നോക്കി നിൽക്കെ നിറംമാറുന്ന കൂട്ടരാണ് ഓന്തുകൾ. പല്ലി വർഗത്തിൽപ്പെട്ട ഇവർ കാഴ്ചയിൽ നല്ല കളർഫുള്ളാണ്. ഇവരെപ്പറ്റി ചില വിശേഷങ്ങളറിഞ്ഞാലോ?

* ലോകത്താകമാനം 160 തരം ഓന്തു വർഗങ്ങളാണുള്ളത്. ഉരഗങ്ങളുടെ വർഗത്തിൽപ്പെട്ട ഇവ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ വൻകരകളിലാണ് കൂടുതലായും കാണപ്പെടുന്നത്. മരുഭൂമികളിലും ഉഷ്ണ, മിതോഷ്ണ മേഖലകളിലും താമസിക്കാനാണ് ഇവയ്ക്ക് ഏറെയിഷ്ടം. എപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ജീവികളാണ് ഓന്തുകൾ. ഇണചേരുന്ന സമയത്ത് മാത്രമാണ് ഇവ മറ്റ് ഓന്തുകളുമായി കൂട്ടുകൂടുന്നത്.

* നിറം മാറുന്ന ജീവിയെന്ന പേരിലാണ് ഓന്തുകൾ ഏറ്റവും പ്രശസ്തർ. ശരിക്കും ശത്രുക്കളിൽ നിന്ന് രക്ഷനേടാനോ ഒളിക്കാനോ വേണ്ടിയല്ല ഇവർ നിറം മാറുന്നത്. താപനില, വെളിച്ചം, എന്നിവയിലെ മാറ്റങ്ങളും ചില പ്രത്യേക തരം മാനസികാവസ്ഥകളുമെല്ലാം ഇവരുടെ നിറംമാറ്റത്തിന് പിന്നിലുണ്ട്. വളരെ ഇരുണ്ട നിറത്തിലാണ് ഓന്ത് കാണപ്പെടുന്നതെങ്കിൽ അത് അർഥമാക്കുന്നത് അവ ദേഷ്യത്തിലാണെന്നോ പേടിച്ചിരിക്കുകയാണെന്നോ അല്ലെങ്കിൽ സമ്മർദ്ദത്തിലാണെന്നോ ഒക്കെയാണ്. മാനസികാവസ്ഥയ്ക്ക് പുറമേ അന്തരീക്ഷ താപനില മാറുമ്പോഴും ഇവയുടെ നിറത്തിൽ മാറ്റമുണ്ടാകും.

* ജീവിക്കുന്ന ചുറ്റുപാടുകൾക്ക് അനുസൃതമായും ഇവരുടെ നിറത്തിൽ വ്യത്യാസം വരും. മണൽപ്പരപ്പിൽ ജീവിക്കുന്ന ഓന്തുകൾക്ക് തവിട്ടു നിറമായിരിക്കുമ്പോൾ പച്ചിലകൾക്കിടയിൽ ജീവിക്കുന്നവർക്ക് പച്ച നിറമാണുണ്ടാവുക. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇവരെ സഹായിക്കുന്നതും ഈ നിറം തന്നെയാണ്. അതിന് പുറമേ പതുങ്ങിയിരുന്ന് ഇരകളെ പിടിക്കാനും ഈ പ്രത്യേകത ഇവരെ സഹായിക്കും.

* പുറത്തേക്ക് തള്ളി നിൽക്കുന്ന ഉണ്ടക്കണ്ണുകളാണ് ഓന്തുകളുടെ പ്രധാന പ്രത്യേകത. ഈ കണ്ണുകൾക്ക് ഫോക്കസ് ചെയ്യാനും 360 ഡിഗ്രിയിൽ ചലിക്കാനും സാധിക്കും. ഇരയെ പിടിക്കാൻ സഹായിക്കുന്ന നീളമുള്ള നാവുകളും ഇവയുടെ പ്രത്യേകതയാണ്. കണ്ണുമായി ബന്ധപ്പെട്ടു കിടക്കുന്ന നാവായതിനാൽത്തന്നെ വളരെ വേഗത്തിൽ ഇരയെ അകത്താക്കാൻ ഇവർക്കാവും. സ്വന്തം ശരീരത്തെക്കാൾ നീളത്തിൽ നാവ് നീട്ടാനും ഇവയ്ക്ക് കഴിയും. തലയുടെ മേൽഭാഗത്തായി കൊമ്പുകൾ പോലെയുള്ള അലങ്കാരങ്ങളും ഓന്തുകൾക്കുണ്ട്.

* മാംസഭുക്കുകളായ ജീവികളാണ് ഓന്തുകൾ. ചെറുപ്രാണികൾ, പുഴുക്കൾ, പുൽച്ചാടികൾ തുടങ്ങിയവയെയാണ് ഇവർ ഭക്ഷണമാക്കുന്നത്. നമ്മൾ മനുഷ്യരെപ്പോലെ ധാരാളം വെള്ളം കുടിക്കുന്ന ശീലം ഓന്തുകൾക്കില്ല. ഇലകളുടേയും മറ്റും മുകളിലിരിക്കുന്ന ചെറു ജലകണികകളെയാണ് ഇവ ദാഹം മാറ്റാനായി ആശ്രയിക്കുന്നത്.

* മുട്ടയിട്ട് പുതുതലമുറയ്ക്ക് ജന്മം നൽകുന്ന ജീവികളാണ് ഓന്തുകൾ. ഈ മുട്ട വിരിയാനെടുക്കുന്ന സമയം ഓരോ വർഗത്തിനും വ്യത്യസ്തമായിരിക്കും. അതിന് പുറമേ ഓരോ വർഗത്തിനും അനുസരിച്ച് ഇവയുടെ ആയുസ്സിലും വ്യത്യാസങ്ങൾ വരാം.

Content Highlights: Facts about chameleon for kids