ടുക്കളയിൽ മീൻ കഴുകുന്ന മണംപിടിച്ച് വാതിൽപ്പടിയിൽ മ്യാവൂ... മ്യാവൂ പാട്ടുമായിയെത്തുന്ന പൂച്ചക്കുഞ്ഞുങ്ങളെ കൂട്ടുകാർ കണ്ടിട്ടുണ്ടാകുമല്ലോ? കൈയ്യിലെടുത്ത് ലാളിക്കുമ്പോൾ വഴുതിയിറങ്ങി ഓടിപ്പോകുന്ന  ഇക്കൂട്ടരെക്കുറിച്ച് ചില വിശേഷങ്ങളറിയാം...

* കടുവ, സിംഹം, പുലി തുടങ്ങിയവ അടങ്ങിയ ഫെലിഡെ വർഗത്തിലെ ഏറ്റവും ചെറിയ അംഗമാണ് പൂച്ചകൾ. പതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യർ പൂച്ചകളെ വളർത്തിയിരുന്നതായാണ് ചരിത്രം പറയുന്നത്. ലോകത്താകമാനം 50 കോടിയിൽപ്പരം വളർത്തുപൂച്ചകളുണ്ടെന്നാണ് കണക്ക്.

* മാംസഭുക്കുകളായ ഇവ എലികളെപ്പോലെയുള്ള ചെറിയ ജീവികളെ പിടിച്ച് തിന്നാണ് ജീവിക്കുന്നത്. പതുങ്ങിയിരുന്ന ആക്രമിക്കുന്ന പ്രകൃതക്കാരാണിവർ. വേട്ടയാടാനുതകുന്ന തരത്തിലാണ് ഇവരുടെ ശരീരവും പല്ലുകളും രൂപപ്പെടുത്തിയിട്ടുള്ളത്. ദിവസവും 13-14 മണിക്കൂർ വരെ ഉറങ്ങുന്ന ശീലക്കാരണിവർ. ഉറക്കത്തിലൂടെയാണ് ശരീരത്തിനാവശ്യമായ ഊർജം ഇവർക്ക് ലഭിക്കുന്നത്. നാലു മുതൽ അഞ്ചു കിലോഗ്രാം വരെയാണ് സാധാരണ പൂച്ചകളുടെ ഭാരം. ആശയ വിനിമയം നടത്തുന്നതിനായി 100 തരം വ്യത്യസ്തമായ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ പൂച്ചകൾക്ക് കഴിയും. ഇവയ്ക്കാകെ 230 അസ്ഥികളുണ്ട്. അതിൽ 10 ശതമാനവും വാലുകളിലാണ്.

* മികച്ച കാഴ്ച, കേൾവി, ഘ്രാണ ശക്തി എന്നിവ പൂച്ചകളുടെ പ്രത്യേകതയാണ്. എപ്പോഴും മറ്റു പൂച്ചകളുമായി കളിക്കാനിഷ്ടപ്പെടുന്ന കൂട്ടത്തിലാണിവ. ഈ കളിക്കിടെയാണ് മരം കയറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ പഠിക്കുന്നത്. മറ്റ് ജീവികളെ അപേക്ഷിച്ച് ഒരൽപം വൃത്തിക്കാർ കൂടിയാണ് ഇക്കൂട്ടർ. ശരീരം എപ്പോഴും നക്കി വൃത്തിയാക്കി വെക്കുന്ന ശീലം ഇവയ്ക്കുണ്ട്. സ്വന്തം ഉയരത്തിന്റെ ഏഴ് മടങ്ങ് മുകളിലേക്ക് വരെ ചാടാൻ പൂച്ചകൾക്കാകും. നമ്മൾ മനുഷ്യരിലെ വിരലടയാളം പോലെയാണ് പൂച്ചകളുടെ മൂക്കിന്റെ അടയാളം. ഓരോരുത്തരുടേതും വ്യത്യസ്തമായിരിക്കും.

* 56 ഡിഗ്രി സെൽഷ്യസ് ചൂട് വരെ താങ്ങാൻ കഴിയുന്ന കൂട്ടത്തിലാണ് പൂച്ചകൾ. കുടിക്കാൻ പച്ചവെള്ളം കിട്ടിയില്ലെങ്കിൽ ഉപ്പുവെള്ളം കുടിക്കാൻ പോലും ഇവർക്ക് മടിയില്ല. പക്ഷേ മധുരം രുചിക്കാനുള്ള കഴിവ് പൂച്ചകൾക്കില്ല. നടത്തമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മുന്നിലെ കാലെടുത്ത് വെക്കുന്ന അതേ സ്ഥാനത്ത് തന്നെയാകും അവ പിന്നിലെ കാലുമെടുത്ത് വെക്കുന്നത്. ഇത്തരത്തിൽ നടക്കുന്നതാണ് 'ക്യാറ്റ് വോക്ക്' എന്ന പേരിൽ പ്രസിദ്ധമായത്.

* രണ്ട് മാസം വരെയാണ് ഇവരുടെ ഗർഭകാലയളവ്. ഒറ്റ പ്രസവത്തിൽ മൂന്നു മുതൽ അഞ്ച് കുട്ടികൾ വരെയുണ്ടാകും. ഒരു വർഷം മൂന്നു തവണ വരെ ഇവ പ്രസവിക്കും. അതായത് പത്തു വർഷത്തെ ജീവിത കാലയളവിൽ കുറഞ്ഞത് 150 പൂച്ചക്കുട്ടികൾക്കെങ്കിലും പെൺപൂച്ചകൾ ജന്മം നൽകിയിട്ടുണ്ടാകും. 12-15 വയസ്സ് വരെയാണ് പൂച്ചകളുടെ ശരാശരി ആയുസ്സ്.

Content Highlights: Facts about cats for kids