പൂവിൽ നിന്ന് പൂവിലേക്ക് പറന്ന് തേൻ നുകരുന്ന ചിത്രശലഭങ്ങളെ കാണുന്നത് തന്നെ കണ്ണിന് കുളിർമ നൽകുന്ന ദൃശ്യങ്ങളിലൊന്നാണ്. വർണങ്ങളുടെ വശ്യതയിൽ മയങ്ങി പിടിക്കാനാഞ്ഞാൽ കുഞ്ഞിച്ചിറകുമായിപ്പറന്നുപോകുന്ന ശലഭങ്ങളെക്കുറിച്ച് ചില വിവരങ്ങളറിയാം.

* ലോകത്താകമാനം 20,000-ത്തിൽപ്പരം ചിത്രശലഭ വർഗങ്ങളുണ്ടെന്നാണ് കണക്ക്. ഷഡ്പദങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുന്നതെങ്കിലും മറ്റുള്ളവ ഷഡ്പദങ്ങളെ അപേക്ഷിച്ച് ഇവയൊരൽപം 'കളർഫുള്ളാ'ണ്. നാലു ചിറകുകളാണ് ചിത്രശലഭങ്ങൾക്കുള്ളത്. ഓരോ വർഗങ്ങൾക്കുമനുസരിച്ച് ചിറകിന്റെ നിറത്തിലും വലിപ്പത്തിലും മാറ്റം വന്നുകൊണ്ടിരിക്കും. ഈ നിറങ്ങളാണ് ഇണകളെ ആകർഷിക്കാൻ സഹായിക്കുന്നത്. പെൺശലഭങ്ങളെ അപേക്ഷിച്ച് ആൺ ശലഭങ്ങൾക്കാണ് ആകർഷണീയത കൂടുതൽ. പൂക്കളിലെ തേനാണ് മിക്ക ചിത്രശലഭങ്ങളുടേയും പ്രധാന ഭക്ഷണം. ഇവയ്ക്ക് കാലുകളിലൂടെ സ്വാദ് തിരിച്ചറിയാം. ദാഹിക്കുമ്പോൾ ചെറിയ വെള്ളക്കെട്ടുകളിൽ നിന്ന് വെള്ളം കുടിക്കുന്ന ശീലവും ഇവയ്ക്കുണ്ട്. ട്യൂബു പോലെയുള്ള നാവാണ് ഇവരെ ഇതിന് സഹായിക്കുന്നത്.

* മുട്ട, ലാർവ, പ്യൂപ്പ, ശലഭം എന്നിങ്ങനെ നാലുഘട്ടങ്ങളിലൂടെ കടന്നാണ് ഓരോ ചിത്രശലഭവും രൂപപ്പെടുന്നത്. ചെടികളുടെ ഇലകളിലാണ് ചിത്രശലഭങ്ങൾ മുട്ടയിടുന്നത്. മുട്ട അടർന്നുപോകാതിരിക്കാൻ പ്രത്യേകതരം പശയും ഈ മുട്ടകളിലുണ്ടാകും. ഈ മുട്ട വിരിഞ്ഞ് ചെറിയ പുഴുക്കളുണ്ടാകുന്നു. ഇലകളാകും ഇവയുടെ പ്രധാന ഭക്ഷണം. ഇവ പൂർണ വളർച്ചയെത്തിയ ശേഷം ഇല കൂടുപോലെയാക്കി അതിനുള്ളിലേക്ക് കയറും. ഇത് ലാർവയെന്ന് അറിയപ്പെടുന്നു. പതിയെ ഈ ലാർവ വളർന്ന് ചിത്രശലഭമായി മാറും.

* ശരീര താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിൽ മാത്രമേ ഇവയ്ക്ക് പറക്കാനാകൂ. താപനില 10 ഡിഗ്രിയിൽ താഴെയാണെങ്കിൽ ഇവയ്ക്ക് ചലിക്കാനാകില്ല. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽവരെ ഇവർക്ക് പറക്കാനാകും. ശ്വാസകോശമില്ലാത്ത ജീവികളാണിവ. വയറിന് താഴെ ഭാഗത്തായുള്ള സുഷിരങ്ങൾ വഴിയാണ് ഇവ ശ്വസിക്കുന്നത്. മൂന്നു മുതൽ ആറു മീറ്റർ ദൂരത്തിനുള്ളിലുള്ള കാഴ്ചകൾ മാത്രമേ ഇവയ്ക്ക് കാണാനാകൂ. ഒന്നു മുതൽ 11 ഇഞ്ച് വരെ വലിപ്പമുള്ള ചിത്രശലഭങ്ങളുണ്ട്. മൂന്നു ദിവസം മുതൽ 11 മാസം വരെ ജീവിക്കുന്ന ചിത്രശലഭങ്ങളുണ്ട്. പെൺശലഭങ്ങൾ ആൺശലഭങ്ങളെക്കാൾക്കാലം ജീവിക്കും.

* അഞ്ചുകോടിയിൽപ്പരം വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ജീവജാലമാണിത്. തണുപ്പേറിയ ധ്രുവപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ഇവയെക്കാണാം. പക്ഷികളുടേതിന് സമാനമായി കാലാവസ്ഥ മാറുമ്പോൾ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളാണ് മൊണാർക്ക് ശലഭങ്ങൾ. തവളകൾ, കടന്നൽ തുടങ്ങിയ ജീവികൾ ഇവയെ ആക്രമിക്കാറുണ്ട്.

Content Highlights: Facts about Butterflies for kids