ഒരു സ്കേറ്റ്ബോർഡ് മുന്നിൽകൊണ്ടുവന്ന് വച്ചാൽ കാലുതെന്നി വീണുപോകുമോയെന്ന് പേടിച്ച് അതിലൊന്നു കയറാൻ പോലും മടിക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങനെയുള്ള നമ്മുടെ മുന്നിലൂടെ ഒരു നായ സ്കേറ്റിങ് ചെയ്താലോ? ഇതൊക്കെ നടക്കുന്ന കാര്യമാണോയെന്ന് പുച്ഛിച്ച് തള്ളാൻ വരട്ടെ. അങ്ങനെയൊരു നായയുടെ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

ഒരു സ്കേറ്റ്ബോർഡിൽ കയറിൽ റോഡിലൂടെ സഞ്ചരിക്കുന്ന നായയാണ് ശരിക്കും വീഡിയോയിലെ താരം. യാതൊരു കൂസലുമില്ലാതെ അനായാസേനയാണ് നായയുടെ സഞ്ചാരം. റോഡിനിരുവശത്തുമുള്ളവർ നായയെ നോക്കിനിൽക്കുന്നതും വീഡിയോ പകർത്തുന്നതുമെല്ലാം ദൃശ്യത്തിൽ കാണാം.

സ്കേറ്റ്ബോർഡിൽ കയറി വെറുതെയങ്ങ് റോഡിലൂടെ സഞ്ചരിക്കുകയല്ല നായ ചെയ്യുന്നത്. ഇടയ്ക്ക് ബോർഡൊന്ന് സാവധാനത്തിലാക്കി നിർത്തി, വീണ്ടും യാത്ര തുടർന്ന് തന്റെ സ്കേറ്റിങ് പാടവം കാണിക്കാനും നായ മടിക്കുന്നില്ല. ഇത് കണ്ട് ചുറ്റുമുള്ളവർ അൽഭുതത്തോടെ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായ റെക്സ് ചാപ്മാനാണ് തന്റെ ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്. അഞ്ച് ലക്ഷത്തിലധികം പേരാണ് 36 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഇത്ര നന്നായി സ്കേറ്റിങ് ചെയ്ത നായയെ അഭിനന്ദിക്കുകയാണ് സൈബർ ലോകം മുഴുവൻ. തങ്ങളെക്കാൾ നന്നായി സ്കേറ്റ്ബോർഡ് ഉപയോഗിക്കുന്ന നായ ശരിക്കുമൊരു മിടുക്കൻ തന്നെയെന്ന് പലരും പ്രതികരിച്ചു.

Content Highlights: Dog skateboards in a street, video goes viral