ടലുകൊണ്ട് അന്തരീക്ഷത്തിൽ നൃത്തമാടി വെള്ളത്തിലേക്ക് ഊളിയിടുന്ന ഡോൾഫിൻ കൂട്ടം കടൽയാത്രകളിലെ രസമുള്ള കാഴ്ചയാണ്. മനുഷ്യരുമായി വളരെ വേഗത്തിൽ ഇണങ്ങുന്ന ഇക്കൂട്ടർ അവരെ കൈയ്യിലെടുക്കാൻ ഒന്നു നീട്ടി വിസിലടിച്ചെന്നും വരും! വെള്ളത്തിലൂടെ പൊങ്ങിച്ചാടിയും കറങ്ങിത്തിരിഞ്ഞുമുള്ള അഭ്യാസങ്ങളും നീന്തൽക്കാരുമായുള്ള ആശയവിനിമയവുമെല്ലാം ഡോൾഫിനുകളുടെ മാത്രം പ്രത്യേകതയാണ്. ഭൂമിയിലെ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് വളരെ ബുദ്ധിമാന്മാരായാണ് ഇവ അറിയപ്പെടുന്നത്.

കാഴ്ചയിൽ മീനുകളെപ്പോലെയാണ് രൂപമെങ്കിലും യഥാർഥത്തിൽ ഇവ നമ്മൾ മനുഷ്യരെപ്പോലെ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന സസ്തനികളാണ്. ഇവ ശ്വസിക്കുന്നത് തലയുടെ മുകളിലായുള്ള ചെറു സുഷിരത്തിലൂടെയാണ് (Blowhole). അധികം ചൂടില്ലാത്ത മേഖലകളിലെ സമുദ്രങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഡോൾഫിനുകൾ കൂട്ടമായാണ് ജീവിക്കുന്നത്.

മികച്ച കാഴ്ച ശക്തിയും കേൾവി ശക്തിയും ഡോൾഫിനുകളുടെ പ്രത്യേകതയാണ്. ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളെ കണ്ടെത്താൻ ഇവയ്ക്ക് കഴിയും. ഈ പ്രത്യേകത, ഇരപിടിക്കുന്നതിൽ ഇവയെ ഏറെ സഹായിക്കാറുണ്ട്. മാംസഭുക്കുകളായ ഡോൾഫിനുകൾ ചെറുമീനുകൾ, കണവകൾ എന്നിവയെയാണ് ഭക്ഷിക്കുന്നത്. ഇരകളുടെ ചലനവും ശബ്ദത്തിന്റെ പ്രതിഫലനവും അടിസ്ഥാനപ്പെടുത്തിയാണ് (Ecolocation) ഇരപിടിത്തം.

ഗംഗാ ഡോൾഫിൻ, ബോട്ടിൽനോസ് ഡോൾഫിൻ, കൊലയാളി തിമിംഗലം തുടങ്ങിയവയെല്ലാം ഡോൾഫിനുകളുടെ കുടുംബത്തിൽപ്പെട്ട ജീവികളാണ്. സാധാരണ ചാരനിറത്തിലാണ് ഇവ കണപ്പെടാറുള്ളതെങ്കിലും ഓരോ ഇനത്തിനുമനുസരിച്ച് വലിപ്പത്തിലും നിറത്തിലും ഗർഭകാലയളവിലും മാറ്റം വരും. 9 മുതൽ 17 മാസം വരെയാണ് ഇവയുടെ ഗർഭ കാലയളവ്. ഒറ്റ പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. നൂറു വർഷം വരെയാണ് ഇവയുടെ ജീവിത കാലയളവ്.

മനുഷ്യനോട് വളരെ വേഗത്തിൽ അടുക്കുന്ന സ്വഭാവം തന്നെയാണ് ഇവയുടെ നാശത്തിനും കാരണമായിക്കൊണ്ടിരിക്കുന്നത്. മാംസത്തിനും മറ്റുമായി വലിയ രീതിയിൽ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന ഇവ ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ്.

Content Highlights: Facts About Dolphins for kids