കാട്ടിലെ ഓട്ടമൽസരത്തിൽ മുയലിനെത്തോൽപ്പിച്ച് ഒന്നാമതെത്തിയ ആമയുടെ കഥ കൂട്ടുകാരെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? വിശ്രമിക്കാതെ ഓടി ജയിച്ച ആമയുടെ കുടുംബത്തിൽപ്പെട്ട ഒരു ഫുട്ബോൾക്കളിക്കാരനാണ് സോഷ്യൽ മീഡിയയിലിപ്പോൾ തരംഗം. ആർക്കൊപ്പമാണ് ഈ ആമക്കുട്ടന്റെ കളിയെന്നല്ലേ? ഒരു നായ്ക്കുട്ടിക്കൊപ്പം.

ഒരു ഫുട്ബോൾ പരസ്പരം തട്ടിക്കളിക്കുന്ന രണ്ടാളേയും വീഡിയോയിൽ കാണാം. പന്തുരുളുന്നിടത്തേക്ക് ഓടിയെത്തി അത് തലകൊണ്ട് തട്ടിക്കളിക്കുകയാണ് ആമ. ആമയുടെ പിന്നാലെ തന്നെ നമ്മുടെ നായ്ക്കുട്ടിയുമുണ്ട്. ഒരാൾ പന്ത് തട്ടിക്കഴിഞ്ഞാലുടൻ അടുത്താൾ അതിനായി ഓടുന്നത് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

'സിസിടിവി ഇഡിയറ്റ്സ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഒരു ലക്ഷത്തിലേറെ ആൾക്കാരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. രസകരങ്ങളായ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ചിലർ ഇത്ര വേഗത്തിൽ സഞ്ചരിക്കുന്ന ആമയെ കണ്ടതിന്റെ അൽഭുതം പങ്കുവെച്ചപ്പോൾ ചിലർക്ക് ഇഷ്ടമായത് രണ്ടാളും തമ്മിലുള്ള സൗഹൃദമാണ്.

Content Highlights: dog and tortoise playing football together video goes viral