സമൂഹമാധ്യമങ്ങളിൽ വരുന്ന വീഡിയോകളിലെ താരങ്ങളാണ് വളർത്തുപട്ടികളും പൂച്ചകളും. അവയുടെ രസകരമായ പ്രവൃത്തികൾ കാഴ്ചക്കാരിൽ ചിരി പടർത്തുന്നവയുമാണ്. ഇത്തരത്തിൽ ഒരു പട്ടിയുടെയും പൂച്ചയുടെയും വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്. പൂച്ചയുമായി സൗഹൃദത്തിലാകാൻ ശ്രമിക്കുകയാണ് പട്ടി. എന്നാൽ പൂച്ച കൂട്ടുകൂടാൻ ഒട്ടും താല്പര്യമില്ലാത്ത മട്ടിലാണ് നില്പ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് വീഡിയോദൃശ്യങ്ങൾ കാഴ്ചക്കാരിൽ ചിരിയുണർത്തുന്നതാണ്. ആദ്യ വീഡിയോയിൽ പൂച്ചയും നായയും കിടക്കയിൽ ഇരിക്കുന്നത് കാണാം. ശേഷം പട്ടി പ്രത്യേക ശബ്ദത്തിൽ മുരളുകയും ഇത് കേട്ട് പേടിച്ച പൂച്ച അവിടെ നിന്ന് സ്ഥലം വിടാൻ ശ്രമിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വീഡിയോയിൽ നായ എഴുന്നേറ്റ് പൂച്ചയുടെ അടുത്തേക്കെത്താൻ ശ്രമിക്കുന്നു. ഉടനെ പൂച്ച നായയെ ആക്രമിക്കാനെന്ന മട്ടിൽ മുന്നോട്ട് വരുന്നു.
പട്ടി പേടിച്ച് അവിടെത്തന്നെ കിടക്കുന്നു. പൂച്ച താഴേക്ക് ഓടിപ്പോകുന്നു. നായ പിന്തുടരാൻ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. പൂച്ചയുടേയും നായയുടേയും മുഖത്തെ ഭാവവ്യത്യാസങ്ങളും പേടിയുമെല്ലാം ഏറെ ചിരിപ്പിക്കുന്നതാണ്. വീഡിയോ കണ്ട കാഴ്ചക്കാരിൽ ചിലർ 'എന്റെ വീട്ടിലെ പൂച്ചയും ഇങ്ങനെയാണ്' തുടങ്ങിയ രസകരമായ കമന്റുകളാണ് പങ്കുവെക്കുന്നത്.
Content highlights :dog trying to befriend a cat viral video