ളിപ്പാട്ടങ്ങളുടെ കൂട്ടത്തിൽ ഒരു ടെഡി ബെയർ പോലുമില്ലാത്ത കുട്ടികൾ കുറവായിരിക്കും. വന്യജീവിയായ കരടിയാണ് ടെഡി ബെയറിന്റെ രൂപത്തിന് പിന്നിൽ. ഈ കരടികളെക്കുറിച്ചുള്ള ചില രസകരമായ വിശേഷങ്ങളറിഞ്ഞാലോ.

* ലോകത്താകമാനം എട്ട് കരടി വർഗങ്ങളാണുള്ളത്. ഹിമക്കരടിയും ഭീമൻപാണ്ടയുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. കരടി വർഗങ്ങൾക്കെല്ലാം ശരീരത്തിൽ രണ്ട് പാളിയായി രോമമുണ്ടാകും. ആദ്യപാളി ശരീരത്തെ ചൂടാക്കി വെക്കാൻ സഹായിക്കുമ്പോൾ രണ്ടാമത്തെപാളി ശരീരത്തിലെ വെള്ള നനവ് ഒഴിവാക്കാൻ സഹായിക്കുന്നു. ഭീമൻ പാണ്ട, ഹിമക്കടരി എന്നിവയൊഴികെയുള്ള കരടികൾക്ക് ജനിക്കുമ്പോൾ രോമമുണ്ടാകാറില്ല.

* ഓരോ വർഗത്തിനനുസരിച്ച് ഇവയുടെ ഭക്ഷണ രീതിയിലും മാറ്റമുണ്ട്. ഹിമക്കരടികൾ മാംസ്യഭുക്കാണെങ്കിൽ ഭീമൻപാണ്ട സസ്യഭുക്കാണ്. മറ്റ് കരടികൾ മിശ്രഭുക്കുകളാണ്. തേൻ ഇവയുടെ ഇഷ്ടഭക്ഷണമാണ്. മണം പിടിക്കാൻ അപാര കഴിവാണിവയ്ക്ക്. കഥകളിലും മറ്റും മണം പിടിച്ച് മനുഷ്യരെ കണ്ടെത്തുന്ന കരടികളെപ്പറ്റിപ്പറയുന്നത് സത്യമാണെന്ന് ചുരുക്കം. ഘ്രാണശക്തിയ്ക്ക് പുറമേ മികച്ച കാഴ്ചശക്തിയും കേൾവിയും രുചി തിരിച്ചറിയാനുള്ള ശക്തിയുമുണ്ടിവയ്ക്ക്. നിറം തിരിച്ചറിയാനും ഇവർക്ക് സാധിക്കും.

* വലിയ തലച്ചോറുള്ള ഇവർ മനുഷ്യരേക്കാൾ ബുദ്ധിയുള്ളവരാണ്. മികച്ച ഓർമശക്തിയും ആയുധങ്ങളുടെ ഉപയോഗവുമെല്ലാ ഇവയുടെ പ്രത്യേകതകളാണ്. വികാരങ്ങൾ പ്രകടിപ്പിക്കുന്ന ജീവികൾ കൂടിയാണ് കരടികൾ. കൂട്ടാത്തിലെ ആർക്കെങ്കിലും അപകടം സംഭവിച്ചാൽ ഇവ കരയും. അവരെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലാക്കാൻ മടിയില്ലിവയ്ക്ക്.

* ചില കരടികൾക്ക് മഞ്ഞുകാലമാകുമ്പോൾ സുഷുപ്തിയിലേക്ക് പോകുന്ന ശീലമുണ്ട്. ഇത്തരക്കാർക്ക് 100 ദിവസം വരെ വെള്ളമോ ഭക്ഷണമോ കഴിക്കാതെ, മല-മൂത്ര വിസർജനം നടത്താതെ കഴിയാനാകും. വേനൽക്കാലത്ത് ശരീരത്തിൽ ശേഖരിച്ച് വെച്ച കൊഴുപ്പുപയോഗിച്ചാകും ഇവയുടെ ശാരീരിക പ്രവർത്തനങ്ങൾ നടക്കുക.

* ആറു മുതൽ ഒമ്പത് മാസം വരെയാണ് ഇവയുടെ ഗർഭകാലയളവ്. ഒറ്റ പ്രസവത്തിൽ ഒന്നു മുതൽ നാല് കരടിക്കുട്ടികൾ വരെയുണ്ടാകാറുണ്ട്. ഇവ ജനിച്ച് മൂന്നു വർഷമാകുന്നത് വരെ അമ്മയ്ക്കൊപ്പമാകും. 25 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. സംരക്ഷിത കേന്ദ്രങ്ങളിൽ വളരുന്നവ 50 വയസ്സുവരെ ജീവിക്കാറുണ്ട്.

Content Highlights: Facts about Bears for kids