ളരെ ശാന്തമായി പുൽത്തകിടിയിലൂടെ ചാടിയും ഓടിയും നടക്കുന്ന മാനുകൾ കാടിന്റെ സൗന്ദര്യമാണ്. ആവാസവ്യവസ്ഥയിലെ പ്രാഥമിക കണ്ണികളിലൊന്നായ മാനുകളെക്കുറിച്ച് ചില വിശേഷങ്ങളറിയാം.

* ലോകത്താകമാനം 40-ൽപ്പരം മാൻ വർഗങ്ങളുണ്ടെന്നാണ് കണക്ക്. കൊമ്പുകളാണ് മാനുകളുടെ പ്രധാന പ്രത്യേകത. ആൺ മാനുകൾക്ക് മാത്രമാണ് കൊമ്പുകളുള്ളത്. മറ്റു ജീവികൾക്ക് ജീവിതകാലം മുഴുവൻ ഒരേ കൊമ്പാണുള്ളതെങ്കിൽ മാനുകളുടെ കൊമ്പുകൾ ഒരോ വർഷവും കൊഴിഞ്ഞുപോയി ആ സ്ഥാനത്ത് പുതിയ കൊമ്പ് വരും. നല്ല നീളമുള്ള കാലുകളാണ് മാനുകളുടെ മറ്റൊരു പ്രത്യേകത. അതിനാൽത്തന്നെ വേഗത്തിൽ ഓടാനും ചാടാനുമെല്ലാം ഇവയ്ക്കാകും. നന്നായി നീന്താനും മാനുകൾക്ക് കഴിവുണ്ട്.

* ശരീരത്തിൽ വെളുത്ത പുള്ളികളോടെയാണ് ഓരോ മാൻകുട്ടിയും ജനിക്കുക. പക്ഷേ ഒരു വർഷത്തിനിടെ ഈ പുള്ളികളെല്ലാം അപ്രത്യക്ഷമാകും. ഈ കാലഘട്ടത്തിൽ അമ്മമാർക്കൊപ്പമാകും മാൻകുട്ടികളുടെ സഞ്ചാരം. ജനിച്ച് അരമണിക്കൂറിനുള്ളിൽ സ്വന്തം കാലിൽ നിൽക്കാനും നടക്കാനും ഇവയ്ക്ക് കഴിയും. ഒരു വയസ്സാകുമ്പോഴേക്ക് ആൺ മാനുകൾ അമ്മമാരിൽ നിന്ന് മാറി സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങും. പെൺമാനുകളാണെങ്കിൽ രണ്ടുവർഷം വരെ അമ്മമാർക്കൊപ്പം തുടരും.

* അധികം ചൂടൊന്നുമില്ലാത്ത, മിതോഷ്ണ മേഖലകളാണ് ഇവ ജീവിക്കാനായി തിരഞ്ഞെടുക്കുന്നത്. എങ്കിലും അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഇവയ്ക്ക് ജീവിക്കാനാകും. ചെടികൾ, പൂക്കൾ, കായകൾ, പച്ചക്കറികൾ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ടഭക്ഷണം. സസ്യഭുക്കുകളായതിനാൽത്തന്നെ നല്ല പച്ചപ്പുള്ള സ്ഥലങ്ങളിലാകും ഇവരുടെ താമസവും. എന്തുതരം സസ്യങ്ങളും തിന്നുന്ന കൂട്ടത്തിലാണ് മാനുകൾ. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളിൽ മാനുകളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ വേലികെട്ടുന്ന പതിവുണ്ട്.

* കാട്ടിലെ മിക്ക മാംസഭോജികളും മാനുകളെ ഭക്ഷണത്തിനായി ആക്രമിക്കാറുണ്ട്. ഓട്ടത്തിന്റെ വേഗത മൂലമാണ് പലപ്പോഴും ഇവയിൽ നിന്ന് മാനുകൾ രക്ഷപെടുന്നത്. മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിലോടാൻ ഇവയ്ക്കാകും. ഇതിനുപുറമേ മൂന്നു മീറ്റർ ഉയരത്തിലും ഒൻപത് മീറ്റർ ദൂരേക്കും ചാടാൻ മാനുകൾക്കാകും. മികച്ച കേൾവി ശക്തിയും മണമറിയാനുള്ള കഴിവും ഇവയുടെ മറ്റൊരു സവിശേഷതയാണ്. ഓരോ വർഗത്തിനുമനുസരിച്ച് മാനുകളുടെ ആയുസ്സിലും ഗർഭകാലയളവിലും മാറ്റം വരും. മാംസത്തിനും തോലിനുമായി മനുഷ്യർ നിരന്തരം ഇവയെ വേട്ടയാടുന്നുണ്ട്.

Content Highlights: Facts about Deer for kids