കാക്കയെക്കാണാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലുണ്ടാവില്ല. കദളിവാഴക്കൈയിലിരുന്ന് വിരുന്നുകാരൻ വരവറിയിക്കുന്ന, തക്കം കിട്ടിയാൽ നെയ്യപ്പം അടിച്ചുമാറ്റുന്ന കൗശലക്കാരായ കാക്കകളെക്കുറിച്ച് കുട്ടിക്കാലം മുതൽ നമ്മൾ കേട്ടു തുടങ്ങിയതാണ്. പക്ഷികളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ളവരായാണ് ഇവരെ കണക്കാക്കുന്നത്. ദാഹം മാറ്റാൻ കുടത്തിൽ കല്ലിട്ട് വെള്ളം കുടിച്ച ബുദ്ധിയുള്ള കാക്കയുടെ കഥ കൂട്ടുകാർ കേട്ടിട്ടുണ്ടല്ലോ. അത് വെറും കഥയല്ല എന്നു സാരം. കാക്കകളെക്കുറിച്ച് ചില വിശേഷങ്ങളറിയാം.

* കൂട്ടമായി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണ് കാക്കകൾ. ലോകത്താകമാനം 40-ലധികം തരം കാക്കകളുണ്ടെന്നാണ് കണക്ക്. ശരീരം മുഴുവൻ കറുത്ത നിറമുള്ള ബലിക്കാക്കകളും ഈ കുടുംബത്തിൽപ്പെട്ടവയാണ്. തിളങ്ങുന്ന കറുത്ത തൂവലും കൂട്ടമായുള്ള ആകാശപ്പറക്കലുകളുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്. തിളക്കമുള്ള വസ്തുക്കൾ കൊത്തിപ്പറക്കുന്ന ശീലം കാരണം കള്ളന്മാരെന്ന പഴിയും ഇവ കേൾക്കാറുണ്ട്. ലോകത്തെ വ്യത്യസ്തതരം ആവാസ വ്യവസ്ഥകളോട് വളരെ വേഗം ഇഴുകിച്ചേരാൻ കാക്കകൾക്കാകും. നീളം കുറഞ്ഞ ശരീരവും ചെറിയ കൊക്കും ഇവരുടെ രൂപത്തിന്റെ സവിശേഷതകളാണ്. 50 സെന്റിമീറ്റർ വരെയാണ് മിക്ക കാക്കകളുടെയും നീളം.

* ശരീരത്തെ അപേക്ഷിച്ച് വലിപ്പമുള്ള തലച്ചോറാണ് ഇവയുടെ മറ്റൊരു സവിശേഷത. ആകെ ശരീരത്തിന്റെ 2.7 ശതമാനവും തലച്ചോറാണ്. പൂർണ വളർച്ചയെത്തിയ മനുഷ്യന്റെ തലച്ചോറ് ശരീരത്തന്റെ 1.9 ശതമാനമേ വരുന്നുള്ളൂ. ഏറെ ദൂരം സഞ്ചരിക്കാൻ കഴിവുള്ള പക്ഷി കൂടിയാണ് കാക്കകൾ. പൊതുവെ 10-15 വയസ്സുവരെയാണ് ഇവയുടെ ആയുസ്സെങ്കിലും 60 വർഷം വരെ ജീവിക്കുന്ന കാക്കകളുമുണ്ട്.

* കൂട്ടമായി സഞ്ചരിക്കുന്നതിനാൽത്തന്നെ കൂട്ടത്തിലൊരാൾക്ക് അപകടം സംഭവിച്ചാൽ എല്ലാവരും ഒന്നിച്ച് പറന്നെത്തും. ഒരു കാക്ക എന്തെങ്കിലും കാരണവശാൽ ചത്തുപോയാൽ അതിന് എല്ലാവരും ചേർന്ന് അന്ത്യോപചാരം അർപ്പിക്കുന്ന രീതിയുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. ഒരു കാക്ക ചത്ത സ്ഥലത്ത് അപകടം പതിയിരിക്കുന്നതിനാൽ മറ്റുള്ള കാക്കകൾ അതുവഴി പോകാറില്ലെന്നും അവർ പറയുന്നു.

* കേരളത്തിൽ പല ജില്ലകളിലും താമസിക്കുന്ന മലയാളികൾ സംസാരിക്കുന്ന മലയാളത്തിൽ വ്യത്യാസമുള്ള പോലെ ഓരോ പ്രദേശത്തുമുള്ള കാക്കകളുടെ ഭാഷയിലും വ്യത്യാസമുണ്ടാകുമെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. എങ്കിലും ഓരോ പ്രദേശത്തെത്തുമ്പോഴും ആ ഭാഷകൾ അനുകരിക്കാനുള്ള പ്രത്യേക കഴിവ് ഇവയ്ക്കുണ്ട്.

Content Highlights: Facts about crow for kids, Raven