മുഷിഞ്ഞ സോക്‌സിന്റെ നാറ്റവും ആളുകളുടെ മാനസികനിലയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനത്തിന് അവാര്‍ഡ് ലഭിച്ചതായി കേട്ടിട്ടുണ്ടോ? അല്ലെങ്കില്‍, ആനയുടെ ഉപരിതല വിസ്തീര്‍ണം അളക്കാനുള്ള സൂത്രവാക്യം കണ്ടെത്തിയതിനെപ്പറ്റി? പോട്ടെ, ഒരു പുരാതനഗുഹയിലെ ചുമര്‍ചിത്രങ്ങള്‍ ചുരണ്ടിക്കളയാനുള്ള വിദ്യ കണ്ടെത്തിയതിന് പുരാവസ്തുശാസ്ത്ര അവാര്‍ഡ് കിട്ടിയതിനെപ്പറ്റിയോ? ഇതൊന്നും ഒരു രസത്തിന് വേണ്ടി പറഞ്ഞതല്ല കേട്ടോ. അമേരിക്കയിലെ ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടന വര്‍ഷംതോറും നല്‍കിവരുന്ന സമ്മാനങ്ങളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. നൊബേല്‍ സമ്മാനത്തിന്റെ പാരഡി എന്നാണ് ഇഗ്‌നൊബേല്‍ അറിയപ്പെടുന്നത്. അസംബന്ധമെന്ന് പലര്‍ക്കും തോന്നാവുന്ന കാര്യങ്ങളെപ്പറ്റി ഗവേഷണം നടത്തലാണ് ഈ സംഘടനയുടെ പണി. അങ്ങനെയാണ് 1991-ല്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങള്‍ക്ക് ഇഗ്‌നൊബേല്‍ അവാര്‍ഡുകള്‍ കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്. 

ആദ്യം താക്കീത്, അതുകഴിഞ്ഞ് സമ്മാനം

ignobel trophyഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം,സാമ്പത്തികശാസ്ത്രം തുടങ്ങിയ സാദാ നൊബേല്‍ വിഷയങ്ങള്‍ക്കുപുറമെ  ഗണിതശാസ്ത്രം, മൃഗവൈദ്യം. പൊതുജനാരോഗ്യം, എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, ഗതാഗതം തുടങ്ങി ഒത്തിരി വിഷയങ്ങളില്‍ ഇഗ്‌നൊബേല്‍ പുരസ്‌കാരം നല്‍കാറുണ്ട്. പക്ഷേ ഒറ്റ കണ്ടീഷന്‍ മാത്രം. ഇനി ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങളുമായി ഈ വഴി വരരുത് എന്ന് സമ്മാനത്തോടൊപ്പം താക്കീതും ഉണ്ടാകും. യഥാര്‍ഥ നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്ന അതേസമയത്ത് തന്നെയാണ് ഇഗ്‌നൊബേലിന്റെ ചടങ്ങുകളും നടത്താറ്. ഹാര്‍വാഡ് സര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന വര്‍ണശബളമായ ചടങ്ങില്‍ വെച്ചാണ് ഈ മഹത്തായ 'വട്ടന്‍ കണ്ടുപിടിത്ത'ങ്ങളെ ആദരിക്കുന്നത്. യഥാര്‍ഥ നൊബേല്‍സമ്മാന ജേതാക്കളെ തന്നെയാണ് പുരസ്‌കാരം നല്‍കാന്‍ ക്ഷണിക്കാറുള്ളത് എന്നതാണ് ബഹുരസം!

ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന അസാധാരണ കണ്ടുപിടിത്തങ്ങള്‍ക്കേ ഇഗ്‌നൊബേല്‍ അവാര്‍ഡ് കിട്ടുകയുള്ളൂ. 'അപകീര്‍ത്തി' എന്ന അര്‍ഥം വരുന്ന Ignoble എന്ന വാക്കില്‍ നിന്നാണ് ഇഗ്‌നൊബേല്‍ എന്ന പേരുണ്ടായത്. ഇഗ്‌നൊബേല്‍ പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് യഥാര്‍ഥ നൊബേല്‍ ചടങ്ങുകളുമായി കാര്യമായ വ്യത്യാസം കാണും. എല്ലാവരും പലതരം കോമാൡവേഷങ്ങള്‍ ധരിച്ചിരിക്കും. കൂടാതെ സമ്മാനം കൊടുക്കുന്നയാളും വാങ്ങുന്നയാളും കാണികളുമൊക്കെ ചിരിച്ച് ചിരിച്ച് വശംകെട്ട് ഒരുവിധമായിട്ടുണ്ടാകും. 

ജപ്പാനില്‍ നിന്ന് സ്പീച്ച് ജാമര്‍

schwab
ഷ്വാബ്

'മരംകൊത്തികള്‍ക്ക് എന്തുകൊണ്ട് തലവേദന വരുന്നില്ല ?' എന്ന    കണ്ടുപിടിത്തത്തിനാണ് ഷ്വാബ് എന്ന ശാസ്ത്രജ്ഞന്‍ പക്ഷിശാസ്ത്രത്തില്‍ ഇഗ്‌നൊബേല്‍ നേടിയത്. 2006-ല്‍ ആയിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. 2012-ല്‍ പൊതുജനാരോഗ്യത്തില്‍ ഇഗ്‌നൊബേല്‍ നേടിയ കണ്ടുപിടിത്തം എന്താണെന്നോ ? സ്പീച്ച് ജാമര്‍ എന്ന ഉപകരണം. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍  എന്‍ജിനിയര്‍മാരായ കസുട്ടാക കുരിഹര, കോജി സുക്കാഡ എന്നിവരാണ്   കണ്ടെത്തിയത്. എന്താണിതിന്റെ സൂത്രം എന്നു കേള്‍ക്കണ്ടേ? വായാടികള്‍, 

speech jammer
സ്പീച്ച് ജാമര്‍

പ്രസംഗം നിര്‍ത്താത്തവര്‍ തുടങ്ങി മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന എല്ലാവരേയും ഒരു പാഠം പഠിപ്പിക്കുന്നതിനുള്ള ഉപകരണമാണിത്. ഒരാളുടെ സംസാരം റെക്കോഡ് ചെയ്തശേഷം വേഗതയും ടോണുമെല്ലാം മാറ്റി ഈ ഉപകരണം ആവര്‍ത്തിക്കും. അതു കേള്‍ക്കുന്ന ആള്‍ പിന്നെ സംസാരം നിര്‍ത്തുമെന്ന് ഉറപ്പ്. 

ഇഗ്‌നൊബേല്‍ ഇന്ത്യക്കാര്‍ക്കും

ഈ വട്ടന്‍ സമ്മാനങ്ങള്‍ നേടുന്ന കാര്യത്തില്‍ ഇന്ത്യക്കാരും ഒട്ടും പുറകില്ല. 1998-ല്‍ സമാധാനത്തിനുള്ള ഇഗ്‌നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വോജ്‌പേയിയും പാക് പ്രധാനമന്ത്രിയായ നവാസ് ഷരീഫും ആയിരുന്നു. സമാധാനപരമായി രണ്ട് അണുബോംബ് വിസ്‌ഫോടനം നടത്തിയതിനായിരുന്നു സമ്മാനം. മലയാളികള്‍ക്കും കിട്ടിയിട്ടുണ്ട് ഈ പുരസ്‌കാരം. ഇന്ത്യന്‍ ആനകളുടെ ഉപരിതല വിസ്തീര്‍ണം കണ്ടുപിടിച്ചതിന് കെ.പി. ശ്രീകുമാര്‍, ജി. നിര്‍മ്മലന്‍ എന്നീ മലയാളി ഗവേഷകര്‍ക്ക് 2002-ലെ ഗണിതശാസ്ത്രത്തിനുള്ള ഇഗ് നൊബേല്‍ ലഭിച്ചിരുന്നു. ഇഗ്‌നൊബേല്‍ ഇപ്പോഴും നല്‍കിവരുന്നുണ്ട്.

Content highlights: curious things about ignobel prize