ണ്ണാടിയിൽ നോക്കാത്ത കൂട്ടുകാർ ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല എന്ന് നിസ്സംശയം പറയാം. നമ്മൾക്കു കാണുന്ന തരത്തിൽ ഒരു കണ്ണാടി എവിടെയെങ്കിലുമുണ്ടെങ്കിൽ ഒന്നുനോക്കിപ്പോവുക സ്വാഭാവിക മനുഷ്യപ്രകൃതിയാണ്. കോൺകേവ്, കോൺവെക്സ് തുടങ്ങി വിവിധതരം ദർപ്പണങ്ങളെക്കുറിച്ച് വിവിധ ക്ലാസുകളിൽ കൂട്ടുകാർ പഠിച്ചിരിക്കുമല്ലോ. കണ്ണാടികളെക്കുറിച്ച് കൂടുതലറിയാം...

നല്ല മിനുസമുള്ളതും പ്രകാശത്തെ ക്രമമായി പ്രതി പതിപ്പിക്കുന്നതുമായ പ്രതലങ്ങളാണ് കണ്ണാടികൾ. വ്യത്യസ്ത ആകൃതിയിലുള്ള കണ്ണാടികളിൽ രൂപപ്പെടുന്ന പ്രതിബിംബങ്ങൾക്ക് വ്യത്യസ്ത ആകൃതിയായിരിക്കും. മുഖം നോക്കുന്ന കണ്ണാടി മാത്രമല്ല, വാഹനങ്ങളിലും റോഡിലും ബാർബർ ഷോപ്പിലും ജൂവലറികളിലും പല ശാസ്ത്ര ഉപകരണങ്ങളിലുമൊക്കെ പലതരം കണ്ണാടികൾ (ദർപ്പണങ്ങൾ) നമ്മൾ കാണാറുണ്ട്.

ഗോളീയ ദർപ്പണങ്ങൾ

പത്രീപതനതലം ഗോളത്തിന്റ ഭാഗമായി വരുന്ന ദർപ്പണങ്ങളാണ് ഗോളിയ ദർപ്പണങ്ങൾ. കോൺവെക്സ് ദർപ്പണവും കോൺകേവ് ദർപ്പണവും ഗോളീയ ദർപ്പണമാണ്

വാഹനങ്ങളിലെ റിയർവ്യൂ മിറർ

വാഹനങ്ങളിലെ റിയർവ്യൂ മിററുകളുടെ പ്രത്യേകതയെന്താണെന്ന് കൂട്ടുകാർ ഓർത്തുനോക്കൂ. അവ പുറത്തേക്ക് വളഞ്ഞു നിൽക്കും. ഇത്തരം കണ്ണാടികളെ കോൺവെക്സ് ദർപ്പണങ്ങൾ എന്നു പറയുന്നു. ഒരു സ്പൂണിന്റെ പുറത്തേക്കു വളഞ്ഞു നിൽക്കുന്ന ഭാഗം കോൺവെക്സ് ലെൻസിന് ഉദാഹരണമാണ്. പ്രതിപതനതലം പുറത്തേക്കു വളഞ്ഞു നിൽക്കുന്ന കോൺവെക്സ് ദർപ്പണങ്ങളിൽ രൂപപ്പെടുന്ന പ്രതിബിംബങ്ങൾ വസ്തുവിനെക്കാൾ ചെറുതും നിവർന്നതുമായിരിക്കും. ഇത്തരം ദർപ്പണങ്ങളിൽ വിശാലമായ പ്രതലം പ്രതിബിംബിച്ചു കാണാം

ദന്തഡോക്ടറുടെ കണ്ണാടി

ദന്തരോഗികളുടെ പല്ലിലെ കേടുകൾ കാണാൻ ദന്തഡോക്ടർമാർ ഉപയോഗിക്കുന്ന കണ്ണാടി കണ്ടിട്ടുണ്ടോ? പ്രതിപതനതലം അകത്തേക്ക് വളഞ്ഞിരിക്കുന്ന കോൺകേവ് ദർപ്പണങ്ങളാണിവ. കോൺകേവ് ദർപ്പണങ്ങളിൽ എപ്പോഴും ഒരേപോലുള്ള പ്രതിബിംബമല്ല ഉണ്ടാവുക. വസ്തു എവിടെ നിൽക്കുന്നു എന്നതനുസരിച്ച് പ്രതിബിംബത്തിന്റെ വലുപ്പവും സ്വഭാവവും മാറും. കണ്ണാടിയുടെ ഫോക്കസിനുള്ളിലാണ് വസ്തുവെങ്കിൽ നിവർന്ന വലിയ പ്രതിബിംബമായിരിക്കും കണ്ണാടിയിൽ കാണുക.

