ടുത്തകാലത്തായി കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അധികമഴ നൽകുന്ന ദുരന്തങ്ങൾ ഏറെയാണ്. പ്രളയമുണ്ടാകുമ്പോൾ ഓരോതവണയും ആവർത്തിച്ചുകേൾക്കുന്ന വാക്കുകളാണ് ഡാമുകളും അവയിലെ ജലസംഭരണ ശേഷിയുമെല്ലാം... ഇന്ത്യയിലെ പ്രധാന അണക്കെട്ടുകളെക്കുറിച്ചറിയാം...

ദേശീയ ഡാം രജിസ്റ്റർ പ്രകാരം ഇന്ത്യയിൽ 5190 വൻകിട ഡാമുകൾ ഉണ്ട്. പൊതുവേ 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള അണക്കെട്ടുകളെയാണ് വൻകിട അണക്കെട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽത്തന്നെ 69 അണക്കെട്ടുകൾ ദേശീയ പ്രാധാന്യമുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു.

* 100 മീറ്ററിൽ കൂടുതൽ ഉയരമോ അതല്ലെങ്കിൽ ഒരു ക്യുബിക് കിലോമീറ്ററിൽ (100 കോടി ഘനമീറ്റർ) കൂടുതൽ സംഭരണക്ഷമതയോ ഉള്ളതാണ് ദേശീയ പ്രാധാന്യമുള്ള അണക്കെട്ടുകൾ.

* നീളംകൊണ്ട് മുന്നിൽ നിൽക്കുന്നത് 25.8 കിലോമീറ്റർ ദൈർഘ്യമുള്ള ഒറീസയിലെ ഹിരാക്കുഡ് അണക്കെട്ടാണ്.

* തെലങ്കാനയിലെ ശ്രീരാം സാഗർ, മഹാരാഷ്ട്രയിലെ ജെയ്ക്ക്വാഡി, കർണാടകയിലെ ഹിഡ്കൽ, ഉത്തർപ്രദേശിലെ രാജ്ഘട്ട് ഡാമുകളുടെ നീളം പത്തുകിലോമീറ്ററിൽ കൂടുതലാണ്.

* ജലാശയത്തിന്റെ പ്രതലവിസ്തീർണം അഥവാ ജലപ്പരപ്പുകൊണ്ട് മുൻപന്തിയിൽ മധ്യപ്രദേശിലെ ഇന്ദിരാസാഗർ തന്നെ. പരമാവധി നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ 913 ചതുരശ്രകിലോമീറ്റർ പ്രദേശം അത് കീഴടക്കും.

* ഹിരാക്കുഡിന്റെ ജലപ്പരപ്പ് 743 ചതുരശ്ര കിലോമീറ്ററും സർദാർ സരോവറിൽ അത് 348 ചതുരശ്രകിലോമീറ്ററുമാണ്. നാഗാർജുന സാഗർ ജലപ്പരപ്പ് 285 ചതുരശ്രകിലോമീറ്റർ. 60 ചതുരശ്ര കിലോമീറ്ററാണ് നമ്മുടെ ഇടുക്കി അണക്കെട്ട് പൂർണമായും നിറഞ്ഞ അവസ്ഥയിൽ ജലാശയത്തിന്റെ വിസ്തീർണം.

* വൃഷ്ടിപ്രദേശം ( Catchment area) ഏറ്റവും കൂടുതലുള്ളത് കൃഷ്ണാനദിയിൽ പണിതിരിക്കുന്ന നാഗാർജുന സാഗർ അണക്കെട്ടിനാണ്. 2,14,185 ചതുരശ്ര കി.മീ.

അണക്കെട്ടുകളുടെ സംഭരണശേഷി രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് സിസ്റ്റം പ്രകാരം ടി.എം.സി. (Thousand Million Cubic feet) അല്ലെങ്കിൽ മെട്രിക് സിസ്റ്റം അനുസരിച്ച് എം.സി.എം (Million Cubic meter) എന്നീ ഏകകങ്ങളിലാണ്.

എം.സി.എം.

ഒരേക്കർ സ്ഥലത്ത് ഒരടി ഉയരത്തിൽ വെള്ളം കെട്ടി നിർത്തിയാൽ അത് 43,560 ഘനയടി ഉണ്ടാകും. അങ്ങനെ 22.96 ഏക്കർ ഭൂമിയിൽ ഒരടി ഉയരത്തിൽ നിൽക്കുന്ന ജലത്തിന്റെ അളവാണ് ദശലക്ഷം ഘനയടി.

