ചെറിയ കുട്ടികളോട് വളർത്തുമൃഗങ്ങൾക്ക് പ്രത്യേക ഇഷ്ടമാണുള്ളത്. അവർക്കൊപ്പം നടക്കാനും അവർ ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കാനുമെല്ലാം എപ്പോഴും മുൻപന്തിയിലുണ്ടാകും ഇക്കൂട്ടർ. അത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ട് നായ്ക്കുട്ടികളും അവർക്കു മുന്നിൽ നിന്ന് പഞ്ചാബി നൃത്തമായ ഭാംഗ്റ കളിക്കുന്ന ബാലനുമാണ് ഈ വീഡിയോയിലെ താരങ്ങൾ. ഒരു ഗേറ്റിന് അപ്പുറവും ഇപ്പുറവുമാണ് രണ്ടു കൂട്ടരുടേയും നിൽപ്. അടച്ചിട്ട ഗേറ്റിന് അപ്പുറത്ത് നിന്ന് ബാലൻ ഭാംഗ്റ കളിക്കുമ്പോൾ ഗേറ്റിന് മറുവശത്തു നിന്ന് ചാടിക്കൊണ്ട് അതനുകരിക്കുന്ന നായ്ക്കുട്ടികളെ വീഡിയോയിൽ കാണാം.

ബാലൻ നൃത്തമവസാനിപ്പിക്കുമ്പോൾ നായ്ക്കുട്ടികളും ചാട്ടമവസാനിപ്പിക്കും. ബാലൻ വീണ്ടും നൃത്തം ചെയ്യുമ്പോൾ അവർ വീണ്ടും ചാടുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ദൃശ്യം പകർത്തുന്നയാൾ ഇവരുടെ നൃത്തം കണ്ട് പൊട്ടിച്ചിരിക്കുന്നതും പശ്ചാത്തലത്തിൽ കേൾക്കാം.

വിനേഷ് കട്ടാരിയയെന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോ 17 ലക്ഷത്തിലധികം ആൾക്കാരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. 49-സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് താഴെ രസകരമായ പ്രതികരണങ്ങളാണ് നിറയുന്നത്. ആ ഗേറ്റ് തുറന്ന് രണ്ട് കൂട്ടരേയും ഒന്നിച്ച് നൃത്തം ചെയ്യാൻ അനുവദിക്കണമെന്നതാണ് പലരുടേയും പ്രധാന ആവശ്യം.

Content Highlights: Dogs reaction to kid's Bhangra moves has gone viral, viral video