ടോർച്ചിലും സേർച്ച് ലൈറ്റിലും ഹെഡ് ലൈറ്റിലുമൊക്കെ കോൺ കേവ് ദർപ്പണങ്ങളാണ് ഉപയോഗിക്കുന്നത്. കോൺകേവ് ദർപ്പണത്തിന്റെ ഫോക്കസിലാണ് ബൾബ് എന്നതുകൊണ്ടാണ് ഇത്തരം ലൈറ്റുകളിലെ പ്രകാശ ഭീം അനന്തതയിൽ ഫോക്കസ് ചെയ്യാൻ കഴിയുന്നത്

ആർക്കിമിഡീസ് കപ്പൽ കത്തിച്ച വിദ്യ

കോൺകേവ് ദർപ്പണമുപയോഗിച്ച് പ്രകാശരശ്മികളെ കേന്ദീകരിക്കാവുന്നതുകൊണ്ടാണ് ടോർച്ച് ലൈറ്റിൽ പ്രകാശം ദൂരേക്ക് തെളിക്കാൻ കഴിയുന്നത്. പടുകൂറ്റൻ കോൺകേവ് ദർപ്പണങ്ങളുണ്ടാക്കി കടൽക്കരയിൽനിന്നും പ്രകാശരശ്മികളെ കേന്ദ്രീകരിച്ച് ശത്രു കപ്പലുകളെ ആർക്കിമെഡീസ് കത്തിച്ചു കളഞ്ഞ കഥ പ്രശസ്തമാണ്.

കാലിഡോസ്കോപ്പിലെ അദ്ഭുതക്കാഴ്ച

ഒന്നോരണ്ടോ വളപ്പൊട്ടുകളും മുത്തുകളും മറ്റുമിടുമ്പോൾ കാലിഡോസ്കോപ്പിൽ മനോഹരങ്ങളായ ഡിസൈനുകൾ രൂപപ്പെടുന്നത് ആവർത്തന പ്രതിപതനം മൂലമാണ്. 60 ഡിഗ്രി കോണളവിൽ ചേർത്തുവെച്ച മൂന്ന് സമതല ദർപ്പണങ്ങളാണ് ആവർത്തന പ്രതിപതനം സൃഷ്ടിച്ച് ഈ മനോഹരദൃശ്യവിരുന്നൊരുക്കുന്നത്.

സമതല ദർപ്പണങ്ങൾ

മുഖം നോക്കുന്ന കണ്ണാടി സമതല ദർപ്പണമാണ്. ഇതിൽ വസ്തുവിന്റെ വലുപ്പവും പ്രതിബിംബത്തിന്റെ വലുപ്പവും തുല്യമായിരിക്കും. വസ്തുവിൽനിന്ന് കണ്ണാടിയിലേക്കുള്ള അകലവും കണ്ണാടിയിൽനിന്ന് പ്രതിബിംബത്തിലേക്കുള്ള അകലവും തുല്യമായിരിക്കും. പ്രതിബിംബങ്ങളുടെ പാർശ്വഭാഗം വിപരീത ദിശയിലാണ് കാണുക.ഇതിനെ പാർശ്വിക വിപര്യയം എന്നു പറയുന്നു. ആംബുലൻസിനു മുന്നിൽ അക്ഷരങ്ങൾ തിരിച്ചെഴുതുന്നത് ഈ പ്രശ്നം പരിഹരിക്കാനാണ്. മുമ്പേ പോകുന്ന വാഹനത്തിന്റ കണ്ണാടിയിൽ ശരിയായ രീതിയിലാകും കാണുക.

കട വലുതായിത്തോന്നാൻ

സമാന്തരമായി സമതല ദർപ്പണങ്ങൾ സ്ഥാപിക്കുമ്പോൾ ആവർത്തന പ്രതിപതനംമൂലം ധാരാളം ആഭരണങ്ങളും പലഹാരങ്ങളുമൊക്കെ ഉള്ളതായി തോന്നുന്നു. ചെറിയ കടയാണെങ്കിൽപ്പോലും വളരെ വലുതായി തോന്നും.

പെരിസ്കോപ്പ്

സമതല ദർപ്പണത്തിലെ ആവർത്തനപ്രതിപതനം പ്രയോജനപ്പെടുത്തുന്ന മറ്റൊരു ഉപകരണമാണ് പെരിസ്കോപ്പ്. രണ്ട് സമതല ദർപ്പണങ്ങൾ 45 ഡിഗ്രി കോണളവിൽ ക്രമീകരിച്ചാണ് പെരിസ്കോപ്പുണ്ടാക്കുന്നത്. മുങ്ങിക്കപ്പലിലുള്ളവർക്ക് സമുദ്രോപരിതല കാഴ്ച കാണാനും ട്രഞ്ചുകളിലൊളിച്ചിരിക്കുന്ന പട്ടാളക്കാർക്ക് ശത്രുനീക്കം വീക്ഷിക്കാനുമൊക്കെ പെരിസ്കോപ്പുപയോഗിക്കുന്നു.

ആറന്മുള കണ്ണാടി

ആറന്മുളക്കണ്ണാടി ലോഹക്കൂട്ടായതിനാൽ മുൻ പ്രതലത്തിൽ നിന്നു തന്നെയാണ് പ്രകാശം പ്രതിപതിക്കുന്നത്. ദ്വിതിയ പ്രതിപതനമില്ലാത്തതിനാലാണ് ആറന്മുളക്കണ്ണാടിയിൽ വ്യക്തമായ പ്രതിബിംബം തെളിയുന്നത്.

Content Highlights: Facts about different mirrors, concave, convex