ധ്രുവ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന പക്ഷികളാണ് പെൻഗ്വിനുകളെന്ന് കൂട്ടുകാർക്കറിയാമല്ലോ? പക്ഷികളാണെങ്കിലും സാധാരണ പക്ഷികളുടെ രൂപമില്ലാത്ത ഇക്കൂട്ടരിലെ വമ്പന്മാരാണ് ചക്രവർത്തി പെൻഗ്വിനുകൾ. ഇവരാണിപ്പോൾ വാർത്തകളിൽ നിറയുന്നത്. അന്റാർട്ടിക്കയിൽ മുൻപുണ്ടായിരുന്നതിനേക്കാൾ ചക്രവർത്തി പെൻഗ്വിൻ കോളനികളുണ്ടെന്നാണ് പുതിയ വാർത്ത.

ബ്രിട്ടീഷ് അന്റാർട്ടിക് സർവേയാണ് ഇത്തരമൊരു വിവരം ലോകത്തെ അറിയിച്ചത്. മുൻപ് 50 കോളനികൾ ഉണ്ടായിരുന്നിടത്തിപ്പോൾ 61 കോളനികളാണുള്ളതെന്ന് ബ്രിട്ടീഷ് അന്റാർട്ടിക് സർവേ വ്യക്തമാക്കി. നേരത്തെയുണ്ടായിരുന്നതിനേക്കാൾ 11 എണ്ണം കൂടുതൽ. യൂറോപ്പിന്റെ സെന്റിനൽ-2 ഉപഗ്രഹം ദൃശ്യങ്ങളാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്താൻ അവരെ സഹായിച്ചത്. അന്റാർട്ടിക് വൻകരയുടെ ഉപരിതലത്തിൽക്കണ്ട പ്രത്യേക തരം അടയാളങ്ങളാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരൽചൂണ്ടിയത്.

താപനില -50 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള വിജനമായ പ്രദേശങ്ങളിൽ ജീവിക്കുന്ന ജീവികളാണ് ചക്രവർത്തി പെൻഗ്വിനുകൾ. ആഗോള താപനം മൂലം ഇവയുടെ എണ്ണം കുറയുന്നുവെന്ന ആശങ്കകൾക്ക് പിന്നാലെയാണ് ഇത്തരമൊരു വാർത്ത പുറത്തു വന്നിരിക്കുന്നത്. കോളനികളുടെ എണ്ണം കൂടിയത് ശുഭവാർത്തയാണെങ്കിലും ജീവികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകാൻ സാധ്യതയില്ലെന്ന് ഗവേഷകർ പറഞ്ഞു. ഐസുപാളികൾക്ക് സമീപമുള്ള കടലോരത്താണ് ഈ കോളനികൾ ദൃശ്യമായിരിക്കുന്നത്. അതുകൊണ്ട് തന്നെ അവയുടെ അതിജീവന സാധ്യത കുറവാണ്. അതേസമയം ഉപഗ്രഹദൃശങ്ങൾക്ക് പുറമേ കൂടുതൽ പഠനങ്ങൾ നടത്തിയാലേ നിജസ്ഥിതി അറിയാനാകൂ എന്ന നിലപാടിലാണ് ഒരു വിഭാഗം ഗവേഷകർ.

Content Highlights: European satellite spots 11 new Emperor penguin colonies