സിംഹവും കടുവയുമെല്ലാം ഉൾപ്പടുന്ന പൂച്ചക്കുടുംബത്തിലെ ഒരംഗമാണ് ചീറ്റപ്പുലിയും. മറ്റുള്ളവരെ അപേക്ഷിച്ച് മെലിഞ്ഞ ഇക്കൂട്ടർ അറിയപ്പെടുന്നത് തന്നെ വേഗതയുടെ പേരിലാണ്. ഇവരെക്കുറിച്ച് ചില രസകരമായ വിവരങ്ങളറിഞ്ഞാലോ?

* പൂച്ച വർഗത്തിലെ മറ്റ് ജീവികളെ അപേക്ഷിച്ച് ഒരൽപം വ്യത്യസ്തരാണ് ചീറ്റപ്പുലികൾ. അത്ര അക്രമകാരികളല്ലാത്ത ഇവ തന്നെക്കാൾ പ്രബലനാണ് ശത്രുവെന്ന് കണ്ടാൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ട്. സിംഹത്തേയോ കടുവയേയോ പോലെ ഗർജിക്കുന്ന സ്വഭാവവും ചീറ്റകൾക്കില്ല.

* കണ്ണിൽ നിന്നും വായയുടെ അടുത്തേക്ക് വരെ നീളുന്ന കറുത്ത വരകൾ ഇവരുടെ മുഖത്ത് കാണാം. ഒറ്റനോട്ടത്തിൽ കണ്ണുനീരിന്റെ ചാലാണെന്നേ ഇവ തോന്നൂ. കൂട്ടമായി ജീവിക്കുന്ന മൃഗങ്ങളാണ് ചീറ്റപ്പുലികൾ. എന്നാൽ പെൺ ചീറ്റകൾ ഇണചേരാൻ വേണ്ടി മാത്രമാകും മറ്റുള്ളവരുടെ അടുത്തേക്ക് വരുക.

* പുള്ളിപ്പുലികളെപ്പോലെ ശരീരമാസകലം പുള്ളികളുണ്ടെങ്കിലും അവയിൽ നിന്ന് തീർത്തും വ്യത്യസ്തമാണ ്ഇവരുടെ പുള്ളികൾ. നമ്മുടെ കൈരേഖകൾ പോലെ ഇവരുടെ ശരീരത്തിലെ പുള്ളികളും ഓരോരുത്തരിലും വ്യത്യസ്തമായിക്കും. പൂർണ വളർച്ചയെത്തിയ ഒരു ചീറ്റയ്ക്ക് 2,000 മുതൽ 3,000 വരെ പുള്ളികളുണ്ടാകും. പലപ്പോഴും ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ ഈ പുള്ളികൾ ഇവരെ സഹായിക്കാറുണ്ട്.

* വേഗത്തിൽ സഞ്ചരിക്കാൻ ഉപകരിക്കുന്ന രീതിയിലാണ് ചീറ്റപ്പുലിയുടെ ശരീരത്തിന്റെ ഘടന. നീണ്ട കാലുകളും വാലും വേഗത്തിൽ സഞ്ചരിക്കാൻ അവരെ സഹായിക്കുന്നു. മണിക്കൂറിൽ 112 കിലോമീറ്ററാണ് ഇവരുടെ വേഗത. ഈ ഗുണങ്ങൾ കൊണ്ടുതന്നെ വളരെ വേഗത്തിൽ ഇരകളെപ്പിടിക്കാൻ ഇവർക്കാകും. പകൽ സമയങ്ങളിലാണ് ഇവർ കൂടുതലും ഇര തേടാനിറങ്ങുന്നത്.വേഗതയ്ക്ക് പുറമേ മികച്ച കാഴ്ചശക്തിയുമുള്ള ജീവികളാണ് ഇവർ.

* 60 മുതൽ 80 സെന്റീമീറ്റർ വരെ നീളമുണ്ടാകും ഇവയുടെ വാലിന്. വേഗത്തിലുള്ള ഓട്ടത്തിനിടെ വളയുമ്പോഴും തിരിയുമ്പോഴുമെല്ലാം ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ വാൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മാനുകൾ, കുറുക്കൻ തുടങ്ങിയ ജീവികളെയാണ് ഇവ ഭക്ഷണമാക്കുന്നത്.

* ഇവയ്ക്ക് ഒറ്റ പ്രസവത്തിൽ രണ്ടു മുതൽ എട്ടുവരെ കുട്ടികൾ ഉണ്ടാകാറുണ്ട്. 16-24 മാസങ്ങൾ വരെ ജനിക്കുന്ന കുഞ്ഞുങ്ങൾ അമ്മയ്ക്കൊപ്പമാകും താമസിക്കുക. സ്വയം ഇര തേടാൻ പ്രാപ്തിയായിക്കഴിഞ്ഞാൽപ്പിന്നെ ഇവ അമ്മമാരെ വിട്ടുപോകും. 17 വയസ്സുവരെയാണ് ഇവുടെ ശരാശരി ആയുസ്സെങ്കിലും 20 വയസ്സുവരെ ജീവിച്ചിരിക്കുന്ന ചീറ്റപ്പുലികളുണ്ട്.

Content Highlights: Facts about cheetah for kids