ടി.എം.സി.

22.96 ഏക്കർ സ്ഥലത്ത് ആയിരം അടി ഉയരത്തിലോ അല്ലെങ്കിൽ 22,960 ഏക്കർ ഭൂമിയിൽ ഒരടി ഉയരത്തിലോ ഉൾക്കൊള്ളാവുന്ന അളവാണ് ഒരു ടി.എം.സി. അതായത് തൗസൻഡ് മില്യൺ ക്യുബിക് ഫീറ്റ്. മെട്രിക് സിസ്റ്റം പ്രകാരം ഇത് 28.317 ദശലക്ഷം ഘനമീറ്റർ അഥവാ 28.317 എംസിഎം.

സംഭരണക്ഷമതയിൽ മുമ്പൻ

* മധ്യപ്രദേശിലെ നർമദാ നദിയിൽ പണിതിരിക്കുന്ന ഇന്ദിരാ സാഗർ ജലാശയമാണ് സംഭരണക്ഷമതയിൽ മുമ്പൻ. സംഭരണശേഷി- 430.84 ടി.എം.സി.

* തെലങ്കാനയിലെ നാഗാർജുന സാഗർ - 408.24 ടി.എം.സി.

* ഗുജറാത്തിലെ സർദാർ സരോവർ- 335.49 ടി.എം.സി. (9.50 ക്യുബിക് കിലോമീറ്റർ )

* ഹിമാചൽപ്രദേശിലെ ഭക്രാനംഗൽ (ഗോവിന്ദ് സാഗർ)- 326.78 ടി.എം.സി.

* ഒഡിഷയിലെ ഹിരാക്കുഡ് - 208.22 ടി.എം.സി.

* കേരളത്തിൽ ഇടുക്കി, കുളമാവ്, ചെറുതോണി എന്നീ മൂന്ന് അണക്കെട്ടുകളും ചേർന്ന് ഒരുക്കുന്ന പൊതുജലാശയത്തിന്റെ പരമാവധി സംഭരണശേഷി -70.5 ടി.എം.സി.

* മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണ ശേഷി 15.66 ടി.എം.സി.യാണ്. അതായത് 22960 ഏക്കർ സ്ഥലത്ത് പതിനഞ്ച് അടി ആറിഞ്ച് ഉയരത്തിൽ ഉൾക്കൊള്ളാവുന്ന അത്രയും ജലം.

മുമ്പൻ മഹാരാഷ്ട്ര

ഏറ്റവും കൂടുതൽ വൻകിട അണക്കെട്ടുകൾ മഹാരാഷ്ട്രയിലാണ്.

* മഹാരാഷ്ട്ര 1845

* മധ്യപ്രദേശ് 906

* ഗുജറാത്ത് 632

* ഛത്തീസ്ഗഢ് 258

* കർണാടക 231

* രാജസ്ഥാൻ 211

* ഒഡിഷ 204

* തെലങ്കാന 182

* ആന്ധ്ര 167

* കേരളം 62

ഇതിൽ കക്കി, ഇടുക്കി, ചെറുതോണി, കുളമാവ്, ഇടമലയാർ എന്നിങ്ങനെ അഞ്ചെണ്ണം ദേശീയ പ്രാധാന്യമുള്ളതാണ്.

ഉയരത്തിൽ മുമ്പൻ

അണക്കെട്ടുകളുടെ ഉയരത്തിൽ മുന്നിട്ട് നിൽക്കുന്നത് പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ നിരന്തരമാധ്യമശ്രദ്ധ നേടിയ ഉത്തരാഖണ്ഡിലെ തെഹ്രി അണക്കെട്ട് തന്നെ.

* തെഹ്രി 260 മീറ്റർ

* ഭക്രാനംഗൽ 226 മീറ്റർ

* സർദാർ സരോവർ 163 മീറ്റർ

* ഇടുക്കി 169 മീറ്റർ

(മഹാരാഷ്ട്ര ജലവിഭവ വകുപ്പിൽനിന്ന് വിരമിച്ച എൻജിനിയറാണ് ലേഖകൻ)

Content Highlights: Details about the dams in India