രകളെ ലക്ഷ്യമിട്ട് ആകാശത്തിലൂടെ വട്ടമിട്ട് പറക്കുന്ന പരുന്തുകളെ കണ്ടിട്ടില്ലേ? ചിറക് വിരിച്ച് സാവധാനം തെന്നി നീങ്ങുന്ന ഇക്കൂട്ടർ ഞൊടിയിടയ്ക്കുള്ളിലാണ് ഇരയേയും റാഞ്ചിപ്പറക്കുന്നത്. ഇവരുടെ ചില വിശേഷങ്ങളറിഞ്ഞാലോ?

* ഇരപിടിയൻ പക്ഷികളെന്നാണ് പരുന്തുകളറിയപ്പെടുന്നത്. ലോകത്തു മുഴുവൻ 70 തരം പരുന്തുകളുണ്ടെന്നാണ് കണക്ക്. ഓരോ വർഗത്തിനുമനുസരിച്ച് അവയുടെ നിറത്തിലും വലിപ്പത്തിലുമെല്ലാം വ്യത്യാസം വരും. വലിയ തലയും കൊക്കും ശക്തിയേറിയ കാലുകളുമെല്ലാം ഇവയുടെ പ്രത്യേകതയാണ്. നിറയെ തൂവലുള്ള ഇവയുടെ ചിറകുകൾ നല്ല വീതിയിൽ വിരിക്കാനാകും.

* പക്ഷികളിലെ ഇരപിടിയന്മാരായ ഇവർ പൂർണമായും മാംസഭുക്കുകളാണ്. ചെറുകിളികൾ, പാമ്പുകൾ തുടങ്ങി മാനുകളെ വരെ ഇവ ഭക്ഷണമാക്കാറുണ്ട്. മികച്ച കാഴ്ചശക്തിയുള്ള ഇക്കൂട്ടർ ഇരയെ നോക്കി വെച്ച ശേഷം അതിന് ചുറ്റും വട്ടമിട്ടു പറക്കുക പതിവാണ്. അതിന് പിന്നാലെ ഒറ്റയടിക്ക് താഴേക്ക് പറന്നു വന്ന് ഇരയെ റാഞ്ചിപ്പറക്കുക ഇവരുടെ ശീലമാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ പറക്കുന്ന ഇവരിൽ നിന്ന് രക്ഷപെടുക അസാധ്യമെന്ന് ചുരുക്കം. തലയുടെ 50 ശതമാനത്തോളം വരുന്ന കണ്ണുകളാണ് ഇവയുടെ മികച്ച കാഴ്ച ശക്തിക്ക് ഒരു കാരണം.

* ശക്തിയേറിയ കാലുകളുപയോഗിച്ചാണ് ഇവ ഇരപിടിക്കുന്നത്. 6.8 കിലോഗ്രാം ഭാരം വരെ ഇവയ്ക്കുയർത്താനാകും. ഇങ്ങനെ പിടിക്കുന്ന ഇരകളെ പൊക്കമേറിയ മരങ്ങളിലോ പാറക്കൂട്ടങ്ങളിലോ എത്തിച്ച് മൂർച്ചയേറിയ കൊക്കുകൾ കൊണ്ട് കൊത്തിപ്പറിക്കുകയാണിവ ചെയ്യുന്നത്. ഇവരുടെ കൊക്കുകൾ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും.

* ഇണചേരുന്ന ആൺ-പെൺ പരുന്തുകൾ ജീവിതകാലം മുഴുവൻ ഒന്നിച്ചാകും താമസിക്കുക. വർഷാവർഷം ഇവ ഒരേ സ്ഥലത്ത് കൂടുണ്ടാക്കും. മിക്ക പെൺ പരുന്തുകളും രണ്ടു മുട്ടകളാണിടുക. ഈ മുട്ടകളെ പരിചരിക്കാൻ 35 ദിവസം വരെ ഇവ അടയിരിക്കും. ഈ സമയം ആൺ പരുന്ത് ഇവർക്കാശ്യമായ ഭക്ഷണം എത്തിച്ചു കൊടുക്കും. മുട്ട വിരിഞ്ഞുണ്ടാകുന്ന പരുന്തുകുഞ്ഞുങ്ങളിൽ ഒന്ന് മറ്റൊന്നിനെ കൊല്ലുകയാണ് പതിവ്. 70 വയസ്സുവരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. പക്ഷേ ആയുസ്സേറുന്തോറും ഇരപിടിക്കാനുള്ള ഇവരുടെ കഴിവും കുറയും.

Content Highlights: Facts about eagles for kids