രയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ് ആനകൾ. മുറം പോലെ വലിയ ചെവിയും കൊമ്പും നീളമുള്ള തുമ്പിക്കൈയ്യുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്. കാഴ്ചയിൽ ഭീകരന്മാരെന്ന് തോന്നുമെങ്കിലും അടുത്തുകഴിഞ്ഞാൽ ഏറെ സ്നേഹത്തോടെ പെരുമാറുന്ന നമ്മുടെ ഗജവീരന്മാരെക്കുറിച്ച് കുറച്ച് കാര്യങ്ങളറിഞ്ഞാലോ?

* പ്രധാനമായും ഏഷ്യൻ ആന, ആഫ്രിക്കൻ ആന എന്നിങ്ങനെ രണ്ടുതരം ആനകളാണ് ലോകത്തുള്ളത്. ആഫ്രിക്കൻ കൊമ്പനാനകൾക്ക് മൂന്നു മീറ്റർ വരെ ഉയരവും 4000-7500 കിലോഗ്രാം ഭാരവുമുണ്ടാകും. എന്നാൽ ഏഷ്യൻ ആനകൾ ഇവയെക്കാൾ ചെറുതാണ്. അവയ്ക്ക് 2.7 മീറ്റർ നീളവും 3000-6000 കിലോഗ്രാം വരെ ഭാരവുമാണ് ഉള്ളത്. കേരളത്തിന്റെ സംസ്ഥാന മൃഗമാണിത്.

* കൂട്ടമായി സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടർ. പിടിയാനകളാകും മിക്കവാറും ഇങ്ങനെ കൂട്ടമായി ഇറങ്ങുക. എട്ടു മുതൽ 100 ആനകൾ വരെയുള്ള ഈ കൂട്ടത്തിൽ ചെറിയ ആനക്കുട്ടികളും ഉണ്ടാകും. 12-15 വയസ്സാകുമ്പോഴേക്കും ആൺ കുട്ടിയാനകൾ മറ്റ് കൊമ്പനാനകൾക്കൊപ്പമാകും സഞ്ചാരം.

* ജലസ്രോതസ്സുകളാണ് ഇവയുടെ ഇഷ്ടയിടം. നദിയിലെ വെള്ളത്തിലിറങ്ങി മണിക്കൂറുകളോളം നീരാടുന്നതാണ് ഇവയ്ക്കേറെ ഇഷ്ടപ്പെട്ട വിനോദം. വെള്ളത്തിലൂടെ അനായാസേന നീന്താൻ കഴിയുന്ന ഇവയ്ക്ക് തുമ്പിക്കൈയുപയോഗിച്ച് ശ്വസിക്കാനും കഴിയും. കുളി കഴിഞ്ഞ് സൂര്യതാപത്തിൽ നിന്ന് രക്ഷപെടാൻ ശരീരത്തിലേക്ക് മണ്ണ് കുടഞ്ഞിടുന്നതും ഇവയുടെ ശീലമാണ്.

* ശരിക്കുമൊരു ഭക്ഷണപ്രിയനാണ് നമ്മുടെ ആനകൾ. ഒരു ദിവസം 12 മുതൽ 18 മണിക്കൂർ വരെ സമയം ഭക്ഷണം കഴിക്കാനായി ഇവർ ചിലവാക്കും. തുമ്പിക്കൈകൊണ്ട് എവിടെയൊക്കെ ഭക്ഷണമുണ്ടെന്ന മണത്തറിയാൻ ആനകൾക്ക് കഴിയും. ഇവയ്ക്ക് ഉയരത്തിലേക്ക് ചാടാനാകില്ല. ശരീരത്തിന്റെ അമിതഭാരം കാരണമാണിത്. ഇവയ്ക്ക് തേനീച്ചകളെ പേടിയാണ്.

* മികച്ച ഓർമ ശക്തിയുള്ള ജീവി കൂടിയാണ് ആന. 1999-ൽ ടെന്നിസിയിലെ ഒരു വന്യജീവി സങ്കേതത്തിൽ നടന്ന സംഭവം ഇതിന് ഉദാഹരണാണ്. വന്യജീവി സങ്കേതത്തിലെത്തിയ ഷേർലി എന്ന ഏഷ്യൻ ആനയുമായി ജെന്നിയെന്ന ആഫ്രിക്കൻ ആന വളരെ വേഗം അടുത്തു. സാധാരണ രണ്ടാനകൾത്തമ്മിൽ അത്രവേഗം അടുക്കാറില്ല. ഇതെന്താ ഇങ്ങനെയെന്ന് അൽഭുതപ്പെട്ട അധികൃതർ രണ്ട് ആനകളുടേയും പശ്ചാത്തലം പരിശോധിച്ചു. ലഭിച്ചതോ ഞെട്ടിക്കുന്ന വിവരം. 23 വർഷങ്ങൾക്ക് മുൻപ് രണ്ടുപേരും ഒരു സർക്കസ് കൂടാരത്തിൽ ഒന്നിച്ചുണ്ടായിരുന്നു. ആ സൗഹൃദമാണത്രേ അവർ വീണ്ടും പുതുക്കിയത്.

* 22 മാസമാണ് ആനയുടെ ഗർഭകാലയളവ്. പ്രസവിക്കുമ്പോൾത്തന്നെ പൂർണ വളർച്ചയെത്തിയ തലച്ചോറായതിനാൽ ജനിച്ചയുടൻ തന്നെ ആനക്കുട്ടിക്ക് നടക്കാനും സ്വയം ഭക്ഷണം കഴിക്കാനുമെല്ലാം സാധിക്കും. 70 വർഷം വരെയാണ് ആനകളുടെ ശരാശരി ആയുസ്സ്. അതിൽകൂടുതൽക്കാലം ജീവിക്കുന്ന ആനകളും ഉണ്ട്.

Content Highlights: Elephant Facts for kids