള്ളതിനാൽ ഏത് പ്രതലത്തിലുമിരിക്കാൻ ഇവയ്ക്കാകും.

* ഈച്ചവർഗത്തിപ്പെട്ട പ്രാണികൾക്കൊന്നും പല്ലില്ല. പല്ലില്ലാതെ ഇവരെങ്ങനെ ഭക്ഷണം കഴിക്കുന്നുവെന്നാണോ? പറയാം, പക്ഷേ കേട്ടാൽ നെറ്റി ചുളിക്കരുത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് മുകളിൽ വന്നിരിക്കുന്ന ഈച്ച ആദ്യം സ്വന്തം വായിൽ നിന്നൊരു പദാർത്ഥം ഭക്ഷണത്തിന് മുകളിലേക്ക് ഛർദിക്കും. ആ പദാർത്ഥത്തിലെ ആസിഡുകൾ ഭക്ഷണത്തെ ദ്രാവക രൂപത്തിലാക്കും. ദ്രാവക രൂപത്തിലായ ഈ ഭക്ഷണം സ്ട്രോ രൂപത്തിലുള്ള നാക്കുകൊണ്ട് ഇവ അകത്താക്കും. പഴകിയ വസ്തുക്കളിലും വിസർജ്യങ്ങളിലുമെല്ലാം ചെന്നിരിക്കുന്ന ഇവ നമ്മുടെ ഭക്ഷണത്തിലേക്കും അണുക്കളെ കൊണ്ടെത്തിക്കും. അത് പല രോഗങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് ഭക്ഷണമെല്ലാം എപ്പോഴും മൂടി വെക്കാൻ കൂട്ടുകാർ ശ്രദ്ധിക്കണം.

* മഴക്കാലത്തും തണുപ്പുകാലത്തുമെല്ലാം പുറത്തിറങ്ങാതെ കഴിയാനാണ് ഇവയ്ക്കിഷ്ടം. നല്ല വെളിച്ചമുള്ള, സൂര്യപ്രകാശമുള്ള സമയങ്ങളിൽ മാത്രമേ ഇവയെ പുറത്തേക്ക് കാണാനാകൂ. ഒരു മാസം കൊണ്ട് 2,000 മുട്ടകൾ വരെ ഒരു പെൺ ഈച്ചയിടും. ഈ മുട്ടകൾ വിരിയാൻ 10 ദിവസം വരെയാണ് വേണ്ടത്. മുട്ട വിരിഞ്ഞ് ലാർവെയും പിന്നീട് പ്യൂപ്പയുമായി മാറിയ ശേഷമാകും ചിറകുള്ള ഈച്ചകളുടെ രൂപത്തിലേക്കെത്തുക. 30-50 ദിവസം വരെയാണ് ഇവയുടെ ആയുസ്സ്. അനുകൂല സാഹചര്യങ്ങളിൽ അതിലുമേറെക്കാലം ജീവിച്ചിരിക്കുന്ന ഈച്ചകളുണ്ട്.

Content Highlights: Facts about Flies for kids, Houseflies